വേനൽ പിടിമുറുക്കുന്നു; തീരദേശ പഞ്ചായത്തുകളിൽ ശുദ്ധജലക്ഷാമം രൂക്ഷം
Mail This Article
പാറശാല∙ വേനൽ കടുത്തതോടെ കൂളത്തൂർ പഞ്ചായത്ത് പരിധിയിൽ പെടുന്ന തീരദേശത്ത് ജല ലഭ്യത കുറഞ്ഞു തുടങ്ങി. ആറു വാർഡുകളിലായി പതിനായിരത്തോളം പേർ അധിവസിക്കുന്ന പൊഴിയൂർ, തെക്കേകൊല്ലങ്കോട് മേഖലയിലെ ജലക്ഷാമം രൂക്ഷമാണ്. നിലവിൽ ജലനിധിയുടെ കാലപ്പഴക്കം ചെന്ന ശുദ്ധജല പദ്ധതിയും രണ്ട് ഇടവകകളുടെ നേതൃത്വത്തിൽ ഉളള ജല വിതരണവുമാണ് ജനങ്ങൾക്ക് ആശ്രയം. ഭൂരിഭാഗം പേരും കിലോമീറ്ററുകൾ അകലെയുള്ള സ്ഥലങ്ങളിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്.
തീരദേശ മേഖലയ്ക്കു പ്രതീക്ഷ ജലജീവൻ പദ്ധതിയാണ്. എന്നാൽ ഇതിൽ നിന്നുള്ള ശുദ്ധജലം എത്താൻ ഇനി ഒരു വർഷം കൂടി കാത്തിരിക്കണം. കാരോട്, ചെങ്കൽ, കുളത്തൂർ മേഖലയിൽ ജലജീവൻ പദ്ധതിയിലെ ജലസ്രോതസ്സായ മാവിളക്കടവ് പമ്പ് ഹൗസിന്റെ നിർമാണ ജോലികൾ ആരംഭിച്ചിട്ടുണ്ട്. 89 കോടി രൂപ ആണ് നിർമാണ ചെലവ്. മാവിളക്കടവിൽ നിന്നു സംഭരിക്കുന്ന വെള്ളം പൊൻവിളയിലെ പ്രധാന സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിച്ച് ശേഷം മൂന്നു പഞ്ചായത്തിലും നിർമിക്കുന്ന ടാങ്കുകളിലേക്ക് വിതരണം ചെയ്യാനാണു പദ്ധതി. ജല ശുദ്ധീകരണത്തിന് ആധുനിക സംവിധാനങ്ങളോടു കൂടിയ പ്ലാന്റ് ആണ് പൊൻവിളയിൽ സ്ഥാപിക്കുന്നത്.
മാവിളക്കടവ് പമ്പ് ഹൗസിൽ നിന്നു പൊൻവിളയിലേക്ക് വെള്ളം എത്തുന്ന പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾക്ക് തുടക്കമായി. മൂന്നു പഞ്ചായത്തികളിൽ ആയി ജലജീവൻ പദ്ധതിയിൽ മാത്രം പതിമൂവായിരത്തോളം പുതിയ കണക്‌ഷൻ നൽകിക്കഴിഞ്ഞു. ജലലഭ്യത എത്തുന്നതോടെ പഴയ പദ്ധതികൾക്കും പൊൻവിളയിൽ നിന്നുള്ള വെള്ളം ലഭ്യമാക്കുംകുളത്തൂർ, ചെങ്കൽ, കാരോട് പ്രദേശത്ത് ജലജീവൻ പദ്ധതിയിൽ വീടുകളിലേക്ക് പൈപ്പ് ലൈൻ എത്തിക്കുന്ന ജോലികൾ 80 ശതമാനം പൂർത്തിയായി. കാരോട് പഞ്ചായത്തിലെ അമ്പിലികോണം, കുളത്തൂർ പഞ്ചായത്തിലെ കുന്നൂംപുറം, ചെങ്കലിലെ ഉദിയൻകുളങ്ങര എന്നിവിടങ്ങളിൽ സംഭരണി നിർമാണത്തിനുള്ള പ്രാഥമിക ജോലി ആരംഭിച്ചിട്ടുണ്ട്.