പള്ളിക്കൽ പിടിക്കാൻ പെൺപോരാട്ടം

Mail This Article
അടൂർ ∙ കൃഷിയുടെ പച്ചപ്പ് നിറഞ്ഞ ജില്ലാ പഞ്ചായത്ത് പള്ളിക്കൽ ഡിവിഷനിൽ 5 വർഷത്തിനു ശേഷം വീണ്ടും വനിതകളുടെ പോരാട്ടമാണ്. 2 തവണയായി എൽഡിഎഫിന്റെ കയ്യിലിരിക്കുന്ന ഡിവിഷൻ തിരിച്ചു പിടിക്കാൻ ഡിവിഷനിലെ തന്നെ മുൻ സാരഥി റിട്ട. അധ്യാപിക സുധാ കുറുപ്പിനെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്. ശ്രീനാദേവി കുഞ്ഞമ്മയെയാണ് സീറ്റു നിലനിർത്താൻ എൽഡിഎഫ് പോരിനിറക്കിയത്. ജി. ശ്രീകുമാരിയാണ് എൻഡിഎയുടെ സ്ഥാനാർഥി. 544 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സിപിഐയിലെ ടി. മുരുകേഷാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇക്കുറി ഈ ഡിവിഷൻ ആരു പിടിക്കുമെന്ന് പ്രവചിക്കാൻ കഴിയാത്ത വിധം കടത്തു മത്സരമാണ് നടക്കുന്നത്.
പൊതുവിവരങ്ങൾ
പള്ളിക്കൽ പഞ്ചായത്തിലെ 23 വാർഡുകളും കടമ്പനാട്ടെ 9 വാർഡുകളും ഏറത്തെ 2 വാർഡുകളും പന്തളം തെക്കേക്കരയിലെ 7 വാർഡുകളും തുമ്പമണ്ണിലെ 6 വാർഡുകളും ഉൾപ്പെടെ 47 വാർഡുകൾ ഉൾപ്പെടുന്ന ഡിവിഷനാണിത്. ആകെ വോട്ടർമാരുടെ എണ്ണം 51,704.
സുധാ കുറുപ്പ് (യുഡിഎഫ്)
മഹിളാ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് വനിതാ ഫോറം ജില്ലാ പ്രസിഡന്റ്, ജയ് ഹിന്ദ് പൗരാവകാശ സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, പള്ളിക്കൽ വനിതാ സഹകരണ സംഘം പ്രസിഡന്റ്, എൻഎസ്എസ് കുന്നത്തൂർ താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. വയസ്സ് 60.
ശ്രീനാദേവി കുഞ്ഞമ്മ (എൽഡിഎഫ്)
എഐവൈഎഎഫിലൂടെ രാഷ്ട്രീയ പ്രവേശം. നാഷനൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ യുവജന വിഭാഗം ദേശീയ കൗൺസിൽ അംഗം, വനിതകല–യുവകല സാഹിതി ജില്ലാ കമ്മിറ്റി അംഗം, മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം, എഐവൈഎഫ് അടൂർ മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പ്രവർത്തകയാണ്. വയസ്സ് 29.
ജി. ശ്രീകുമാരി (എൻഡിഎ)
ബിജെപി മണ്ഡലം സെക്രട്ടറിയും അടൂർ ഹൈസ്കൂൾ ജംക്‌ഷനിലെ മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമാണ്. മഹിളാ മോർച്ച അടൂർ നിയോജക മണ്ഡലം സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. വയസ്സ് 47.