ADVERTISEMENT

മലപ്പുറം∙ സൗഹൃദത്തിന്റെ മധുരം നുണഞ്ഞ്, പാട്ടിനു താളം പിടിച്ച് അവർ കൈകൾ ചേർത്തുപിടിച്ചു നടന്നു. സ്വാതന്ത്ര്യത്തിന്റെ പുതുവെളിച്ചത്തിൽ  ഒരേ മനസ്സോടെ പാടി.‘ഞാനും നീയും ഇരുകൈ കോർത്തൊരു  കനലായ്‌ നാം ‌ മാറും, അറിവു പകുത്തു പകർന്നവർ നാം ഒരു പുഴയായ്‌ മാറും’. കണ്ടുനിന്നവരുടെ മനസ്സു നിറച്ച ആ കാഴ്ച നന്മയുടെ സന്ദേശം പ്രസരിപ്പിക്കുന്ന സ്വാതന്ത്ര്യദിന സന്ദേശമായി. 

വള്ളിക്കാപ്പറ്റ അന്ധവിദ്യാലയ മുറ്റമാണ് വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷത്തിനു വേദിയായത്. സൗഹൃദത്തിന്റെ വെളിച്ചവുമായി വിദ്യാലയത്തിലെ കുട്ടികളുടെ ആഘോഷത്തിന് നിറം പകരാനെത്തിയത് അരീക്കോട് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിലെ കൂട്ടുകാരാണ്. ‘സിംബയോസിസ് –സുല്ലമുസ്സലാം സ്കൂൾ ഓഫ് ടുഗെതർനെസ്’ എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ആഘോഷം. വിദേശ രാജ്യങ്ങളിലെ ബഡീസ് സ്കൂൾ മാതൃകയിൽ കഴിഞ്ഞ വർഷമാണ് പദ്ധതി തുടങ്ങിയത്. 

വള്ളിക്കാപ്പറ്റ സ്കൂളിലെ കാഴ്ചപരിമിതിയുള്ള കുട്ടികളെയും ഓറിയന്റൽ സ്കൂളിലെ കുട്ടികളെയും സൗഹൃദ ജോഡികളാക്കി ഒന്നിച്ചു വളരാനുള്ള അവസരമൊരുക്കാനാണ് പദ്ധതി. പരസ്പരം താങ്ങാകുകയെന്ന ജീവിതപാഠം കുട്ടികൾക്ക് പകർന്നുനൽകുകയാണ് ലക്ഷ്യം. കൈ നിറയെ സമ്മാനങ്ങളുമായാണ് അരീക്കോട്ടെ കുട്ടികൾ സ്വന്തം ബഡീസിനെ കാണാനെത്തിയത്. തീം സോങ്ങോടെ ആരംഭിച്ച പരിപാടിക്ക് ഓറിയന്റൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.ടി.മുനീബ് റഹ്മാൻ, കേരള സ്കൂൾ ഫോർ ദ് ബ്ലൈൻഡ് ഹെഡ്മാസ്റ്റർ അബ്ദുൽ കരീം, സിംബയോസിസ് കോഓർഡിനേറ്റർ നിസാർ കടൂരൻ, ഹക്കീം പുൽപറ്റ തുടങ്ങിയവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com