ചികിത്സാസഹായത്തിന് കാളപൂട്ട് മത്സരം: വീറോടെ മത്സരിച്ചത് 80 ജോടി കാളകൾ

Mail This Article
നീറാട് ∙ ജീവകാരുണ്യ പ്രവർത്തനം ലക്ഷ്യമിട്ട് 3 ജില്ലകളിലെ 80 ജോടി കാളകൾ വീറോടെ മത്സരിച്ചപ്പോൾ മുതുവല്ലൂർ പൊറ്റയിൽ കാളപൂട്ടുകണ്ടത്തിനു ചുറ്റും നിറഞ്ഞത് അതിരില്ലാത്ത ആവേശം. മുതുവല്ലൂരിലെ വൃക്കരോഗിയുടെ ചികിത്സയ്ക്കു ഫണ്ട് കണ്ടെത്തുകയായിരുന്നു ഓൾ കേരള കാളപൂട്ട് വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന മത്സരത്തിന്റെ ലക്ഷ്യം. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ, പേരെടുത്ത 80 ജോടി കാളകൾ പങ്കെടുത്ത അപൂർവം മത്സരങ്ങളിലൊന്നായിരുന്നു ഇന്നലെ നടന്നത്. 3 റൗണ്ട് മത്സരങ്ങളിൽനിന്നായി വിജയികളെ നിർണയിച്ചു. എൻസി ഗ്രൂപ്പ് വളാഞ്ചേരി ഒന്നാമതെത്തി. കെ.വി.സക്കീർ അയിലക്കാട് രണ്ടും കുരുണിയൻ മോൻ ഒതുക്കുങ്ങൽ ടീം മൂന്നും സ്ഥാനങ്ങൾ നേടി.
സംസ്ഥാന പ്രസിഡന്റ് കൊളക്കാടൻ നാസർ, ചെമ്പാൻ മാനു, പൈങ്കൽ ഷാജി കുറുമ്പത്തൂർ ഹാരിസ് പൂക്കാട്ടിരി, കബീർ മലപ്പുറം എന്നിവരെ മികച്ച പൂട്ടുകാരായി തിരഞ്ഞെടുത്തു. മുതുവല്ലൂർ പി.പി.ചെറിയുടെ കാളപൂട്ടുകണ്ടത്തിൽ നടന്ന മത്സരത്തിനു കൂട്ടായ്മയുടെ സെക്രട്ടറി ദിലീപ് മേലെക്കോട്ടിൽ, പ്രസിഡന്റ് മുണ്ടറോട്ട് ഫൈസൽ കപ്പൂര്, ട്രഷറർ എടമ്പാട്ട് നവാസ് തുടങ്ങിയവർ നേതൃത്വം നൽകി. കോട്ടമ്മൽ ഏനി ഹാജി മുട്ടിപ്പടി ഉദ്ഘാടനം ചെയ്തു. രാവിലെ മുതൽ വൈകിട്ട് വരെ നടന്ന മത്സരം കാണാൻ വിവിധ ഭാഗങ്ങളിൽനിന്നായി നൂറുകണക്കിന് ആളുകളാണ് എത്തിയത്.