വായുമലിനീകരണം: പരിഹാരനടപടികൾ ശരിയാണോയെന്ന് പഠിക്കണമെന്ന് ഹൈക്കോടതി

Mail This Article
മുംബൈ ∙ നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും കരി (ചാർക്കോൾ) ഉപയോഗിക്കുന്നതു മൂലമുള്ള പാരിസ്ഥിതിക ആഘാതം വിലയിരുത്താൻ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിനു ഹൈക്കോടതി നിർദേശം നൽകി. ‘ശാസ്ത്രീയ പഠനം നടത്തി റിപ്പോർട്ട് നൽകണം. ആശയക്കുഴപ്പം ഒഴിവാക്കാൻ വിദഗ്ധസംഘത്തെ നിയോഗിക്കണം’– കോടതി നിർദേശിച്ചു. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലെയും കരി ഉപയോഗം ജൂലൈ 8 മുതൽ നിരോധിച്ചുകൊണ്ട് ബിഎംസി ഉത്തരവിറക്കിയിരിക്കുന്നു.
അതിനോടകം എല്ലാവരും ഹരിത ഇന്ധനങ്ങളിലേക്കു മാറണമെന്നാണു നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വിലക്കിനെതിരെ പ്രതിഷേധിച്ച ഹോട്ടൽ, ബേക്കറി ഉടമകളും കരിവ്യാപാരികളും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.നഗരത്തിൽ വായുമലിനീകരണം രൂക്ഷമായതോടെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസാണ് കരി നിരോധനത്തിലേക്ക് നയിച്ചത്.
എന്നാൽ, 100 വർഷത്തിലേറെയായി നഗരത്തിൽ കരി വ്യാപാരം നടത്തുന്ന കുടുംബങ്ങളെയും ബേക്കറി ഉടമകളെയും തന്തൂരി ഉൽപന്നങ്ങൾക്കു കരി ഉപയോഗിക്കുന്ന ഹോട്ടൽ ഉടമകളെയും ബാധിക്കുന്ന തീരുമാനത്തിനെതിരെ വലിയ പ്രതിഷേധം ഉയരുകയായിരുന്നു. കരി അംഗീകൃത ഇന്ധനമാണെന്നും മലിനീകരണം രൂക്ഷമായ ഡൽഹിയിൽ പോലും അതു ഉപയോഗിക്കാനാകുന്നുണ്ടെന്നും ഹോട്ടൽ, ബേക്കറി ഉടമകൾ ചൂണ്ടിക്കാട്ടി.
നഗരത്തിലെ ഹോട്ടലുകൾക്കും ബേക്കറികൾക്കും നോട്ടിസ് നൽകിയ ബിഎംസി നടപടി തെറ്റാണെന്ന വാദവും അവർ ഉയർത്തി.അതോടെ, മലിനീകരണം രൂക്ഷമാക്കുന്നതിൽ കരി പ്രധാന പങ്കുവഹിക്കുന്നുണ്ടോ എന്നു തങ്ങൾക്ക് ഇപ്പോൾ പറയാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് എം.എസ് കാർണിക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അറിയിച്ചു.
പഠനറിപ്പോർട്ട് ലഭിച്ചതിനു ശേഷമേ എന്തെങ്കിലും പറയാനാകുവെന്നും വ്യക്തമാക്കി. നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിച്ചാൽ വായുമലിനീകരണം നിയന്ത്രിക്കാനാകില്ലേ എന്നും വിഷയം പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു.ഏപ്രിൽ 21ന് കേസ് വീണ്ടും പരിഗണിക്കും.