‘ജയ സ്തംഭം’ കാണാൻ ജനത്തിരക്ക്

Mail This Article
മുംബൈ ∙ പുണെയ്ക്കു സമീപം ഭീമ-കൊറേഗാവിലെ യുദ്ധ സ്മാരകത്തിലേക്ക് വൻജനപ്രവാഹം. യുദ്ധത്തിന്റെ 205-ാം വാർഷികം പ്രമാണിച്ചാണു യുദ്ധ സ്മാരകമായ ‘ജയ സ്തംഭം’ കാണാൻ ജനങ്ങളൊഴുകിയെത്തിയത്. 1,818 ജനുവരി ഒന്നിന് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠാ സൈന്യവും തമ്മിൽ നടന്ന യുദ്ധത്തിൽ ഇവിടത്തെ ദലിത് വിഭാഗക്കാർ ഉൾപ്പെട്ട ഈസ്റ്റ് ഇന്ത്യാ കമ്പനി പട്ടാളം ജയിച്ചതിന്റെ സ്മാരകമാണിത്. എല്ലാ വർഷവും ജനുവരി ഒന്നിനു യുദ്ധ വീരന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇവിടേക്ക് ജനമെത്തും.
2018 ജനുവരി ഒന്നിന് ഭീമാ -കൊറേഗാവ് യുദ്ധത്തിന്റെ 200-ാം വാർഷികത്തിനിടെ നടന്ന അക്രമത്തിൽ ഒരാൾ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവർത്തകർ ഇവിടെ നടത്തിയ പ്രകോപനപരമായ പ്രസംഗങ്ങളാണ് അക്രമത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മലയാളിയായ റോണ വിൽസൺ ഉൾപ്പെടെ 16 മനുഷ്യാവകാശ പ്രവർത്തകരെ പിന്നീട് അറസ്റ്റ് ചെയ്തു.
മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്ന കേസിൽ യുഎപിഎ ഉൾപ്പെടെയുള്ള കടുത്ത വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവരിൽ ഫാ.സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരിക്കെ കഴിഞ്ഞ വർഷം ജൂലൈയിൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരണമടഞ്ഞു. കവി വരവര റാവു, സുധാ ഭരദ്വാജ്, ആനന്ദ് തേൽതുംബ്ഡെ എന്നിവർക്കു ജാമ്യം ലഭിച്ചു. ഗൗതം നവ്‌ലാഖയെ വീട്ടുതടങ്കലിലാക്കി. മറ്റുള്ളവർ നവിമുംബൈയിലെ തലോജ ജയിലിലാണ്.