വലിയകുന്ന് ശ്രീപാദം സ്റ്റേഡിയം അവഗണനയിലെന്ന് ആക്ഷേപം

Mail This Article
ആറ്റിങ്ങൽ∙ കേരള സ്പോർട്സ് കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള വലിയകുന്ന് ശ്രീപാദം സ്റ്റേഡിയം പ്രവർത്തന ക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. സ്റ്റേഡിയത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും, സ്റ്റേഡിയത്തിലെ അറ്റകുറ്റപണികൾ സമയബന്ധിതമായി ചെയ്ത് തീർത്ത് സ്റ്റേഡിയം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്ക് പരാതികൾ നൽകിയതായി കേരള റീജനൽ സ്പോർട്സ് ആൻഡ് ഗയിംസ് അസോസിയേഷൻ അധികൃതർ പറഞ്ഞു. സ്പോർട്സ് കൗൺസിൽ ഏറ്റെടുത്ത സ്റ്റേഡിയം 2021 ലാണ് നവീകരിച്ചത്. ഒൻപത് കോടിയിലധികം രൂപ ചെലവിട്ടാണ് സ്റ്റേഡിയം നവീകരിച്ചത്. സ്പോർട്സ് കോംപ്ലക്സ് ആക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്നാണ് ആക്ഷേപം, കോടികൾ മുടക്കി ഇൻഡോർ സ്റ്റേഡിയം നിർമിച്ചെങ്കിലും നിർമാണം അശാസ്ത്രീയമാണെന്നാണ് ആരോപണം.
കാണികൾക്ക് ഗ്യാലറിയിൽ ഇരുന്ന് കളി കാണാൻ പോലും പറ്റാത്ത വിധത്തിലാണ് നിർമാണം നടത്തിയതെന്നാണ് ആരോപണം. ഏഴേകാൽ കോടിയോളം മുടക്കി അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച സിന്തറ്റിക് ട്രാക്ക് അറ്റകുറ്റ പണികൾ നടത്താത്തതിനാൽ പൊട്ടി പൊളിഞ്ഞ് തുടങ്ങിയിട്ടുണ്ടെന്നും കായിക താരങ്ങൾ ആരോപിക്കുന്നു.ഫുട്ബോൾ ഗ്രൗണ്ടിന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. കളപറിക്കാതെയും , നനയ്ക്കാതെയും ഗ്രൗണ്ട് നാശത്തിന്റെ വക്കിലാണെന്നാണ് ആക്ഷേപം. സ്റ്റേഡിയം ഏറ്റെടുക്കുന്ന സമയത്ത് അറുപത് മീറ്റർ നീളത്തിൽ വാമിങ് അപ് ഏരിയ ഉണ്ടാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പായില്ല. നിലവിൽ കൊക്കോ കാർട്ട് സ്ഥിതിചെയ്യുന്നത് ഈ സ്ഥലത്താണ് .
വാമിങ് അപ്പ് ഏരിയ നിലനിർത്താത്തതിനാൽ പല സംസ്ഥാന തല മത്സരങ്ങളും ഇവിടെ വച്ച് നടത്താൻ കഴിയുന്നില്ലെന്നും താരങ്ങൾ പറയുന്നു. ഗ്രൗണ്ടിനുളിൽ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. സ്റ്റേഡിയവും , സിന്തറ്റിക് ട്രാക്കും അറ്റകുറ്റ പണികൾ നടത്തി സംരക്ഷിക്കണമെന്ന് റീജനൽ സ്പോർട്സ് ആൻഡ് ഗയിംസ് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. ജി. സുഗുണൻ, എം. നാസർ, വി. ഷാജി, ഡോ.എസ്.എസ്. ബൈജു, എസ്. സതീഷ്കുമാർ എന്നിവർ പത്ര സമ്മേളനത്തിൽ അവശ്യപ്പെട്ടു.