അപ്രതീക്ഷിത വേനൽമഴ: അടിപ്പാത നിർമാണം ആശങ്കയിൽ

Mail This Article
ഫറോക്ക് ∙അപ്രതീക്ഷിത വേനൽമഴയിൽ കുണ്ടായിത്തോട് ആമാംകുനി റെയിൽ അടിപ്പാത നിർമാണം ആശങ്കയിൽ. അടിപ്പാതയ്ക്കായി റെയിലോരത്ത് കുഴിയെടുത്ത ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണി ഉയർന്നു. പാളത്തിനു സമീപം ടാർപോളിൻ വിരിച്ചു മൂടിയിരിക്കുകയാണ്.റെയിൽപാളത്തിന് തൊട്ടടുത്താണ് 8 അടി ആഴത്തിൽ കുഴി എടുത്തിരിക്കുന്നത്. കരയിടിച്ചിൽ തടയാൻ അരികു ഭാഗത്ത് ഇരുമ്പ് പാളങ്ങൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാത്രി മഴ പെയ്യുന്നതാണു ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.ഒരു മാസം മുൻപാണ് ആമാംകുനി അടിപ്പാത നിർമാണം തുടങ്ങിയത്. റെയിലോരത്ത് കുഴിയെടുത്ത് അടിത്തറ കോൺക്രീറ്റ് ചെയ്തു. അടിപ്പാതയ്ക്ക് ആവശ്യമായ കോൺക്രീറ്റ് ബോക്സ് പുറമേ നിന്നു നിർമിച്ച് എത്തിച്ച് റെയിലിന് അടിയിലേക്ക് തള്ളി നീക്കാനാണ് പദ്ധതി.
കുണ്ടായിത്തോട് മനോജ് പാക്കേജിങ് റോഡിൽ റെയിലിനു കുറുകെയുള്ള 950-ാം നമ്പർ ഓവുപാലത്തിന്റെ സമീപത്താണ് അടിപ്പാത നിർമിക്കുന്നത്. ചെറുവാഹനങ്ങൾക്ക് കടന്നു പോകാവുന്ന തരത്തിൽ 9 അടി ഉയരത്തിലും 12 അടി വീതിയിലുമാണ് അടിപ്പാത.പൂർണമായും റെയിൽവേയുടെ മേൽനോട്ടത്തിലാണ് നിർമാണം. റെയിൽവേ സമർപ്പിച്ച എസ്റ്റിമേറ്റ് തുകയായ 2.98 കോടി രൂപ സംസ്ഥാന സർക്കാർ ഡിപ്പോസിറ്റ് ചെയ്‌തതോടെയാണു നിർമാണം തുടങ്ങിയത്.നേരത്തേ 2.29 കോടിയുടെ പ്രവൃത്തിക്കായിരുന്നു സംസ്ഥാന സർക്കാർ ഭരണാനുമതി നൽകിയിരുന്നത്. റെയിൽവേ കൺസ്ട്രക്‌ഷൻ വിഭാഗം തയാറാക്കിയ വിശദ എസ്റ്റിമേറ്റിൽ നിർമാണത്തിന് 2.98 കോടി വരുമെന്നായിരുന്നു റിപ്പോർട്ട്.ഇതുപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകി ഡിപ്പോസിറ്റ് വർക് ആയി പരിഗണിച്ചാണ് തുക റെയിൽവേയിൽ അടച്ചത്. ഡിപിആർ തയാറാക്കുന്നതിനു സെന്റേജ് ചാർജായി 4.58 ലക്ഷം രൂപ നേരത്തെ റെയിൽവേക്ക് കൈമാറിയിരുന്നു.