അടൂർ ഏറത്ത് സഹകരണ ബാങ്ക് : വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി സിപിഎം പ്രവർത്തകർ വോട്ട് ചെയ്തെന്ന് റിപ്പോർട്ട്
Mail This Article
പത്തനംതിട്ട ∙ അടൂർ ഏറത്ത് സർവീസ് സഹകരണ ബാങ്ക് ഭരണം പിടിക്കാൻ വോട്ടിങ് കേന്ദ്രത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുണ്ടാക്കി തന്റെ കൺമുന്നിൽ സിപിഎം പ്രവർത്തകർ വോട്ട് ചെയ്തെന്നു ഹൈക്കോടതി നിയോഗിച്ച നിരീക്ഷകയുടെ റിപ്പോർട്ട്. അഡ്വ. ആര്യ ഗോപിനാഥാണു റിപ്പോർട്ട് ഹൈക്കോടതിക്കു കൈമാറിയത്. ചൂരക്കോട് എൻഎസ്എസ് ഓഡിറ്റോറിയത്തിലെ 8 ബൂത്തുകളിലായി ജൂലൈ 26ന് ആയിരുന്നു വോട്ടെടുപ്പ്. തങ്ങളുടെ വോട്ട് മറ്റാരോ ചെയ്തെന്നു കാണിച്ച് 22 പേർ റിട്ടേണിങ് ഓഫിസർക്കു പരാതി നൽകി.
ഇതോടെ വോട്ട് ചെയ്യാനെത്തുന്നവരുടെ ബാങ്ക് ഐഡി കാർഡിനു പുറമേ അവരുടെ സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ രേഖകളും ഒത്തുനോക്കണമെന്നു നിർദേശം നൽകിയെങ്കിലും ഉദ്യോഗസ്ഥർ പാലിച്ചില്ല. സിപിഎം അടൂർ ഏരിയ സെക്രട്ടറി എസ്.മനോജിന്റെ നേതൃത്വത്തിൽ 5 അംഗ സംഘം ബാങ്ക് തിരിച്ചറിയൽ കാർഡ് മാത്രം നോക്കിയാൽ മതിയെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. മറ്റു രേഖകളുമായി ഒത്തുനോക്കാൻ നിയമമില്ലെന്നും വാദിച്ചു. തുടർന്നു ബൂത്തുകളിൽ പ്രവേശിച്ച മനോജ് മറ്റു തിരിച്ചറിയൽ രേഖകൾ നോക്കാൻ പാടില്ലെന്നു പറഞ്ഞ് എല്ലാ ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്.
ഉച്ചയ്ക്കു ശേഷം മൂന്നാം ബൂത്തിനു മുന്നിൽ നിന്നിരുന്ന യുവാക്കളുടെ സംഘം പോക്കറ്റിൽ നിന്നു ബാങ്ക് തിരിച്ചറിയൽ കാർഡിന്റെ മാതൃകയിലുള്ള മഞ്ഞ നിറത്തിലുള്ള കാർഡുകൾ പുറത്തെടുത്ത് അതിൽ പേരു വിവരങ്ങൾ എഴുതിച്ചേർത്ത് 7–ാം നമ്പർ ബൂത്തിൽ പ്രവേശിച്ചു. രേഖകൾ പരിശോധിക്കാതെ 3 പേരെ വോട്ട് ചെയ്യാൻ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ അനുവദിച്ചതോടെ നിരീക്ഷക അവിടേക്കു ചെന്നു. നിരീക്ഷകയെ കണ്ടതോടെ ബാക്കിയുള്ളവരോട് ഉദ്യോഗസ്ഥർ സർക്കാർ അംഗീകരിച്ച തിരിച്ചറിയൽ കാർഡുകൾ ചോദിച്ചെങ്കിലും ഇല്ലെന്നു പറഞ്ഞതോടെ വോട്ട് ചെയ്യാൻ അനുവദിച്ചില്ല.
ഉടനെ യുവാക്കളുടെ സംഘം രണ്ടാം നമ്പർ ബൂത്തിൽ കയറി കള്ളവോട്ട് ചെയ്തെന്നും റിട്ടേണിങ് ഓഫിസറുടെ നിർദേശങ്ങൾ ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. തിരഞ്ഞെടുപ്പിൽ വർഷങ്ങളായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്കിലെ 11 സീറ്റിൽ 10 ഉം ഇത്തവണ എൽഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. ഏരിയ സെക്രട്ടറി മനോജ്, മണ്ണടി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റാണ്. മണ്ണടി സ്വദേശിയായ മനോജിന് ഏറത്ത് ബാങ്കിൽ വോട്ടില്ലെന്നിരിക്കെ എന്തിനാണ് അയാൾ അവിടെയെത്തി ഹൈക്കോടതി നിയോഗിച്ച നിരീക്ഷകയെ ഭീഷണിപ്പെടുത്തിയതെന്നു കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു.