നവീകരിച്ച എക്സൈസ് ചെക്പോസ്റ്റ് തയാർ; അതിർത്തി വഴിയുള്ള ലഹരിക്കടത്തിനു തടയിടൽ ലക്ഷ്യം

Mail This Article
വാളയാർ ∙ സംസ്ഥാന അതിർത്തി വഴിയുള്ള ലഹരി കടത്തിനു തടയിടാൻ വാളയാറിൽ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച എക്സൈസ് ചെക്പോസ്റ്റ് തയാർ. നേരത്തെ ചന്ദ്രാപുരത്തു പ്രവർത്തിച്ചിരുന്ന ചെക്പോസ്റ്റാണ് സംസ്ഥാന അതിർത്തിയിൽ ദേശീയപാതയോരത്തേക്കു മാറ്റി സ്ഥാപിച്ചത്. നേരത്തെ സർവീസ് റോഡിലാണ് ചെക്പോസ്റ്റ് പ്രവർത്തിച്ചത്. ഇതു പരിശോധനയ്ക്കു വലിയ തടസ്സമായിരുന്നു. വാഹനങ്ങൾ പലപ്പോഴും ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിച്ചു പോകുന്നതും പതിവായിരുന്നു. ദേശീയപാതയോരത്തേക്ക് ചെക്പോസ്റ്റ് മാറ്റുന്നതോടെ പരിശോധന കൂടുതൽ ഊർജിതമാക്കാനാകുമെന്നാണ് എക്സൈസ് വകുപ്പിന്റെ പ്രതീക്ഷ.
അത്യാധുനിക സൗകര്യത്തോടെ നിർമിച്ച പുതിയ കണ്ടെയ്നർ മൊഡ്യൂൾ പൂർണമായും ശീതീകരിച്ചതാണ്. സർക്കിൾ ഇൻസ്പെക്ടർ, എക്സൈസ് ഇൻസ്പെക്ടർ എന്നിവർക്കുള്ള മുറികൾ, ഓഫിസ് റൂം വിശ്രമമുറി, ശുചിമുറി എന്നിവ അടങ്ങുന്നതാണു പുതിയ കണ്ടെയ്നർ മൊഡ്യൂൾ. 24 മണിക്കൂറും റെക്കോർഡിങ് സംവിധാനമുള്ള സർവൈലെൻസ് ക്യാമറ സൗകര്യവും ഇവിടെ ഒരുക്കും.മലബാർ സിമന്റ്സ് ഓഫിസേഴ്സ് കോട്ടേഴ്സിനു സമീപമാണ് പുതിയ ചെക്പോസ്റ്റ്. ഇതിനാൽ മലബാർ സിമന്റ്സിലെ ഓഫിസേഴ്സ് കോട്ടേഴ്സിൽ ഒഴിഞ്ഞു കിടക്കുന്ന മുറികൾ എക്സൈസ് ഉദ്യോഗസ്ഥർക്കുള്ള കോട്ടേഴ്സുകളാക്കി മാറ്റാനും ശ്രമം നടക്കുന്നുണ്ട്.
വർഷങ്ങളായി ചന്ദ്രാപുരത്ത് പ്രവർത്തിച്ചിരുന്ന കണ്ടെയ്നർ മൊഡ്യൂളിന്റെ കാലാവധി കഴിഞ്ഞിരുന്നു. മഴയിൽ ചോർന്നൊലിക്കാനും തുടങ്ങി. ശുചിമുറി സൗകര്യവും ഇവിടെയില്ല. നേരത്തെ ചെക്പോസ്റ്റ് കെട്ടിടത്തിലെ ഉദ്യോഗസ്ഥരുടെ ദുരിതം ചൂണ്ടിക്കാട്ടി ‘മനോരമ’ നൽകിയ വാർത്തകൾ എക്സൈസ് മേധാവിയുടെ ശ്രദ്ധയിലെത്തിക്കാൻ സാധിച്ചിരുന്നു. ഇതോടെയാണ് പുതിയ കണ്ടെയ്നർ മൊഡ്യൂൾ സ്ഥാപിച്ചത്. ഔദ്യോഗിക ഉദ്ഘാടനം മന്തി എം.ബി.രാജേഷ് നിർവഹിച്ചെങ്കിലും പഴയ ചെക്പോസ്റ്റിൽ നിന്നുള്ള സാമഗ്രികൾ മാറ്റുന്നതിനാൽ അടുത്ത ദിവസം മുതലേ ചെക്പോസ്റ്റിന്റെ പ്രവർത്തനം പൂർണമായി പുതിയ കണ്ടെയ്നർ മൊഡ്യൂളിലേക്ക് മാറുകയുള്ളു.