1939 ൽ തുടങ്ങിയ കോഴിക്കോട് –ദേവാല ബസ് സർവീസ് ഇന്നും തുടരുന്നു, അതേ പേരിൽ, അതേ നിറത്തിൽ...

Mail This Article
വൈകിട്ട് 3.30ന് കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്നു പുറപ്പെടുന്ന സിഡബ്ല്യുഎംഎസ് ബസ് ശ്രദ്ധിച്ചിട്ടുണ്ടോ? പഴയ തലമുറയ്ക്ക് ഈ പേര് ഹൃദിസ്ഥമാണ്. 1939 മുതൽ ചുരം കയറി ഗൂഡല്ലൂരിനു സമീപം ദേവാലയിലേക്കുള്ള സർവീസ് ഇന്നും തുടരുന്നു. അതേ പേരിൽ, അതേ നിറത്തിൽ. കോഴിക്കോട്ടെ സിസി ആൻഡ് കമ്പനിയും കെപിഎസ് ബസ് സർവീസും മൈസൂരുവിലെ മാരുതി മോട്ടോഴ്സും ചേർന്നു തുടങ്ങിയതാണ് സിഡബ്ല്യുഎംഎസ് അഥവാ കാലിക്കറ്റ് –വയനാട് മോട്ടർ സർവീസ് ലിമിറ്റഡ്.
മലബാറിലും മൈസൂരു, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഒട്ടേറെ സർവീസ് ഉണ്ടായിരുന്ന ഈ കമ്പനിയുടെ ആദ്യകാല റൂട്ടുകളിലൊന്നാണ് കോഴിക്കോട് –ദേവാലയെന്നു ബസിന്റെ ഇപ്പോഴത്തെ ഉടമ വയനാട് മേപ്പാടി സ്വദേശി എ.എസ്.നയാസ് പറഞ്ഞു. അറുപതോളം സർവീസുകളുണ്ടായിരുന്ന സിഡബ്ല്യുഎംഎസ് കമ്പനി വിവിധ പ്രശ്നങ്ങൾ കാരണം ബസുകളും പെർമിറ്റുകളും പലർക്കായി വിറ്റു. 25 വർഷം മുൻപ് കോഴിക്കോട് – ദേവാല ബസ് വാങ്ങിയ നയാസിന്റെ പിതാവ് 1939 മുതലുള്ള പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനായി ബസിന്റെ പേരും നിറവും അതേ പോലെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
ആദ്യകാല കുടിയേറ്റങ്ങൾക്ക് ഏറെ അനുഗ്രഹമായിരുന്നു ഈ ബസ് സർവീസ്. ആവി എൻജിൻ ആയിരുന്നു ആദ്യം. ചുരം കയറുക വളരെ ശ്രമകരവും. പക്ഷേ ഒരു മുടക്കവുമില്ലാതെ ബസ് ഓടിയിരുന്നു. കോഴിക്കോട്ടുനിന്നു വയനാട്ടിലേക്കുള്ള യാത്ര ഏറെ ദുരിതപൂർണമായ ഒരു കാലത്താണ് ബസ് സർവീസ് തുടങ്ങിയത്. ചുരം പാതയുണ്ടായിരുന്നെങ്കിലും ഗതാഗതത്തിന് അനുയോജ്യമായത് 1930കളിലാണ്. ചുരം പാത ഇന്നു കാണും പോലെ ഗതാഗതയോഗ്യമാക്കിയത് 1930 –31 കാലഘട്ടത്തിൽ മലബാറിന്റെ മുഴുവൻ ചുമതലയുണ്ടായിരുന്ന ബ്രിട്ടിഷ് എക്സിക്യൂട്ടീവ് എൻജിനീയർ മാക്കെയാണെന്നു ഐസിഎസ് കലക്ടേഴ്സ് ഓഫ് മലബാർ: ജോട്ടിങ്‌സ് ഫ്രം മെമ്മറി എന്ന പുസ്തകത്തിൽ പി.കെ.ഗോവിന്ദൻ പറയുന്നു.
വെസ്റ്റ് കോസ് എക്സിക്യൂട്ടീവ് എൻജിനീയർ എന്നായിരുന്നു സ്ഥാനപ്പേര്. വെസ്റ്റ് ഹില്ലിലെ ഇപ്പോഴത്തെ സർക്കാർ അതിഥി മന്ദിരം ആയിരുന്നു അദ്ദേഹത്തിന്റെ ബംഗ്ലാവ്. ചുരം പാത ഗതാഗതയോഗ്യമായി 8 വർഷത്തിനകം തന്നെ കോഴിക്കോട് –ദേവാല ബസ് ഓടിത്തുടങ്ങി. ഇപ്പോൾ എൺപത്തിയാറാം വർഷം പുത്തൻ ബസ് ചുരം കയറുമ്പോഴും പഴയ പാരമ്പര്യങ്ങൾ ഒന്നും കൈവിട്ടിട്ടില്ല. 3.30ന് പുറപ്പെടുന്ന ബസ് രാത്രി 7.30ന് ദേവാലയിലെത്തും. പിറ്റേന്നു രാവിലെ 6.45ന് കോഴിക്കോട്ടേക്കു മടക്കയാത്ര. 10.45ന് കോഴിക്കോട്ട് എത്തുമെന്നു കണ്ടക്ടർ വിജയകുമാറും ഡ്രൈവർ ഫൈസലും പറഞ്ഞു.