ADVERTISEMENT

മരുതറോഡ് ∙ അപകടം പതിവായ ദേശീയപാത മരുതറോഡ് ജംക്‌ഷനിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നിലുള്ള മീഡിയൻ ക്രോസിങ് രാത്രി അടച്ചിടാൻ തീരുമാനം. വൈകിട്ട് 6 മുതൽ പുലർച്ചെ 6 വരെയാണ് അടച്ചിടുക. ഇന്നലെ പരീക്ഷണാടിസ്ഥാനത്തിൽ പരിഷ്കാരം നടപ്പാക്കി. വെളിച്ചക്കുറവുള്ള ഈ മേഖലയിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ നടപടികളും ഉടൻ ആരംഭിക്കും. ഒരു മാസത്തിനിടെ ഇരുപതിലേറെ അപകടം നടന്ന പ്രദേശമാണിത്. ഞായറാഴ്ച രാത്രി ബൈക്കിനു പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചിരുന്നു.

രണ്ടര വയസ്സുകാരിയായ മകൾക്കും ബൈക്ക് ഓടിച്ച അച്ഛന്റെ സഹോദരനും പരുക്കേറ്റു. ഇവിടെ അപകടം കുറയ്ക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ടു കസബ ഇൻസ്പെക്ടർ എം.സുജിത്ത് ദേശീയപാത അതോറിറ്റിക്കും നിർമാണ–പരിപാലന ചുമതലയുള്ള കരാർ കമ്പനിക്കും കത്തു നൽകിയിരുന്നു. തുടർന്നാണു മീഡിയൻ ക്രോസിങ് അടയ്ക്കാൻ തീരുമാനിച്ചത്.മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഓഫിസും വില്ലേജ് ഓഫിസും പോസ്റ്റ് ഓഫിസും ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടുന്നതാണു മരുതറോഡ് ജംക്‌ഷൻ. അതിനാൽ പകൽ മീഡിയൻ അടച്ചിട്ടാൽ വിവിധ സേവനങ്ങൾക്കായി എത്തുന്ന കാൽനട യാത്രക്കാർ ഉൾപ്പെടെ പ്രയാസത്തിലാകും.

മോട്ടർ വാഹന വകുപ്പ് ഇന്നലെ അപകടം നടന്ന സ്ഥലം സന്ദർശിച്ചിരുന്നു. ഇന്നലെ മുതൽ സ്ഥലത്തു രാത്രികാല പരിശോധന നടത്തുന്നുണ്ട്. പ്രദേശത്തു വഴിവിളക്കു സ്ഥാപിക്കണമെന്നും ചന്ദ്രനഗർ മേൽപാലം അവസാനിക്കുന്ന മരുതറോഡ് ജംക്‌ഷനിലെ റോഡിൽ വേഗ നിയന്ത്രണ സംവിധാനം ഒരുക്കണമെന്നും മോട്ടർ വാഹന വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം ദേശീയപാതയിലെ അനധികൃത വാഹന പാർക്കിങ് ഒഴിവാക്കാനും ലെയ്ൻ ട്രാഫിക് കർശനമാക്കാനും പരിശോധന തുടങ്ങിയെന്നും എൻഫോഴ്സ്മെന്റ് ആർടിഒ വി.ടി.മധു പറഞ്ഞു.

അമൃതയുടെ സംസ്കാരം നടത്തി
ദേശീയപാത മരുതറോഡ് ജംക്‌ഷനിൽ സ്കൂട്ടറിനു പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച പുതുശ്ശേരി കാളാണ്ടിത്തറയിലെ അമൃതയുടെ സംസ്കാരം നടത്തി. ഖത്തറിലായിരുന്ന ഭർത്താവ് അരുൺകുമാർ ഇന്നലെ പുലർച്ചെയാണു പുതുശ്ശേരിയിലെത്തിയത്. ഉച്ചയോടെയായിരുന്നു സംസ്കാരം.

അപകടത്തിൽ അമൃതയുടെ മകൾ ആദ്‌വികയ്ക്കും അമൃതയുടെ അച്ഛന്റെ സഹോദരൻ പി.മഹിപാലിനും പരുക്കേറ്റിരുന്നു. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും തിങ്കളാഴ്ച രാത്രി പുതുശ്ശേരി കാളാണ്ടിത്തറയിലെ വീട്ടിലെത്തി അമൃതയുടെ ബന്ധുക്കളെ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമലയുടെ ബന്ധുകൂടിയാണു മരിച്ച അമൃത.

English Summary:

Night closure of Malampuzha median crossing improves road safety. The decision follows a history of accidents at the Marutharoad junction on the national highway.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com