ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇത്തവണവും രുചിമേളം ഒരുക്കി പഴയിടം മോഹനൻ നമ്പൂതിരി. ഭക്ഷണപ്പുരയുടെ പാലുകാച്ചലിന് എത്തിയ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, മറ്റ് വിശിഷ്ടാതിഥികൾ, മാധ്യമപ്രവർത്തകർ എന്നിവർക്ക് തന്റെ സ്പെഷൽ പായസം നൽകി പഴയിടം കർമനിരതനായി. ‘മുൻ വർഷത്തിൽ നിന്നും വ്യത്യസ്തമായിരിക്കും ഇത്തവണത്തെ രുചികൾ. ഓരോ തവണയും ഓരോ സ്‌പെഷലാണ്. മനസ്സും വയറും നിറയ്ക്കുന്ന രീതിയിൽ ഭക്ഷണ രുചികൾ ഒരുക്കും, എന്നാൽ സ്പെഷൽ വിഭവം ഏതെന്ന് ഇപ്പോൾ പറയുന്നില്ല, ഭക്ഷണം കഴിച്ചു മനസ്സിലാക്കട്ടെ’ - പഴയിടം പറഞ്ഞു.

2006 ലെ സംസ്ഥാന സ്‌കൂൾ കലോത്സവം മുതൽ പഴയിടം മോഹനൻ നമ്പൂതിരിയും കൂട്ടരുമാണ് ഭക്ഷണപ്പുരയുടെ ചുമതല വഹിക്കുന്നത്. സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് 14 തവണയും സ്‌കൂൾ ശാസ്ത്രമേളയ്ക്ക് 15 തവണയും പഴയിടം ഭക്ഷണം ഒരുക്കിയിട്ടുണ്ട്.

ഭക്ഷണപ്പുരയിൽ ദിവസവും നാൽപതിനായിരം പേർക്ക് ഭക്ഷണമൊരുക്കും. രാത്രിയിലെ അത്താഴം മുതൽ ഭക്ഷണശാല പ്രവർത്തനസജ്ജമാകും. മൂന്ന് നേരവും ഭക്ഷണമുണ്ടാകും. പതിനായിരം പേർക്ക് പ്രഭാത ഭക്ഷണവും ഇരുപതിനായിരം പേർക്ക് ഉച്ചഭക്ഷണവും പതിനായിരം പേർക്കുള്ള അത്താഴവും ഭക്ഷണപ്പുരയിൽ തയാറാക്കും. മൂന്ന് നേരവും ഇലയിലാണ് ഭക്ഷണം നൽകുന്നത്. വ്യത്യസ്തമായ പ്രഭാത ഭക്ഷണമാണ് ഓരോ ദിവസവും നൽകുക. ഉച്ചയ്ക്കുള്ള സദ്യയ്ക്ക് പന്ത്രണ്ടു കറികളും പായസവുമുണ്ട്. തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിൽ സമാഹരിച്ച ഭക്ഷ്യവിഭവങ്ങൾ കഴിഞ്ഞ ദിവസം ഭക്ഷണപ്പുരയിൽ എത്തിച്ചിട്ടുണ്ട്.

ഭക്ഷണപ്പുരയുടെ സജ്ജീകരണങ്ങളിൽ പൂർണമായും തൃപ്തനാണെന്ന് പഴയിടം പറഞ്ഞു. ‘എല്ലാ ജില്ലകളിൽ നിന്നുമുള്ളവർക്ക് ഇഷ്ടപെടുന്ന രുചികളാവും ഉണ്ടാവുക. അതിനായി നല്ലൊരു മെനു ഒരുക്കിയിട്ടുണ്ട്. ഇനി കുട്ടികൾക്ക് മനസ്സിന് തൃപ്തിയുള്ള നല്ല ഭക്ഷണം നൽകണമെന്ന കടമ നിർവഹിക്കാനാകണമെന്ന പ്രാർഥനമാത്രം’ - പഴയിടം പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനത്ത് തയാറാക്കിയിട്ടുള്ള നെയ്യാർ പന്തലിൽ ഒരേസമയം 4,000 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ സൗകര്യമുണ്ട്. 200 പേർക്ക് ഇരിക്കാവുന്ന 20 നിരകളാണ് ക്രമീകരിച്ചിട്ടുള്ളത്. അധ്യാപകരും വിദ്യാർഥികളും സ്‌കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളുമുൾപ്പടെ 350 പേർ ഭക്ഷണം വിളമ്പാനുണ്ട്. അധ്യാപക സംഘടനയായ കേരള സ്‌കൂൾ ടീച്ചേർസ് അസോസിയേഷനാണ് ഭക്ഷണ കമ്മിറ്റിയുടെ പൊതുചുമതല.

English Summary:

Pazhayidom Mohanan Namboothiri's food pavilion at the Kerala School Arts Festival feeds 40,000 daily. His expertise ensures a delicious and satisfying experience for all attendees, using local ingredients and traditional recipes.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com