വില്ലേജ് ഓഫിസറായിട്ട് ഒരു വർഷം മാത്രം; ശ്രീജയ്ക്കു സംസ്ഥാന പുരസ്കാരം

Mail This Article
കൊല്ലങ്കോട് ∙ വില്ലേജ് ഓഫിസറായി ഒരു വർഷം പിന്നിടുമ്പോഴേക്കും മികച്ച വില്ലേജ് ഓഫിസർക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാര ത്തിളക്കത്തിൽ കൊല്ലങ്കോട് 1 വില്ലേജ് ഓഫിസർ ആർ.ശ്രീജ. വില്ലേജ് ഓഫിസിന്റെ ഒരു വർഷത്തെ പ്രവർത്തനം, വില്ലേജ് ഓഫിസർ നടത്തിയിട്ടുള്ള ഇടപെടലുകൾ, ജനങ്ങളുമായുള്ള അടുപ്പം തുടങ്ങിയവ കണക്കിലെടുത്താണു പുരസ്കാരത്തിനു തിരഞ്ഞെടുക്കുന്നത്.
മുതലമട പ്ലാക്കൊളുമ്പിൽ താമസിക്കുന്ന ശ്രീജ 2006ലാണു റവന്യു വകുപ്പിൽ ക്ലാർക്കായി ജോലിയിൽ ചേരുന്നത്. 2023 ഡിസംബർ നാലിനു വില്ലേജ് ഓഫിസറായി ജോലിക്കയറ്റം ലഭിച്ചതിനെ തുടർന്നു കൊല്ലങ്കോട് ഒന്നു വില്ലേജിലെത്തി. ഭർത്താവ് പി.കുഞ്ഞിക്കണ്ണൻ തത്തമംഗലം വില്ലേജ് ഓഫിസറാണ്.
വിവിധ വില്ലേജുകളിൽ വില്ലേജ് അസിസ്റ്റന്റായി ജോലി ചെയ്തുള്ള പരിചയ മികവും അനുഭവങ്ങളും ചേർത്താണു രാജ്യത്തെ സുന്ദര ഗ്രാമങ്ങളിൽ ഇടംപിടിച്ച കൊല്ലങ്കോട്ടെ വില്ലേജിലെ പ്രവർത്തനം. മുതിർന്ന ഉദ്യോഗസ്ഥരും സഹപ്രവർത്തകരും നൽകുന്ന പിന്തുണ കൃത്യമായി ജനങ്ങൾക്കൊപ്പം നിന്നു ജോലി ചെയ്യാൻ സഹായിച്ചുവെന്ന വിലയിരുത്തലാണ് ആർ.ശ്രീജയ്ക്കുള്ളത്. പുരസ്കാരം ലഭിച്ചതു കർമരംഗത്തു കൂടുതൽ ഉത്തരവാദിത്തം ഉണ്ടാക്കുന്നതായും അവർ പറഞ്ഞു. വിദ്യാർഥികളായ ഗൗതം സിദ്ധാർഥ്, ഗൗരിക എന്നിവർ മക്കളാണ്.