കനത്ത മഴ; ഫാൾസുകളിൽ വെള്ളച്ചാട്ടം ശക്തമായി

Mail This Article
പൊള്ളാച്ചി∙ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായ ഉദുമലൈപേട്ട തിരുമൂർത്തി മലയിലെ പഞ്ചലിംഗ അരുവിയിലും ആളിയാർ മങ്കി ഫാൾസിലും കനത്ത മഴയെ തുടർന്ന് വെള്ളച്ചാട്ടത്തിന്റെ ശക്തി വർധിച്ചു. ഉദുമ ലൈ പേട്ട, ധളി, തിരുമൂർത്തി മല ഭാഗങ്ങളിലെ മല പ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയാണ് വെള്ളച്ചാട്ടം ശക്തമാകാൻ കാരണം.
വാൽപാറ മലമ്പ്രദേശങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മങ്കി ഫാൾസിൽ വെള്ളം കുതിച്ചൊഴുകുകയാണ്. മഴ പെയ്തതോടെ മങ്കി ഫാൾസിൽ വിനോദ സഞ്ചാരികൾക്കായുള്ള ആന സവാരി നിർത്തിവച്ചു. വരൾച്ച കാരണം വറ്റിവരണ്ട മങ്കി ഫാൾസ് മഴ ശക്തമായതോടെ ഈ വർഷം രണ്ടാം തവണയാണ് നിറഞ്ഞുകവിയുന്നത്. വെള്ളച്ചാട്ടം ശക്തമായതോടെ അരുവിക്ക് സമീപത്തുള്ള ഫാൾസിൽ കുളിക്കാൻ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഫോറസ്റ്റ് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി.