ചർച്ചയൊക്കെ കൊള്ളാം; പക്ഷേ സംഭരണത്തിന് വേഗമില്ല

Mail This Article
കുമരകം ∙ ചെങ്ങളം മാടേകാട് പാടശേഖരത്തെ കർഷകരെ വീണ്ടും പറ്റിച്ചു. കലക്ടർ ജോൺ വി. സാമുവൽ വിളിച്ച യോഗത്തിൽ നെല്ല് സംഭരിക്കാമെന്ന് സമ്മതിച്ചവർ പിന്നാക്കം പോയി. നേരത്തേ സംഭരിച്ച 160 ഏക്കറിലെ നെല്ലിനു കൂടുതൽ കിഴിവ് വേണമെന്ന ആവശ്യവുമായി എത്തിയതാണ് സംഭരണം പ്രതിസന്ധിയിലാക്കിയത്. സംഭരിക്കാതെ ഇട്ടിട്ടുപോയ 60 ഏക്കറിലെ നെല്ല് 5 കിലോഗ്രാം കിഴിവിന് സംഭരിക്കാമെന്നായിരുന്നു തീരുമാനം. നേരത്തെ സംഭരിച്ച നെല്ലിനു 100 കിലോയ്ക്ക് 2 കിലോഗ്രാമാണ് കിഴിവ് നൽകിയത്. അതുപേരെന്നും ഒരു കിലോ കൂടി വേണമെന്നുമായിരുന്നു മില്ലിന്റെ ആവശ്യം.
ഒടുവിൽ മില്ലിന്റെ സമ്മർദതന്ത്രം ഫലിച്ചു. കർഷകർ തോറ്റു. ജില്ലാ ഭരണകൂടം നടത്തിയ ചർച്ചയിലെ തീരുമാനം കാറ്റിൽ പറന്നു. നേരത്തേ സംഭരിച്ച നെല്ലിനു നൽകിയ 2 കിലോഗ്രാം കിഴിവിന്റെ കൂടെ ഒരു കിലോ കൂടി നൽകാൻ കർഷകർക്കു സമ്മതിക്കേണ്ടി വന്നു. ഇന്നു സംഭരണം തുടങ്ങും.

നാട്ടകം ഗ്രാവ് പാടശേഖരം
ഗ്രാവ് പാടശേഖരത്തിൽ 2 മില്ലുകാരെയാണ് ഏർപ്പെടുത്തിയത്. ഇതിൽ ഒരു മിൽ ഇന്നലെ എത്തി. ഒരു ലോഡ് നെല്ലാണു സംഭരിച്ചത്. 2 കിലോ കിഴിവ് നൽകിയാണ് ഇവിടെ സംഭരണം. ഒരു മിൽ ഇന്ന് എത്തുമെന്നാണ് അറിയിച്ചത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പാടശേഖരം സന്ദർശിച്ച് കർഷകരുമായി ചർച്ച നടത്തി.
കലക്ടറെയും പാഡി ഓഫിസറെയും ഫോണിൽ വിളിച്ച് കർഷകരുടെ പ്രശ്നങ്ങൾ അറിയിച്ചു. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, സിബി ജോൺ, സനൽ കാണക്കാരി, രാജീവ്, കർഷക കോൺഗ്രസ് നേതാക്കളായ സന്തോഷ് ചാന്നാനിക്കാട്, അനിൽ മലരിക്കൽ എന്നിവരും എംഎൽഎയ്ക്കൊപ്പം ഉണ്ടായിരുന്നു.
മിഷ്യൻ പാടം
"ആർപ്പൂക്കര പഞ്ചായത്തിലെ മിഷ്യൻ പാടത്തെ സംഭരണം തുടങ്ങി. പാടത്തെ നെല്ല് വലിയ കേവുവള്ളത്തിൽ കൈപ്പുഴമുട്ട് പാലത്തിനു സമീപം എത്തിച്ചാണു ലോറിയിൽ കയറ്റുന്നത്. മൂന്നാഴ്ചയായി നെല്ല് പാടത്ത് കിടക്കുകയായിരുന്നു. കിഴിവിനെച്ചൊല്ലിയാണ് സംഭരണം നടക്കാതെ വന്നത്. 175 ഏക്കറിലെ നെല്ല് കയറ്റാൻ 2 വള്ളമാണ് തൊഴിലാളികൾ എത്തിച്ചത്.
വേളൂർ പൈനി പാടം
കൊയ്യാറായ പൈനി പാടത്തെ നെല്ല് കാറ്റിലും മഴയിലും ചുവടുചാഞ്ഞു വീണു. 22 ഏക്കറുള്ള പാടത്തെ മിക്ക കർഷകരുടെയും നെല്ലു നിലംപൊത്തി കിടക്കുകയാണ്. മഴ തുടരുന്നതിനാൽ കൊയ്തെടുക്കാൻ കഴിയുമോയെന്നാണ് ആശങ്ക.
നഷ്ടമായത് 2 ക്വിന്റൽ നെല്ല്
കഴിഞ്ഞ ദിവസം തർക്കം ഉയർന്ന കുറിച്ചി കൃഷിഭവന് കീഴിലെ മണ്ണങ്കര – കുറിഞ്ഞിക്കാട് പാടശേഖരത്തിലെ 74 ഏക്കറിലെ നെല്ല് ഇന്നലെയും സംഭരിച്ചില്ല. ഇന്നു സംഭരണം ആരംഭിക്കാമെന്നാണു പാഡി ഓഫിസ് അധികൃതർ കർഷകരെ അറിയിച്ചത്. 4 കിലോ കിഴിവിലാണ് നെല്ല് സംഭരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴ കാരണം 2 ക്വിന്റലിൽ അധികം നെല്ല് കിളിർത്ത് നഷ്ടമായി.
കിഴിവ് കൂടാതെ വേറെയും
നെല്ല് സംഭരിക്കുന്നതിനായി മില്ലുകാർ നിയോഗിക്കുന്ന ഏജന്റുമാരും കർഷകരെ പിഴിയുന്നു. തൊഴിലാളികൾ എത്തിക്കുന്ന വള്ളത്തിലോ അവർ പറയുന്ന കടവിലോ നെല്ല് കയറ്റിവിടാൻ ചില ഏജന്റുമാർ സമ്മതിക്കുന്നില്ലെന്നു കർഷകർ ആരോപിക്കുന്നു. ഏജന്റുമാർ പറയുന്നതുപോലെ നെല്ല് സംഭരിച്ചു കയറ്റിവിടണമെന്നാണ് നിർദേശം. കടവ് മാറിയും മറ്റും നെല്ല് കയറ്റുന്നതു മൂലം കർഷകർക്ക് അധികച്ചെലവ് ഉണ്ടാകുന്നു. ഇതുവഴി ഏജന്റുമാരും പണം തട്ടുന്നതായാണു പരാതി.