ADVERTISEMENT

തിരൂർ ∙ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ ജില്ലയിലെ 3 പ്രധാന റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനം വേഗത്തിലാകുമെന്ന പ്രതീക്ഷയുമായി യാത്രക്കാർ. പാലക്കാട് ഡിവിഷനിലെ 14 സ്റ്റേഷനുകളാണ് പദ്ധതിയിൽ. ജില്ലയിൽ നിന്ന് തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനുകളാണ് പട്ടികയിലുള്ളത്.

ദീർഘകാലാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ റെയിൽവേ സ്റ്റേഷനുകൾ വഴി കൂടുതൽ നഗരകേന്ദ്രങ്ങൾ സൃഷ്ടിക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി സ്റ്റേഷനുകളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ തയാറാക്കും.

കാത്തിരിപ്പു കേന്ദ്രങ്ങൾ, വിശാല പാർക്കിങ് സൗകര്യങ്ങൾ, സ്റ്റേഷനുകളിലേക്കുള്ള റോഡിന്റെ വികസനം, കാൽനട യാത്രക്കാർക്കുള്ള പാതകൾ, കഫെറ്റീരിയകൾ തുടങ്ങിയവയെല്ലാം തയാറാക്കും.

ജില്ലയിലെ 3 സ്റ്റേഷനുകൾക്കും ഈ സൗകര്യങ്ങളെല്ലാം അത്യാവശ്യവുമാണ്. പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ ഇനിയുമേറെ നീളത്തിൽ പ്ലാറ്റ്ഫോം മേൽക്കൂരകൾ വേണം. ലിഫ്റ്റിന്റെയും മേൽപാലത്തിന്റെയും നിർമാണം തുടങ്ങിയിട്ടുണ്ടെങ്കിലും പണിക്കു വേഗമില്ല.

കുറ്റിപ്പുറത്ത് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം ഉടൻ ആരംഭിക്കാനിരിക്കുകയാണ്. ഇവിടെ ലിഫ്റ്റും പണിയാൻ തീരുമാനിച്ചിട്ടുണ്ട്. പരപ്പനങ്ങാടിയിലും മേൽപാലങ്ങളുടെയും പ്ലാറ്റ്ഫോമുകളിലെ മേൽക്കൂരയുടെയും പണി തുടങ്ങേണ്ടതുണ്ട്. പദ്ധതി വഴി ഇതെല്ലാം വേഗത്തിലാക്കാനാകുമെന്നാണു യാത്രക്കാർ പ്രതീക്ഷിക്കുന്നത്.

ഇ.ടി.മുഹമ്മദ് ബഷീർ എംപി

അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെ തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി സ്റ്റേഷനുകളിൽ കൂടുതൽ വികസനം സാധ്യമാകും. ഈ 3 സ്റ്റേഷനുകൾ ഉൾപ്പെടുത്തിയ റെയിൽവേ മന്ത്രിക്കും വകുപ്പിനും നന്ദി പറയുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com