പാതയോരത്ത് അധികൃതരുടെ ‘തോന്ന്യാസം’ കുഴിയെടുക്കും, അടയ്ക്കാൻ മടി

Mail This Article
എടപ്പാൾ ∙സംസ്ഥാനപാതയോരത്തെ ഗർത്തങ്ങളും മൺകൂനകളും വാഹനങ്ങൾക്ക് ഭീഷണിയാകുന്നു. ജലജീവൻ പദ്ധതിയുടെ ഭാഗമായി കുഴിച്ച ഗർത്തങ്ങളിൽ പലതും മണ്ണിട്ട് നികത്തിയിട്ടില്ല.കെഎസ്ഇബിയുടെ 11 കെവി ലൈൻ ഭൂമിക്കടിയിലൂടെ കൊണ്ടുപോകുന്നതിനായി നിർമിച്ച കുഴികളും സ്വകാര്യ ടെലിഫോൺ കമ്പനികളുടെ കേബിളുകൾ സ്ഥാപിക്കാനായി കുഴിച്ച കുഴികളുമെല്ലാം ഇതിനു പുറമേയാണ്. പലയിടത്തും കുഴികൾ നിർമിച്ച ശേഷം കേബിൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ജോലികൾ പൂർത്തീകരിച്ച് പൂർവ സ്ഥിതിയിലാക്കിയിട്ടില്ല.

രാത്രി സമയങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങളും മറ്റും മൺകൂനകളിൽ ഇടിച്ചും കുഴികളിൽ വീണ് നിയന്ത്രണംവിട്ടും അപകടങ്ങൾ സംഭവിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം നടുവട്ടം കാലടിത്തറയിൽ ഇത്തരത്തിലുള്ള കുഴിയിൽ വീണ് നിയന്ത്രണംവിട്ട വാൻ മരത്തിലിടിച്ച് മറിഞ്ഞിരുന്നു. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപെടുന്നതും പതിവു കാഴ്ചയാണ്.മുന്നിൽ പോകുന്ന വാഹനങ്ങൾ ഗർത്തങ്ങൾ കാണുമ്പോൾ പെട്ടെന്ന് ബ്രേക്കിടുന്നത് മൂലം പിറകിലെ വാഹനങ്ങൾ ഇടിക്കുന്നതും നിത്യസംഭവമാണ്.
ഇത്തരത്തിൽ കുഴിക്കുന്ന കുഴികൾ നിശ്ചിത സമയത്തിനകം നികത്തി പൂർവ സ്ഥിതിയിലാക്കണമെന്ന നിർദേശമുണ്ടെങ്കിലും പലപ്പോഴും പാലിക്കപ്പെടുന്നില്ല. രാത്രി സമയമങ്ങളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന ബോർഡുകളോ മറ്റോ സ്ഥാപിക്കണമെന്ന നിർദേശവും പാലിക്കുന്നില്ല.മഴക്കാലം ആരംഭിക്കുന്നതോടെ അപകട നിരക്ക് വർധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
കാന നിർമാണം: ഗതാഗതക്കുരുക്ക്
എടപ്പാൾ ∙ കെഎസ്ഇബിയുടെ 11 കെവി ലൈൻ ഭൂമിക്കടിയിലൂടെ കൊണ്ടുപോകുന്ന ജോലികളുടെ ഭാഗമായി കാന നിർമിക്കുന്നതിനാൽ നടുവട്ടം മുതൽ എടപ്പാൾ ജംക്‌ഷൻ വരെ ഗതാഗതക്കുരുക്ക്.ഇന്നലെ വൈകിട്ടോടെയാണ് അയിലക്കാട് റോഡിൽ നിന്ന് നടുവട്ടം സംസ്ഥാന പാതയിലേക്ക് കയറുന്ന ഭാഗത്ത് കേബിൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി അയിലക്കാട് ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചതോടെ വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിഞ്ഞില്ല.
ഇതോടെ ഗതാഗതക്കുരുക്ക് എടപ്പാൾ ടൗൺ വരെയും കാലടിത്തറ വരെയും നീണ്ടു. ഏറെ നേരം കാത്തുനിന്നാണ് പലർക്കും കടന്നുപോകാനായത്. കുരുക്കിനെ മറികടന്ന് സ്വകാര്യ ബസുകൾ മുന്നോട്ടെടുത്തത് തർക്കങ്ങൾക്കും ഇടയാക്കി.