സൈബർ തട്ടിപ്പിന് ഇരയാകുന്നവർ കൂടുന്നു; മുംബൈക്കാർക്ക് നഷ്ടപ്പെട്ടത് 1922 കോടി

Mail This Article
മുംൈബ∙ സൈബർ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം കൂടുന്നു. സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ലേക്ക് സഹായമഭ്യർഥിച്ച് ഇതുവരെ ലഭിച്ച കോളുകളുടെ എണ്ണം ഒരു ലക്ഷം കടന്നു. പ്രതിദിനം ശരാശരി 1500 കോൾ വരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. 3 വർഷത്തിനിടെ വിവിധ സൈബർ തട്ടിപ്പുകളിലായി മുംബൈക്കാർക്ക് നഷ്ടപ്പെട്ടത് 1922 കോടി രൂപയാണ്. സൈബർ പൊലീസിന് തിരിച്ചുപിടിക്കാനായത് 241 കോടി രൂപ മാത്രം.
ഹെൽപ്‌ലൈൻ
കൂടിവരുന്ന സൈബർ തട്ടിപ്പുകളിൽനിന്ന് ജനങ്ങളെ രക്ഷിക്കുക എന്ന ലക്ഷ്യത്തിൽ 2022 മേയ് 17നാണ് 1930 എന്ന ഹെൽപ് ലൈൻ നമ്പർ പൊലീസ് തുടങ്ങിയത്. ഒരേ സമയം 6 പേർക്ക് വിളിക്കാവുന്ന രീതിയിൽ ക്രമീകരിച്ച ഹെൽപ് ലൈൻ ഇപ്പോൾ ഒരേസമയം 22 പേർക്ക് വിളിക്കാവുന്ന രീതിയിലായി.
സജ്ജമായി സൈബർ വകുപ്പ്
24 മണിക്കൂർ ജാഗ്രതയോടെ പ്രവർത്തിക്കുന്ന വലിയൊരു സംഘം നിലവിൽ സൈബർ പൊലീസ് വിഭാഗത്തിൽ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ വകുപ്പുകൾ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടക്കമുള്ള ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ഞൊടിയിടയിൽ ബന്ധപ്പെടാവുന്ന തരത്തിലേക്ക് സൗകര്യങ്ങൾ വികസിച്ചു.
സൈബർ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് വർഷമായി കൂടുതലാണ്. വെള്ളിയാഴ്ചയാണ് പരാതികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞത്. ശനിയാഴ്ച വൈകുന്നേരത്തോടെ പുതിയ 1069 പരാതികളും റിപ്പോർട്ട് ചെയ്തു. തട്ടിപ്പിന് ഉപയോഗിച്ച 8214 സിംകാർഡ് ഇതിനോടകം പൊലീസ് പ്രവർത്തനരഹിതമാക്കിയെന്ന് സൈബർ വിങ് ഡപ്യൂട്ടി കമ്മിഷണർ ദത്താ നാലാവാഡെ പറഞ്ഞു.
ആദ്യ മണിക്കൂറുകൾ നിർണായകം
തട്ടിപ്പിന് ഇരയായാൽ ആദ്യ മണിക്കൂറുകൾ നിർണായകമാണെന്നു പൊലീസ് അറിയിച്ചു. എത്ര പെട്ടെന്ന് പരാതിപ്പെടുന്നോ, അതിനനുസരിച്ച് പണം തിരിച്ചുപിടിക്കാനും കുറ്റവാളിയെ അറസ്റ്റ് ചെയ്യാനുമാകും. പണം തിരിച്ചുലഭിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ ജനുവരിയിൽ മാത്രം 51 കോടി രൂപ തിരിച്ചുപിടിച്ചു. ഈയടുത്ത് കബളിപ്പിക്കപ്പെട്ട് 11.34 കോടി രൂപ നഷ്ടപ്പെട്ട കമ്പനിക്ക് പെട്ടെന്ന് പരാതിപ്പെടാൻ കഴിഞ്ഞതിനാൽ 11.20 കോടി രൂപയും തിരികെ ലഭിച്ചു.