മഴ രൂക്ഷം :നെടുമങ്ങാട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലും വെള്ളം കയറി
Mail This Article
നെടുമങ്ങാട്∙ കനത്ത മഴയിൽ നെടുമങ്ങാട് പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലും കാന്റീനിലും പരിസര പ്രദേശങ്ങളിലെ വീടുകളിലും തോട്ടിലും വെള്ളം കയറി. നെടുമങ്ങാട് ടൗൺ വാർഡിലെ കുളവിക്കോണം, പറണ്ടോട്, തെക്കുംകര ഭാഗങ്ങളിലാണ് വെള്ളം കയറിയത്.ഇന്നലെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം. സ്വകാര്യ വ്യക്തികൾ മതിൽ കെട്ടി നീരൊഴുക്ക് പൂർണമായും തടസ്സപ്പെടുത്തിയത് കാരണമാണ് ഇത്തരത്തിൽ വെള്ളം കയറുന്നതെന്ന് കാണിച്ച് ആശുപത്രി അധികൃതർ ആർ.ഡി.ഒ ക്കും നഗരസഭയ്ക്കും പരാതി നൽകിയിരുന്നതായും, ഈ പരാതിക്ക് ഇനിയും പരിഹാരം ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി. ക്യാന്റീനിൽ പൂർണമായും വെള്ളം കയറി പ്രവർത്തനം നിലച്ചതായും അവർ പറയുന്നു. 50 ഓളം രോഗികളും കൂട്ടിരിപ്പുകാരും ടൗണിലെ ഹോട്ടലുകൾ ആശ്രയിക്കേണ്ട അവസ്ഥയിലാണത്രെ. ആശുപത്രി കാന്റീൻ, ജനറേറ്റർ, ആശുപത്രിയുടെ താഴത്തെ നില, ഓപ്പറേഷൻ തിയറ്റർ എന്നിവിടങ്ങളിലും വെള്ളം കയറിയിട്ടുണ്ടത്രെ.
പരിസരത്തെ ആൾ താമസമില്ലാത്ത രണ്ട് വീടുകളിൽ പകുതിയോളം ഭാഗങ്ങളിൽ വെള്ളം കയറി. മുക്കോലയ്ക്കൽ ഭാഗത്ത് നിന്നും ഒഴുകി വരുന്ന വെള്ളമാണ് ഒഴുകി പോകാൻ കഴിയാതെ ഇവിടെ കെട്ടി നിൽക്കുന്നത്. മഴക്കാലം ആയതിനാൽ സുഗമമായി വെള്ളത്തിന് ഒഴുകി പോകാൻ സൗകര്യം ഉണ്ടാക്കണമെന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യം.