വികസനപ്പെട്ടിയുമായി ജനങ്ങളിലേക്ക്

Mail This Article
ഏഴംകുളം ∙ നാടിന്റെ വളർച്ചയ്ക്കുള്ള നിർദേശങ്ങൾ തേടി വികസനപ്പെട്ടിയുമായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്കെടിയു) ഏഴംകുളം വില്ലേജ് കമ്മിറ്റി. ഈ വില്ലേജ് പരിധിയിലുള്ള വാർഡുകളിൽ ഇനിയും എത്തേണ്ട വികസന പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കാൻ വേണ്ടിയാണ് വികസനപ്പെട്ടിയുമായി ഈ കർഷക സംഘടന ജനങ്ങളുടെ മുന്നിലേക്ക് എത്തുന്നത്.
പദ്ധതി ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി സി. രാധാകൃഷ്ണൻ നിർവഹിച്ചു. ഏരിയ സെക്രട്ടറി എസ്.സി ബോസ്, മേഖല സെക്രട്ടറി വിജു രാധാകൃഷ്ണൻ ,പ്രസിഡന്റ് കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
നിർദേശങ്ങൾ ഇങ്ങനെ
കൃഷി, വയോജന ക്ഷേമം, ആരോഗ്യം, പൊതു വികസനം, യുവജന ക്ഷേമം, കലാ-സാംസ്കാരികം, പട്ടികജാതി ക്ഷേമം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട് ഇനിയും വില്ലേജ് പരിധിയിലെ വാർഡുകളിൽ നടപ്പാക്കേണ്ട വികസന നിർദേശങ്ങളാണ് ക്ഷണിക്കുന്നത്.
രാവിലെ 9 മുതൽ 5 വരെ ജനങ്ങൾക്ക് നിർദേശങ്ങൾ എഴുതി പ്രധാന സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന പെട്ടിയിൽ ഇടാം. തുടർന്ന് മേഖലാ കമ്മിറ്റി ഇതു പരിശോധിച്ച് വാർഡുകളിൽ ജയിച്ചു വരുന്ന ജനപ്രതിനിധികൾക്ക് കൈമാറി ജനങ്ങൾ നിർദേശിച്ച ആവശ്യങ്ങൾ നടപ്പാക്കാൻ വേണ്ട ഇടപെടൽ നടത്താനാണ് മേഖലാ കമ്മിറ്റിയുടെ തീരുമാനം.
പെട്ടികൾ ഇവിടെ ഉണ്ടാകും
15ന് രാവിലെ 9ന് പനവിള കോളനി, 10ന് കല്ലുംമുകൾ കോളനി, 16ന് തൊടുവക്കാട് ജംക്‌ഷൻ, 17 ന് മുക്കുഴിക്കൽ ജംക്‌ഷൻ, 18ന് കാപ്പിൽ കോളനി, പനയ്ക്കമുരുപ്പ് കോളനി, 19ന് പ്ലാന്റേഷൻ ജംക്‌ഷൻ, ഏഴംകുളം ജംക്‌ഷൻ എന്നിവിടങ്ങളിലാണു വികസന നിർദേശപ്പെട്ടി സ്ഥാപിക്കുന്നത്.