പരസ്യ ബോർഡുകളും ബാനറുകളും: പിഴ ഒടുക്കേണ്ടവരിൽ മുന്നിൽ രാഷ്ട്രീയ പാർട്ടികൾ...കൂടെ സർക്കാരുമുണ്ട്

Mail This Article
കോഴിക്കോട് ∙ പൊതു സ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും വയ്ക്കുന്ന പരസ്യ ബോർഡുകളും ബാനറുകളുമെല്ലാം പരിപാടി കഴിഞ്ഞ് 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന ജില്ലാതല മോണിറ്ററിങ് സമിതി യോഗ തീരുമാനം നടപ്പാക്കിയാൽ കൂടുതൽ പിഴ വീഴുക രാഷ്ട്രീയ പാർട്ടികൾക്ക്. രാഷ്ട്രീയ പാർട്ടികളുടെയും യുവജന സംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും വിവിധ പരിപാടികൾ കഴിഞ്ഞതിന്റെ ബോർഡുകൾ ആഴ്ചകൾ പിന്നിട്ടിട്ടും നഗരത്തിൽ വിവിധ ഇടങ്ങളിൽ മാറ്റാതെയുണ്ട്. സർക്കാർ പരിപാടികളുടെ ബാനറുകളും മാറ്റാതെയുണ്ട് എന്നതാണ് ഈ കൂടെ ചേർത്തു വായിക്കേണ്ട മറ്റൊരു കാര്യം.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് ബീച്ചിൽ ജില്ലാ ഭരണകൂടം മേയ് 12 മുതൽ 18 വരെ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശനത്തിന്റെ കൂറ്റൻ പരസ്യബോർഡ് ഇപ്പോഴും ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തെ ബസ് സ്റ്റോപ്പിലുണ്ട്. പരിപാടി കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും മാറ്റിയിട്ടില്ല. പരസ്യബോർഡ് വയ്ക്കാൻ ജില്ലാ ഭരണകൂടം ഏതെങ്കിലും ഏജൻസിയെ ഏൽപിച്ചതാകാമെങ്കിലും ഒരു മാസമായിട്ടും മാറ്റാത്തതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ജില്ലാ ഭരണകൂടത്തിനു ഒഴിയാനാകില്ല. മേയ് 23നു നടന്ന എഐവൈഎഫിന്റെ സേവ് ഇന്ത്യ മാർച്ചിന്റെ പരസ്യബോർഡുകൾ പാവമണി റോഡിലും ഇംഗ്ലിഷ് പള്ളി ജംക്‌ഷനിലും അവശേഷിക്കുന്നു.
ജൂൺ 5നു നടന്ന എംഎസ്എഫ് സമര സംഗമത്തിന്റെ ബോർഡ് കെഎസ്ആർടിസി സ്റ്റാൻഡിനു മുൻപിലുണ്ട്. മേയ് 30നു നടന്ന കെഎസ്‌യു സ്ഥാപക ദിനാഘോഷത്തിന്റെ പരസ്യ ബോർഡ് ഇംഗ്ലിഷ് പള്ളി ജംക്‌ഷനിൽ തൂങ്ങി കിടക്കുന്നു. ജൂൺ 20നു നടന്ന മർക്കന്റൈൽ ബാങ്കിന്റെ കെട്ടിടം ഉദ്ഘാടനത്തിന്റെ പരസ്യ ബോർഡുകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇപ്പോഴുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ നിയമ നടപടി സ്വീകരിക്കണമെന്നാണ് ജില്ലാതല മോണിറ്ററിങ് സമിതി തീരുമാനം.
പൊതുസ്ഥലങ്ങളിലും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിലും പരസ്യ ബോർഡുകൾ വയ്ക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി നിർബന്ധമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മത സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും ഭാരവാഹികൾ, സംഘടനാ നേതാക്കൾ എന്നിവരുടെ യോഗം വിളിച്ചു ചേർക്കാൻ തദ്ദേശ സെക്രട്ടറിമാർക്ക് യോഗം നിർദേശം നൽകി.