നാട്ടിൽ താരമായി ‘താമരച്ചക്ക’; ഒരു കുലയിൽ പല വലുപ്പത്തിൽ ഇരുപതോളം ചക്കകൾ...

Mail This Article
വടക്കഞ്ചേരി∙ കേരളത്തിന്റെ കാർഷികോത്സവമായ വിഷുനാളിൽ കണി കാണാൻ ഇക്കുറി താമരച്ചക്കയും. തനി നാടൻ കുഞ്ഞൻ ചക്ക കണിയൊരുക്കാനും നിരവധി പേർ കൊണ്ടുപോയി. കാർഷിക മേഖലയിൽ നിരവധി പരീക്ഷണങ്ങളും പുതിയ കൃഷി രീതികളും നടത്തി ശ്രദ്ധേയനായ കിഴക്കഞ്ചേരി കണിയമംഗലം തട്ടാംപടവ് പുത്തൻപുരയിൽ സാജു തോമസിന്റെ തോട്ടത്തിലാണ് ഈ കൗതുകച്ചക്കയുള്ളത്. പ്ലാവിൽ അടയ്ക്കക്കുല പോലെ തിങ്ങി നിറഞ്ഞ കുലകളായാണ് ഈ കുഞ്ഞൻ ചക്കകൾ കായ്ച്ചു നിൽക്കുന്നത്.
ഒരു കുലയിൽ തന്നെ പല വലുപ്പത്തിൽ ഇരുപതോളം ചക്കകൾ ഉണ്ട്. അടയ്ക്ക വലിപ്പമുള്ള ചക്ക മുതൽ ചെറിയ തേങ്ങാ വലുപ്പമുള്ള ചക്കകൾ വരെ ഓരോ കുലയിലുമുണ്ട്. കണ്ടാൽ കടച്ചക്ക പോലെ തോന്നിക്കുന്നവയാണിതെന്ന് സാജു പറഞ്ഞു. താമരച്ചക്കയിലെ ഏറ്റവും വലുതിൽ 20 മുതൽ 30 ചുളകൾ വരെ ഉണ്ടാകും. ഒരു കിലോയെ തൂക്കംവരൂ. തിങ്ങിനിറഞ്ഞ് ചുളയുമുണ്ട്. നല്ല മധുരവും ചുളകൾക്കുണ്ട്. സാധാരണ ചക്കയേക്കാൾ രുചിയും മണവും കൂടുതലാണ്.
പെരുമ്പാവൂരിലെ ഭാര്യവീട്ടിൽ നിന്ന് കൊണ്ടുവന്ന ഉണ്ടച്ചക്കയുടെ കൊമ്പ് സാജുവിന്റെ പറമ്പിലെ നാടൻ ചക്കക്കുരുവിൽ മുളപ്പിച്ച തൈ ബഡ്ഡ് ചെയ്താണ് താമര പ്ലാവ് വളർത്തിയെടുത്തത്. മുള പിടിച്ച് അഞ്ചാം വർഷം മുതൽ ചക്ക കായ്ച്ചു തുടങ്ങി. ഇപ്പോൾ ഈ പ്ലാവിന് പതിനഞ്ച് വർഷം പ്രായമുണ്ടെന്ന് സാജു പറഞ്ഞു. കുഞ്ഞൻ താമരച്ചക്ക വടക്കഞ്ചേരിയിൽ നിന്ന് കച്ചവടക്കാരെത്തി വിൽപനയ്ക്കായി കൊണ്ടുപോയി. ഇതോടെ വിഷുവിന് കണിയൊരുക്കാനും ചക്ക വാങ്ങാൻ തിരക്കാണ്. 40 കിലോയ്ക്ക് മുകളിൽ തൂക്കമുള്ള കപ്പയും തെങ്ങ്, കമുക്, ജാതി, റബർ എന്നിവയും റംബുട്ടാൻ, മാംഗോസ്റ്റ്, ബറാബ, വെസ്റ്റ് ഇന്ത്യൻ ചെറി അടക്കം 22 ഇനങ്ങളോളം പഴവർഗങ്ങളുമുണ്ട് സാജുവിന്റെ തോട്ടത്തിൽ.
വെച്ചൂർ പശുക്കളെയും, നൂറ്റൻപതിലേറെ നാടൻ കോഴികളെയും ഇവിടെ വളർത്തുന്നുണ്ട്. കർഷകനായ സാജുവിനെ തേടി നിരവധി പുരസ്‌കാരങ്ങളും എത്തി. 2011ൽ സരോജിനി നായിഡു ഫൗണ്ടേഷന്റെ മികച്ച ജൈവ കർഷക അവാർഡ്, 2009ൽ കൃഷി വകുപ്പിന്റെ ആത്മ അവാർഡ്, 2007ൽ പഞ്ചായത്ത് കർഷക അവാർഡ് എന്നിവ ലഭിച്ചു. ഭാര്യ മിനിയാണ് സാജുവിനെ കൃഷിയിൽ സഹായിക്കുന്നത്. മകൾ ലിമി കുടുംബത്തോടെ യുകെയിലും മകൻ ജിലീഷ് യുഎഇയിലുമാണ്.