'പൊലീസ് എന്നാ സുമ്മാവാ', സിനിമാക്കഥയെ വെല്ലും; ഹോസ്റ്റലിൽ നിന്ന് ചാടിപ്പോയ വിദ്യാർഥിയെ പുണെയിൽ പോയി കണ്ടെത്തി

Mail This Article
കോഴിക്കോട് ∙ മലാപ്പറമ്പ് വേദവ്യാസ സൈനിക് സ്കൂളിൽനിന്നു കാണാതായ ബിഹാർ സ്വദേശിയായ 13 വയസ്സുകാരനെ പൊലീസ് പുണെയിൽനിന്നു കണ്ടെത്തിയ കഥ സിനിമാക്കഥകളെ വെല്ലുന്നതാണ്. ഒരു കൂട്ടം പൊലീസുകാരുടെ ബുദ്ധിയും തന്ത്രവും അർപ്പണ മനോഭാവവുമാണ് കുട്ടിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ സഹായിച്ചത്. 23 പൊലീസുകാർ ഉൾപ്പെട്ട 5 അന്വേഷണ സംഘം 6 സംസ്ഥാനങ്ങളിലാണ് അന്വേഷിച്ചു ചെന്നത്. ട്രെയിനുകളിൽ ശുചിമുറിക്കു സമീപത്ത് ഇരുന്നും കിടന്നുമൊക്കെയായിരുന്നു യാത്ര.
ദുരിതം മായ്ക്കും ഫലപ്രാപ്തി
കോഴിക്കോട് നിന്നു പാലക്കാട്, കർണാടക, ബിഹാർ, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പൊലീസ് സംഘം സഞ്ചരിച്ചത് യാത്രാ ദുരിതം പേറി. ലഭ്യമായ കോച്ചിൽ കയറിയായിരുന്നു യാത്ര. ജനറൽ കംപാർട്മെന്റിൽ ശുചിമുറിയുടെ സമീപം ഇരുന്നും പാഴ്സൽ ബാഗിനു മുകളിൽ കയറിയും ട്രെയിനിൽ നിലത്തു കിടന്നുമാണ് സംഘം ഉത്തരേന്ത്യ മുഴുവൻ യാത്ര ചെയ്തത്.
ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം പല സ്ഥലത്തും കംപാർട്മെന്റിൽ തിങ്ങി ഞെരുങ്ങി ഉറക്കം ഇല്ലാതെയാണ് 7 ദിവസം ചെലവിട്ടത്. പല ദിവസവും ഭക്ഷണം പോലും ലഭിച്ചില്ല. ബിഹാർ സംഘം ഒഴികെ ബാക്കി എല്ലാവരും ഇന്നു രാവിലെയോടെ കോഴിക്കോട് എത്തും. ബിഹാറിൽ നിന്നു ട്രെയിൻ കിട്ടാത്തതിനാൽ സംഘം രണ്ടു ദിവസം കൂടി കഴിയും. ഇന്നു കുട്ടിയുമായി നടക്കാവ് എത്തി കോടതിയിൽ ഹാജരാക്കി തുടർ നടപടിയെടുക്കും.
ഹോസ്റ്റലിൽ നിന്ന് ജനൽവഴി പുറത്തേക്ക്
കഴിഞ്ഞ 24ന് ആണ് കുട്ടിയെ കാണാതാകുന്നത്. ഹോസ്റ്റലിൽ മുറിയിലെ സ്ലൈഡിങ് ജനൽ വഴി, കിടക്കുന്ന കോസടി പുറത്തേക്കിട്ട് അതിൽ ചാടിയാണ് പുറത്തു കടന്നത്. സ്കൂൾ പരിസരത്തെ ക്യാമറയിൽ കുടുങ്ങാതെ അർധരാത്രി 12.20 ന് സമീപത്തെ ഇടവഴിയിലൂടെ ഫ്ലോറിക്കൻ റോഡിൽ എത്തി. കറുത്ത പാന്റ്സും വെള്ള ഷർട്ടുമായിരുന്നു വേഷം. കരിക്കാംകുളത്തെ പൊലീസ് ക്യാമറയിൽ ദൃശ്യം പതിഞ്ഞു. എന്നാൽ കാരപ്പറമ്പിൽ എത്തിയപ്പോൾ കറുത്ത കോട്ടുകൂടി ധരിച്ചു.
കാരപ്പറമ്പിലെ ക്യാമറയിലെ ഈ കോട്ടിട്ട ദൃശ്യം പൊലീസിനെ കുഴക്കിയെങ്കിലും ഷൂസ് തിരിച്ചറിഞ്ഞ് വിദ്യാർഥി തന്നെയെന്ന് ഉറപ്പിച്ചു.കുട്ടി നടന്നു തന്നെ എരഞ്ഞിപ്പാലത്തെത്തി ഓട്ടോക്കാരനോടു വഴി ചോദിച്ചു. പക്ഷേ, കയറാതെ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു.പുലർച്ചെ 2.40ന്റെ ട്രെയിനിൽ കയറി പാലക്കാട്ട് എത്തി. പാലക്കാട് എത്തിയപ്പോൾ വേഷം മാറിയില്ലെങ്കിലും ആൾക്കൂട്ടത്തിനൊപ്പം മാത്രം നീങ്ങാനുള്ള വിദ്യാർഥിയുടെ ശ്രമം പൊലീസിനെ കുഴക്കി. ശരീരഭാഷ വിശകലന വിദഗ്ധരായ ഉദ്യോഗസ്ഥരുമായി സിസിടിവി ദൃശ്യം പരിശോധിച്ചാണ് പുണെ ട്രെയിനിൽ ഓടിക്കയറുന്നത് കണ്ടെത്തിയത്. തുടർ അന്വേഷണം വഴിമുട്ടി
പൊലീസ് പണിപ്പുരയിൽ
പാലക്കാട് നിന്നു മഹാരാഷ്ട്ര ട്രെയിനിൽ കയറിയതായി ഉറപ്പിച്ചെങ്കിലും പിന്നീട് എങ്ങോട്ട് എന്ന ചോദ്യം ബാക്കിയായി. പൊലീസ് സംഘം ബിഹാറിലേക്കും മഹാരാഷ്ട്ര, ഉത്തരേന്ത്യയിലെ പല ഭാഗത്തേക്കും ഓരോ സംഘത്തെ വിട്ടു. കുട്ടിയുടെ കൂടുതൽ വിവരം ലഭിക്കാൻ പൊലീസ് കാണാതായ കുട്ടിയുടെ സഹപാഠികളോട് സംസാരിച്ചു. പൊലീസുകാർ പല സംഘമായി വന്ന് കഥകൾ പറഞ്ഞു വിശേഷം ചോദിച്ചും കുട്ടിയെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. ‘പുണെയിൽ ഹോട്ടൽ ജോലി ചെയ്യും’ കാണാതായ കുട്ടി ഒരു ഘട്ടത്തിൽ ഇങ്ങനെ പറഞ്ഞതായി സഹപാഠികളിലൊരാൾ ഓർത്തെടുത്തത് വഴിത്തിരിവായി.
വിവരം ഞൊടിയിടയിൽ പൊലീസ് പുണെയിലെ സംഘത്തെ അറിയിച്ചു. പുണെ റെയിൽവേ സ്റ്റേഷൻ പരിസരത്തെ 18 ചെറുകിട ഹോട്ടലുകളിൽ പൊലീസുകാർ സാധാരണക്കാരായി കയറി ഇറങ്ങി ചായ കുടിച്ചു അന്വേഷണം നടത്തുന്നതിനിടെയാണ് രൂപ സാദൃശ്യമുള്ള കുട്ടിയെ കണ്ടെത്തിയത്. ശരീരഭാഷയും നടത്തവും മനസ്സിലാക്കി ഉറപ്പിച്ചു. കടക്കാരനുമായി സംസാരിച്ചു. 2 ദിവസം മുൻപ് ജോലിക്കെത്തിയതാണെന്നു അറിയിച്ചതോടെ കുട്ടിയെ പൊലീസ് ഒപ്പം കൂട്ടുകയായിരുന്നു.
പൊലീസ് സംഘത്തിൽ ഇവർ
എസിപി സ്പെഷൽ അന്വേഷണ സംഘത്തിലെ എസ്ഐ പി.രമേശൻ, എഎസ്ഐ പി.കെ.ബൈജു, സീനിയർ സിപിഒമാരായ പി.സി.രാകേഷ്, എം.ജിനേഷ്കുമാർ, വി.ടി.രാകേഷ് എന്നിവരും നടക്കാവ് ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിൽ എസ്ഐ എൻ.ലീല, എഎസ്ഐമാരായ കെ.ഹസീസ്, എം.വി.ശ്രീകാന്ത്, വിജീഷ്, എം.ഷാലു, സുജിത്, ഹരീഷ്കുമാർ, സജിൽ, സൈബർ സെല്ലിലെ എം.ഷൈലേഷ്, പ്രജിത് എന്നിവരടങ്ങിയ സംഘമാണ് കുട്ടിയെ കണ്ടെത്തിയത്.