കൊടുമണ്‍ സ്റ്റേഡിയം നിർമാണം ഫിനിഷിങ് ട്രാക്കിൽ

Mail This Article
കൊടുമൺ ∙ പഞ്ചായത്തിലെ ആധുനിക സ്റ്റേഡിയം പൂർത്തിയാകുന്നു. സ്റ്റേഡിയത്തിൽ പുല്ല് വച്ചുപിടിപ്പിക്കുന്ന ജോലികൾ ഏകദേശം പൂർത്തിയായി. 400 പേർക്ക് ഇരിക്കാവുന്ന തരത്തിലുള്ള ഗാലറിയുടെ നിർമാണവും അവസാനഘട്ടത്തിലാണ്. സർക്കാരിന്റെ കിഫ്ബി പദ്ധതി പ്രകാരം 15.10 കോടി രൂപ ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.
ഇതിൽ ആദ്യഘട്ടമെന്ന നിലയിൽ 9 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തീകരിച്ചു കഴിഞ്ഞു. ഭരണപരമായ ഓഫിസ് കെട്ടിടങ്ങളുടെ പണികൾ പൂർത്തിയായി. ജലം പൂർണമായും സ്റ്റേഡിയത്തിൽ നിന്ന് വലിഞ്ഞു നീങ്ങുന്ന രീതിയിൽ പൈപ് ലൈൻ സ്ഥാപിച്ചാണ് പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ഇനിയും ട്രാക്കുകളുടെ നിർമാണം മാത്രമാണ് പൂർത്തിയാക്കാനുള്ളത്.
വാഹനങ്ങളുടെ പാർക്കിങ് സംവിധാനത്തോടു കൂടിയുള്ള ഓഫിസിന്റെ പ്രവർത്തനവും പൂർത്തിയായി. ഇൻഡോർ ബാഡ്മിന്റൻ കോർട്ടുകൾ പൂർത്തിയാകുന്നു. ലൈറ്റിങ് സംവിധാനം ഉടനെ ആരംഭിക്കും. 14 ലൈറ്റുകൾ ആണ് സ്റ്റേഡിയത്തിനു ചുറ്റുമായി സ്ഥാപിക്കുന്നത്. കോൺഫറൻസ് ഹാൾ, ശുചിമുറികൾ, വസ്ത്രം മാറുന്നതിനുള്ള മുറികൾ എന്നിവയുടെ പണികളും അവസാനഘട്ടത്തിലാണ്. ട്രാക്കുകൾ, കോർട്ടുകൾ എന്നിവ ലെവൽ ചെയ്യുന്ന ജോലികളും ഈ മാസം പൂർത്തിയാകും. ഏപ്രിൽ അവസാനത്തോടെ സ്റ്റേഡിയം കായിക പ്രേമികൾക്കായി തുറന്നു കൊടുക്കാനുള്ള ശ്രമത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.