എന്താണ് റൂൾകേർവ്? മഴയും വെള്ളപ്പൊക്കവുമില്ലെങ്കിലും കക്കി ഡാം തുറക്കുന്നത് എന്തിന്?

Mail This Article
പത്തനംതിട്ട ∙ മഴയും വെള്ളപ്പൊക്കവുമില്ലെങ്കിലും എന്തിനാണ് കക്കി ഡാം തുറക്കുന്നത് ? മൂന്നു വർഷം മുൻപ് സംസ്ഥാനത്ത് നിലവിൽ വന്ന ഡാം മാനേജ്മെന്റ് – റൂൾ കേർവ് തത്വം പാലിക്കാൻ എന്ന് ഉത്തരം. പ്രളയ ഭീതി ഒഴിവാക്കാൻ ലോകത്തെ വൻകിട ഡാമുകളിൽ നടപ്പിലാക്കുന്ന ഉപാധിയായ റൂൾകേർവ് പുതിയ കാര്യമല്ലെങ്കിലും കേരളത്തിൽ ഇത് കെഎസ്ഇബിക്കും ദുരന്തനിവാരണ വകുപ്പിനും ആശ്വാസമേകുന്നു.
കേരളത്തിലെ ഡാമുകൾ താരതമ്യേന ചെറുതാണെങ്കിലും 2018 ലെ പ്രളയത്തിനു ശേഷമാണ് കേന്ദ്ര ജല കമ്മിഷൻ പഠന–നിർദേശ അടിസ്ഥാനത്തിൽ 200 എംസിഎമ്മിനു മുകളിൽ ശേഷിയുള്ള കേരളത്തിലെ പ്രധാനപ്പെട്ട ഡാമുകളിൽ ഓരോ മാസത്തിലും സംഭരിക്കാവുന്ന പരമാവധി ജലത്തിന്റെ തോത് വൈദ്യുതി ബോർഡ് നിശ്ചയിച്ചത്. വൈദ്യുതി ഉൽപ്പാദനമുള്ള ഇടുക്കി, ഇടമലയാർ, കക്കി, ബാണാസുര സാഗർ എന്നീ അണക്കെട്ടുകളിലാണ് ഇത് ആദ്യം നടപ്പാക്കിയത്.
മലമ്പുഴ, കല്ലട എന്നീ ജലസേചന ഡാമുകളിലും തമിഴ്നാട് നിയന്ത്രണത്തിലുള്ള മുല്ലപ്പെരിയാർ, പറമ്പിക്കുളം ഉൾപ്പെടെ കേരളത്തിലെ 8 ഡാമുകളിലാണ് റൂൾ കേർവ് നിലവിലുള്ളതെന്ന് കെഎസ്ഇബി വിദഗ്ധ സമിതിയംഗം ജെയിംസ് വിൽസൻ പറഞ്ഞു. 100 ക്യൂമെക്സ് ജലം വിടാൻ അനുമതിയുണ്ടെങ്കിലും 50 ക്യൂമെക്സിൽ കൂടുതൽ വിടാൻ സാധ്യതയില്ലെന്നാണ് സൂചന. മഴ വർധിച്ചാൽ തീരുമാനം മാറ്റും. മീനാർ, കുള്ളാർ, ഗവി തുടങ്ങിയ സംവർധക ഡാമുകളിലും നല്ല നീരൊഴുക്കുണ്ട്.
പാലിക്കുന്നത് ജലവർഷ കലണ്ടർ
ജൂൺ 1 മുതൽ മേയ് 31 വരെയുള്ള കാലയളവിനെ ഒരു ജല–ഊർജ വർഷമായി പരിഗണിച്ചാണ് റൂൾ കേർവ് ചട്ടങ്ങൾ തയാറാക്കിയിരിക്കുന്നത്. മേയ് 31 ന് ജലവർഷം അവസാനിക്കുമ്പോൾ കക്കിയുടെ അടിത്തട്ട് തെളിയും. 908 മീറ്റർ എന്നാണ് അപ്പോൾ ഉയരം പറയുക. മഴക്കാലം സമാപിക്കുന്ന നവംബറിൽ 981 മീറ്റർ ജലം വേണം. ഇതുനനുസൃതമായ ജല–ഡാം മാനേജ്മെന്റാണ് കെഎസ്ഇബി എൻജിനീയർമാർ രൂപപ്പെടുത്തിയത്.
കാലാവസ്ഥാ മാറ്റംമൂലം ഏതുസമയവും പേമാരി പെയ്തിറങ്ങാമെന്ന സാധ്യത കണക്കിലെടുക്കുമ്പോൾ ഇന്നലെ കക്കി ഡാമിലെ ആനത്തോട് സ്പിൽവേ വഴി പുറത്തേക്കു വിട്ട വെള്ളം ദുരന്ത നിവാരണത്തിലേക്കുള്ള ആദ്യ പടിയാണ്.