പെൺകുട്ടി ജീവനൊടുക്കിയ സംഭവം: അയൽവാസിയായ യുവാവിനെ ചോദ്യം ചെയ്തു
Mail This Article
പത്തനംതിട്ട ∙ പതിനഞ്ചു വയസ്സുകാരി അച്ചൻകോവിലാറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ അയൽവാസിയായ യുവാവിനെ കസ്റ്റഡിയിലെടുത്തു. അഴൂർ സ്വദേശിയായ ഇരുപത്തിമൂന്നുകാരനെയാണു കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ സുഹൃത്തായ ഇയാളിൽനിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചു.
കഴിഞ്ഞ ദിവസം രാത്രി 9ന് ആണ് പെൺകുട്ടി ആറ്റിൽ ചാടി ജീവനൊടുക്കിയത്. വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കാണാനെത്തിയതായിരുന്നു പെൺകുട്ടിയും കുടുംബവും. ഇതിനിടെ യുവാവും പെൺകുട്ടിയുടെ സഹോദരനും പിതാവുമായി വാക്കുതർക്കമുണ്ടായി. ഇവർക്കു പിന്നാലെയെത്തിയ പെൺകുട്ടി സംഘർഷം നടക്കുന്നത് കാണുകയും മനംനൊന്ത് നടപ്പാലത്തിൽനിന്ന് ആറ്റിലേക്കു ചാടുകയുമായിരുന്നെന്നാണു പൊലീസ് പറയുന്നത്.
പെൺകുട്ടിയുടെ പിതാവും സഹോദരനുമാണു സംഘർഷം തുടങ്ങിയതെന്നും മർദിച്ചെന്നും യുവാവിന്റെ മൊഴിയിൽ പറയുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ഇന്നലെ സംസ്കരിച്ചു.