സഞ്ചാരികളുടെ തിരക്കുള്ള ദിവസം തുറക്കാതെ നെല്ലിയാമ്പതി ഫാം

Mail This Article
നെല്ലിയാമ്പതി∙ വിനോദസഞ്ചാരികൾ കൂടുതലായി എത്താറുള്ള അവധി ദിവസങ്ങളിൽ നെല്ലിയാമ്പതി സർക്കാർ ഓറഞ്ച് ഫാം അടഞ്ഞുകിടക്കും. വിവിധ പദ്ധതികളുടെ പേരിൽ സർക്കാർ ഖജനാവിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ടാക്കിയാണ് ഫാം പ്രവർത്തിക്കുന്നത്. അവധി ദിവസങ്ങളിൽ പ്രവേശനം വിലക്കുന്നതു വഴിയും വിൽപന കൗണ്ടർ അടച്ചിടുന്നതിനാലും ഫാമിന്റെ വരുമാനം വർധിപ്പിക്കാൻ കഴിയുന്ന അവസരം നഷ്ടമാവുന്നു. ഫാമിൽ ഉൽപാദിപ്പിക്കുന്ന വിവിധ ഇനം സ്ക്വാഷ്, ജാം, ജെല്ലി, പൂച്ചെടികൾ തുടങ്ങിയവയുടെ വിൽപന ഈ ദിവസങ്ങളിൽ നടക്കാത്തതോടെ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണു ഇല്ലാതാകുന്നത്.
നെല്ലിയാമ്പതി സഞ്ചാരികൾ വലിയ പ്രതീക്ഷയോടെ കാണാൻ ആഗ്രഹിക്കുന്ന ഒന്നാണ് ഓറഞ്ച് ഫാം. മാൻപാറയിലേക്കും കുരിശുപള്ളിയിലേക്കുമെല്ലാം വനംവകുപ്പ് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ നെല്ലിയാമ്പതി എത്തുന്ന വിനോദസഞ്ചാരികൾക്ക് ഫാം മാത്രമാണ് ആശ്രയം. പ്രവൃത്തി ദിവസങ്ങളിലാണെങ്കിൽ സന്ദർശന സമയം വെട്ടിച്ചുരുക്കുകയും ചെയ്തു. പകൽ മുഴുവൻ പ്രവേശനം നൽകി വന്നിരുന്ന ഫാമിലേക്കു രാവിലെ 8 മുതൽ 12 വരെയും ഉച്ചയ്ക്ക് ഒന്നു മുതൽ 4 വരെയുമാണ് ഇപ്പോൾ പ്രവേശനം അനുവദിക്കുന്നത്.
അതേസമയം വേണ്ടത്ര ജീവനക്കാരില്ലാത്തതു കൊണ്ടാണ് അടച്ചിടുന്നതെന്ന് ഫാം സൂപ്രണ്ട് പറഞ്ഞു. നല്ല തിരക്ക് പ്രതീക്ഷിക്കുന്ന ഞായറാഴ്ച പണമിടപാട് നടത്തേണ്ടതിനാൽ ബന്ധപ്പെട്ട കാഷ്യറും ജീവനക്കാരും ഉണ്ടാകണം. സംസ്ഥാനത്ത് താരതമ്യേന വിസ്തൃതി കൂടിയതും 157 തൊഴിലാളികളും ജോലിചെയ്തു വരുന്ന ഫാമിന് പത്തിൽ കൂടുതൽ ക്ലാർക്ക് വേണമെങ്കിലും ആകെ 4 പേരാണുള്ളതെന്നും സൂപ്രണ്ട് പറഞ്ഞു.