മികച്ച പ്രൊഡക്ഷൻ ഡിസൈനർ: ദേശീയ പുരസ്കാരത്തിളക്കത്തിൽ അനീസ്
Mail This Article
തേഞ്ഞിപ്പലം ∙ ജില്ലയ്ക്ക് അഭിമാനമായി മികച്ച പ്രൊഡക്‌ഷൻ ഡിസൈനർക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടി അനീസ് നാടോടി. കപ്പേള സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തന മികവിനാണ് അംഗീകാരം. തേഞ്ഞിപ്പലം ചെനയ്ക്കലങ്ങാടി മേടപ്പിൽ അബ്ദുൽ അസീസിന്റേയും സൈനബയുടെയും മകനാണ്.
ടിയാൻ, ആദം ജോൺ എന്നീ സിനിമകളുടെ അസി. ആർട് ഡയറക്ടറായിരുന്നു. പ്രിയദർശന്റെ നിമിർ എന്ന തമിഴ് സിനിമയിലും അസി. ഡയറക്ടറായി പ്രവർത്തിച്ചു. സുഡാനി ഫ്രം നൈജീരിയ, വരത്തൻ തുടങ്ങിയ സിനിമകളുടെ കലാ സംവിധായകനാണ്. ചെനയ്ക്കലങ്ങാടി തേഞ്ഞിപ്പലം ജിയുപി സ്കൂളിലാണ് 5–ാം ക്ലാസ് വരെ പഠിച്ചത്. കാലിക്കറ്റ് സർവകലാശാലാ വിദൂര പഠന വിഭാഗത്തിൽ നിന്ന് ബിരുദമെടുത്തു. വാഴയൂർ ഷാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ജേണലിസത്തിൽ പിജി നേടി.
ചിത്ര രചനയിലുള്ള അമിത താൽപര്യമാണ് അനീസിനെ സിനിമാ ലോകത്തെത്തിച്ചത്. കോളജ് പഠന കാലത്ത് നാടകങ്ങൾക്ക് രംഗാവിഷ്കാരം നടത്തി ശ്രദ്ധ നേടി. ജീവസുറ്റ നിശിചല ദൃശ്യങ്ങളും ചിത്രങ്ങളും ഒരുക്കി സിനിമയിൽ അവസരം തേടിയത് വിജയ വഴിയിൽ എത്തുകയായിരുന്നു. 16 സിനിമകൾക്ക് വേണ്ടി പ്രവർത്തിച്ചു. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പേരിടാത്ത ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായാണ് ഒടുവിൽ പ്രവർത്തിച്ചത്. ഭാര്യ ജാസ്മിൻ ജേണലിസ്റ്റാണ്. മക്കൾ: അനൻ, അംസി.