ആഘോഷനിറവിൽ

Mail This Article
മുംബൈ ∙ ത്യാഗസ്മരണകളിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു. കോവിഡ്കാലം കവർന്ന ആഘോഷങ്ങൾ തിരിച്ചെത്തിയ സന്തോഷത്തിൽ രാവിലെ ഈദ് നമസ്കാരത്തിന് മസ്ജിദുകളിൽ വിശ്വാസികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഒട്ടുമിക്ക പള്ളികളിലും ഒന്നിലേറെ തവണയായി നമസ്കാരം നടത്തി. തുടർന്ന് സ്രഷ്ടാവിന്റെ പ്രീതിക്കായി ബലി അർപ്പിക്കുന്ന പ്രധാന കർമം നടത്തി.
കോവിഡ് മഹാമാരിക്കാലം മുതൽ തുടങ്ങിയ സാമ്പത്തിക ഞെരുക്കം കാരണം ബലികർമം നടത്തിയ വിശ്വാസികളുടെ എണ്ണത്തിൽ ഇത്തവണ ചെറിയ കുറവുണ്ട്. കുടുംബാംഗങ്ങളുടെ ഒത്തുചേരലും വിഭവസമൃദ്ധ ഭക്ഷണവുമൊക്കെ ഈദ് ആഘോഷത്തിന്റെ ഭാഗമാണ്.
മഴഭീതിയിൽ പലരും ഉല്ലാസയാത്രകൾ ഒഴിവാക്കിയത് കുട്ടികൾക്കിടയിൽ നിരാശ പടർത്തിയെങ്കിലും മുതിർന്നവരിൽ നിന്നുള്ള പെരുന്നാൾ പണം ലഭിച്ചത് സന്തോഷമേകി. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒട്ടേറെപ്പേർ വീടുകളിൽ ഒത്തുചേർന്നു.