കേരളവുമായി സഹകരിക്കാൻ താൽപര്യമെന്ന് യുഎഇ, ബഹ്റൈൻ മന്ത്രിമാർ; കേരളം വികസന കവാടമെന്ന് കേന്ദ്രമന്ത്രിയും

Mail This Article
കേരളവുമായി വിവിധ മേഖലകളിൽ സഹകരിക്കാൻ താൽപര്യം പ്രകടിപ്പിച്ച് യുഎഇ, ബഹ്റൈൻ മന്ത്രിമാർ. കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ആരംഭിച്ച ദ്വിദിന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് (ഐകെജിഎസ്-2025) മന്ത്രിമാർ ഇക്കാര്യം അറിയിച്ചത്.
ഇന്ത്യയും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സാമ്പത്തിക പങ്കാളിത്തത്തില്‍ ശ്രദ്ധേയ വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് പറഞ്ഞ യുഎഇ സാമ്പത്തികകാര്യ മന്ത്രി അദ്ബുള്ള ബിന്‍ തൗക് അല്‍ മാരി, യുഎഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യയെന്നും വ്യക്തമാക്കി.
ഭക്ഷ്യ സംസ്കരണം, ടൂറിസം, സാങ്കേതികവിദ്യ, ആരോഗ്യസുരക്ഷ, ബഹിരാകാശം തുടങ്ങിയ തന്ത്രപ്രധാന മേഖലകളില്‍ കേരളവുമായി സഹകരിക്കാന്‍ അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. ഉച്ചകോടിയില്‍ 22 അംഗസംഘമാണ് അദ്ദേഹത്തോടൊപ്പം യുഎഇയിൽ നിന്നുള്ളത്. ഭക്ഷ്യസുരക്ഷ, ടൂറിസം, ഹോസ്പിറ്റാലിറ്റി, സെമികണ്ടക്ടര്‍ തുടങ്ങിയ മേഖലകളില്‍ കേരളവുമായി സഹകരിക്കാനുള്ള താൽപര്യമാണ് ബഹ്റൈന്‍ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുള്ള ബിന്‍ അദേല്‍ ഫഖ്രു അറിയിച്ചത്.
തനത് ശക്തിമേഖലകളിലെ വികസനത്തിലൂടെ, കേരളം 'ഇന്ത്യയുടെ വികസന കവാടമായി' മാറിയെന്ന് കേന്ദ്രമന്ത്രി ജയന്ത് ചൗധരിയും പറഞ്ഞു. നൈപുണ്യ ശേഷിയുള്ള മനുഷ്യവിഭവത്തിലൂടെ നവീകരണത്തിലും നൂതന സാങ്കേതികവിദ്യയിലും ഇന്ത്യക്ക് മികച്ച സംഭാവന നല്‍കാന്‍ കേരളത്തിനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിയിൽ വിവിധ വിഷയങ്ങളില്‍ നടക്കുന്ന സെഷനുകള്‍ക്ക് പുറമേ പാനല്‍ ചര്‍ച്ചകളുണ്ടാകും. 28 പ്രത്യേക സെഷനുകളാണുള്ളത്. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, 105 പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ പ്രദര്‍ശനവുമുണ്ട്. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോള ബിസിനസ് പ്രമുഖർ തുടങ്ങിയവര്‍ ഉള്‍പ്പെടെ 3,000 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business