ADVERTISEMENT

വടകര∙ ജില്ലാ ആശുപത്രിയുടെയും ഇതിനു കീഴിലുള്ള ധന്വന്തരി ഡയാലിസിസ് കേന്ദ്രത്തിന്റെയും നടത്തിപ്പിലെ അപാകതകൾ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ആശുപത്രി മാനേജിങ് കമ്മിറ്റി (എച്ച്എംസി) യോഗത്തിൽ ബഹളം. ഏകപക്ഷീയമായി ചിലർ എടുക്കുന്ന തീരുമാനം തിരുത്തണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടർന്ന് യുഡിഎഫ് – ആർഎംപി പ്രതിനിധികൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. എംപി, എംഎൽഎ എന്നിവരുടെ പ്രതിനിധികളും ഇറങ്ങിപ്പോയി.

ആശുപത്രിക്കു കീഴിലുള്ള ധന്വന്തരി ഡയാലിസിസ് സെന്ററിലെ ചില പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അനുവദിച്ചില്ലെന്ന് ഇറങ്ങിപ്പോയ കമ്മിറ്റി അംഗം കെ.പി.കരുണൻ മാധ്യമങ്ങളോട് പറഞ്ഞു. ധന്വന്തരിയിലെ താൽക്കാലിക നിയമനത്തിലെ ക്രമക്കേട്, ഫണ്ട് വിനിയോഗ പ്രശ്നം, ‍‍ഡയാലിസിസ് സെന്റർ നിയമ വിരുദ്ധമായി ട്രസ്റ്റ് ആയി നിലനിർത്തുന്നത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളി‍ൽ ചർച്ച നടത്തേണ്ടതുണ്ടായിരുന്നു. എന്നാൽ ഈ പ്രശ്നം ആദ്യ അജൻഡയാക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. 

യോഗം വിളിക്കുന്നതിനു മുൻപ് എംപി, എംഎൽഎ എന്നിവർക്ക് പങ്കെടുക്കാൻ പറ്റുമോ എന്ന കാര്യം പോലും ആലോചിക്കാതെ ചിലരുടെ താൽപര്യം സംരക്ഷിക്കുകയാണെന്നും ജനകീയ മുന്നണി നേതാക്കൾ പറഞ്ഞു.

ആശുപത്രിയുടെ പുതിയ കെട്ടിടത്തിന് ഫണ്ട് പാസായ കാര്യം എച്ച്എംസിയോട് ആലോചിക്കാതെ ഒരു അംഗം മാത്രം പത്രസമ്മേളനം നടത്തി അറിയിച്ചതും ആശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം എംപി, എംഎൽഎ എന്നിവരെ അറിയിക്കാതെ നടത്തിയതും ശരിയായ നടപടി അല്ലെന്നു  മുന്നണി കുറ്റപ്പെടുത്തി. കമ്മിറ്റി അംഗങ്ങളായ അജിത ചീരാംവീട്ടിൽ, കെ.പി.കരുണൻ, ഒ.കെ.കുഞ്ഞബ്ദുല്ല, എ.പി.ഷാജിത്ത്, മനോജ് ആവള, എംപിയുടെ പ്രതിനിധി മനോജ് വടകര, എംഎൽഎയുടെ പ്രതിനിധി ആർ.റിജു എന്നിവരാണ് ഇറങ്ങിപ്പോയത്.

സെന്റർ നടത്തിപ്പ് പരിശോധിക്കണം: ജനകീയ മുന്നണി 

വടകര∙ ജില്ലാ ആശുപത്രിക്കു കീഴിലുള്ള ധന്വന്തരി സൗജന്യ ഡയാലിസിസ് സെന്റർ നടത്തിപ്പു  പരിശോധിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് – ആർഎംപി നേതൃത്വത്തിലുള്ള ജനകീയ മുന്നണി രംഗത്തു വന്നു. നടപടി വൈകുന്ന പക്ഷം തുടർ സമരവുമായി മുന്നോട്ടു പോകാനാണ് തീരുമാനം.  10 വർഷം മുൻപ് ജനങ്ങളി‍ൽ നിന്നു സമാഹരിച്ച രണ്ടര കോടി രൂപയുമായി തുടങ്ങിയ സെന്റർ കമ്മിറ്റി ഇപ്പോൾ ട്രസ്റ്റായാണ് പ്രവർത്തിക്കുന്നത്. 

ജനകീയ കമ്മിറ്റി എന്ന പേരിൽ രൂപീകരിച്ച ഡയാലിസിസ് സെന്റർ കമ്മിറ്റി പിന്നീട് ട്രസ്റ്റ് ആക്കിയപ്പോൾ ഏറെ വിവാദമായിരുന്നു. ട്രസ്റ്റ് രൂപീകരിച്ച ശേഷം ഇതിലെ അംഗങ്ങളെ ചേർക്കുന്നതിലും യോഗം വിളിക്കുന്നതിലും മാനദണ്ഡം പാലിക്കുന്നില്ലെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കെ.കെ.രമ എംഎൽഎ നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് സി.ഭാസ്കരൻ സ്ഥാപക ചെയർമാനായ ട്രസ്റ്റിനു കീഴിലാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നതെന്ന മറുപടിയാണ് കിട്ടിയത്.

ആശുപത്രി മാനേജിങ് കമ്മിറ്റി (എച്ച്എംസി) യുടെയും ഡയാലിസിസ് സെന്ററിന്റെയും കമ്മിറ്റി അംഗമായ ആളുടെ മകന്റെ ഭാര്യയ്ക്ക് ജോലി നൽകിയതിനെപ്പറ്റിയും അന്വേഷിക്കണമെന്ന് ജനകീയ മുന്നണി ആവശ്യപ്പെട്ടു.

അംഗങ്ങളുടെ ബന്ധുക്കൾക്ക് ജോലി നൽകാൻ പാടില്ലെന്ന മാനദണ്ഡം മറി കടന്നായിരുന്നു നിയമനം. ഇതിനു കീഴിലെ എല്ലാ നിയമനങ്ങളിലും ഇത്തരം ക്രമക്കേട് നടന്നിട്ടുണ്ടെന്നും വരവു ചെലവ് കണക്കുകൾ കൃത്യമായി പരിശോധിക്കാൻ സംവിധാനം വേണമെന്നും എച്ച്എംസി അംഗം എ.പി.ഷാജിത്ത് ആവശ്യപ്പെട്ടു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com