കടപ്ര സ്മാർട് വില്ലേജ് ഓഫിസ്: കെട്ടിടം പൂർത്തിയായിട്ട് മാസങ്ങൾ; റവന്യു മന്ത്രിയില്ല, ഉദ്ഘാടനവും !

Mail This Article
കടപ്ര ∙ സ്മാർട് വില്ലേജ് ഓഫിസിന്റെ നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും തുന്നു പ്രവർത്തനം തുടങ്ങിയില്ല. ഉദ്ഘാടനത്തിനു മന്ത്രിക്കു സമയം കിട്ടാത്തതാണു പ്രശ്നം. കഴിഞ്ഞ ഒക്ടോബർ 17നു മന്ത്രിയുടെ ഉദ്ഘാടനം തീരുമാനിച്ചു നാടുനീളെ ഫ്ലെക്സ് അടിച്ചുവച്ചെങ്കിലും മന്ത്രിയുടെ സമയക്കുറവു കാരണം മാറ്റി. പിന്നീട് ഇതുവരെ നടന്നില്ല. പുളിക്കീഴ് പമ്പാ റിവർ ഫാക്ടറിയുടെ ഒരു പഴയ കെട്ടിടത്തിലാണ് ഇപ്പോഴും വില്ലേജ് ഓഫിസിന്റെ പ്രവർത്തനം . 2018 ലെ മഹാപ്രളയത്തിൽ ദിവസങ്ങളോളം വെള്ളം കയറിക്കിടന്നതോടെ ബലക്ഷയമായ കെട്ടിടം പുനർനിർമിക്കുന്നതിന് 40 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരുന്നു. പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയതു നിർമിക്കാൻ 2021 ൽ പണം അനുവദിച്ചെങ്കിലും നിർമാണം തുടങ്ങിയത് 2023 ലാണ്. 6 മാസം മുൻപു പണി പൂർത്തിയായെങ്കിലും മന്ത്രി തന്നെ ഉദ്ഘാടനം ചെയ്യേണ്ടതിനാൽ ഇപ്പോഴും പഴയ കെട്ടിടത്തിലാണു പ്രവർത്തനം.

ഒക്ടോബറിലെ ഉദ്ഘാടനം എഡിഎം നവീൻ ബാബുവിന്റെ മരണത്തോടെയാണു മാറ്റിവച്ചത്. അതിനുശേഷം 3 മാസം കഴിഞ്ഞെങ്കിലും ഇതുവരെയും മന്ത്രിയുടെ സമയം കിട്ടിയില്ല. ജില്ലയിൽ ഒരു മന്ത്രിയുണ്ട്. തൊട്ടടുത്ത നിയോജക മണ്ഡലത്തിലും മന്ത്രിയുണ്ട്. ഇവരൊക്കെ ഒട്ടേറെ പരിപാടികളിൽ സംബന്ധിക്കുന്നുണ്ടെങ്കിലും റവന്യൂ മന്ത്രിതന്നെ ഉദ്ഘാടനം തന്നെ വേണമെന്ന നിർബന്ധമാണ് ഇപ്പോഴും ഓഫിസ് പ്രവർത്തനം വാടകക്കെട്ടിടത്തിൽ ടുരാൻ കാരണമെന്നറിയുന്നു. ഇതോടൊപ്പം പുതിയ കെട്ടിടം നിർമിക്കാൻ പണം അനുവദിച്ച നിരണം വില്ലേജ് ഓഫിസ് കെട്ടിത്തിന്റെ പണി ഇതുവരെയും പൂർത്തിയായിട്ടില്ല. തിരുവല്ല വില്ലേജ് ഓഫിസ് കെട്ടിടത്തിന്റെ പണി പൂർത്തിയായെങ്കിലും അവസാനഘട്ടത്തിലാണ് നിർമാണത്തിലെ അപാകത കണ്ടെത്തിയതോടെ ഇതും തുറന്ന് പ്രവർത്തിക്കാനാകാതെ കിടക്കുകയാണ്.