എക്‌സെല്ലെൻസ് ഫോർ റിസർച്ച് സെന്റർ തിരുവനന്തപുരം വിമൻസ് കോളജിൽ സ്ഥാപിക്കും: മന്ത്രി ആർ. ബിന്ദു

Mail This Article
തിരുവനന്തപുരം ∙ കേരളത്തിലെ രണ്ട് എക്‌സെല്ലെൻസ് ഫോർ റിസർച്ച് സെന്ററുകളിൽ ഒന്ന് തിരുവനന്തപുരം വിമൻസ് കോളജിൽ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. കേരളത്തിലെ ആദ്യ മൾട്ടി ഡിസിപ്ലിനറി ഫെസ്റ്റ് ‘കോഗ്നിടോപിയ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവേഷണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും ദേശീയ, രാജ്യാന്തര സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനും വേണ്ടിയുമാണ് സെന്റർ ഓഫ് എക്‌സെല്ലെൻസിലൂടെ ഉദ്ദേശിക്കുന്നത്. ജനോപകാരപ്രദമായ ഗവേഷണങ്ങൾ നടത്തിയതിന് വിമൻസ് കോളജിനുള്ള അംഗീകാരമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ ഉന്നത വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സർക്കാരിന്റെ അക്കാദമിക് രംഗത്തെ പരിഷ്കാരങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഗവ. കോളജ് ഫോർ വിമൻസ് 125–ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോഗ്നിടോപിയുടെ ഉദ്ഘാടന ചടങ്ങിൽ ആൻറണി രാജു എംഎൽഎ അധ്യക്ഷനായി. കോളജ് പ്രിൻസിപ്പൽ ജെ.എസ്. അനില, ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.പി. സുധീർ, അസാപ് എംഡി ഉഷ ടൈറ്റസ് ഐഎഎസ്, ഡോ. സുനിൽ ജോൺ, കൗൺസിലർ അഡ്വ. രാഖി രവികുമാർ, ഡോ. ജോയ് വി.എസ്., ഡോ. അനുരാധ വി.കെ., പ്രൊഫ. സുനീജ ബീഗം, രാജി ടി.എസ്., ദേവസ്യ കെ.ഡി., ഫിദ ഫാത്തിമ, പ്രൊഫ. ഗോഡ്വിൻ എന്നിവർ പങ്കെടുത്തു.
ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച വിവിധ സെഷനുകളിലായി എ.എ. റഹീം എംപി, ചാണ്ടി ഉമ്മൻ എംഎൽഎ, സുനിൽ പി. ഇളയിടം, പ്രൊഫസർ ജിൻ ജോസ് തുടങ്ങിയവർ പങ്കെടുക്കും.