ജലപ്രഹരമേറ്റ് ജനം; കിണറും വീടും മതിലും തകർച്ചാ ഭീഷണിയിൽ - ചിത്രങ്ങൾ

Mail This Article
ചാവക്കാട്∙ കനോലി കനാൽ കരകവിഞ്ഞതോടെ എടക്കഴിയൂർ മുതൽ ഒരുമനയൂർ മൂന്നാംകല്ല് വരെയുള്ള ഭാഗങ്ങളിലെ നൂറോളം വീടുകൾ വെള്ളക്കെട്ടിലായി. മണത്തല വഞ്ചിക്കടവ് സഹൃദയ നഗറിൽ ഒട്ടേറെ വീടുകൾക്ക് ഭീഷണിയുണ്ട്. വഞ്ചിക്കടവിൽ 15 വീടുകളിൽ വെള്ളം കയറി. നഗരസഭാധ്യക്ഷ ഷീജ പ്രശാന്തും അധികൃതരും സ്ഥലം സന്ദർശിച്ചു.

മാറിത്താമസിക്കാൻ സൗകര്യം ഒരുക്കുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. പുന്ന, തെക്കഞ്ചേരി, തെക്കൻപാലയൂർ, പേരകം, ആലുംപടി, കടപ്പുറം, ഒരുമനയൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്.

കടകളിൽ വെള്ളം കയറി; ഗതാഗതം തടസ്സപ്പെട്ടു
പാവറട്ടി ∙ ഇന്നലെ ഉച്ചയ്ക്കു പെയ്ത കനത്ത മഴയിൽ സെന്ററിൽ വൻ തോതിൽ വെള്ളം കയറി. ചാവക്കാട് റോഡ്, പാലുവായ് റോഡ്, കോൺവന്റ് റോഡ് എന്നിവിടങ്ങളിൽ കടകളുടെ ഉള്ളിലേക്ക് വെള്ളം കയറിയ നിലയിലാണ്. പ്രധാന റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. വെള്ളം കയറി ഒട്ടേറെ വാഹനങ്ങൾ തകരാറിലായി. എളവള്ളി, മുല്ലശേരി, വെങ്കിടങ്ങ്, പാവറട്ടി പഞ്ചായത്തുകളിലെ റോഡുകളെല്ലാം മുങ്ങിയതോടെ ഗതാഗതം തടസ്സപ്പെട്ടു.
മിന്നൽ: പാവറട്ടിയിൽ വീടിന് നാശം
പാവറട്ടി ∙ മിന്നലിൽ വീടിന് കനത്ത നാശം. പുളിഞ്ചേരിപ്പടി - കാക്കശേരി റോഡിൽ കോഴിത്തോടിന് സമീപം മഞ്ഞിയിൽ അബ്ദുൽ മജീദിന്റെ വീടിനാണ് നാശം. വൈദ്യുതി മീറ്റർ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വയറിങ് പൂർണമായി കത്തിനശിച്ചു. ലൈറ്റ്, ഫാൻ തുടങ്ങിയ ഇലക്ട്രിക് ഉപകരണങ്ങളും നശിച്ചു. വീടിന്റെ തുണുകൾ, മതിൽ എന്നിവയും തകർന്നു. ഇന്നലെ ഉച്ചയ്ക്കാണ് ശക്തമായ മിന്നൽ ഉണ്ടായത്. ആളപായമില്ല.
കിണറും വീടും മതിലും തകർച്ചാ ഭീഷണിയിൽ
മുല്ലശേരി ∙ പറമ്പന്തള്ളി നട സ്വാശ്രയ വെൽഫെയർ സൊസൈറ്റിക്കു സമീപം ചെമ്പാപ്പുള്ളി ബീന സുബ്രഹ്മണ്യന്റെ കിണറും വീടും സമീപത്തെ മതിലും തകർച്ച ഭീഷണിയിൽ. ശക്തമായ മഴയിൽ കിണറിന് ചുറ്റും വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിനോട് ചേർന്നുള്ള സമീപവാസിയുടെ മതിൽ ഏത് നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. ബീനയുടെ വീടും തകർച്ചാ ഭീഷണി നേരിടുന്നു. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തിയെങ്കിലും നടപടികളുണ്ടായിട്ടില്ല.
പല റോഡുകളിലും വെള്ളക്കെട്ട്
പഴുവിൽ വെസ്റ്റ് ∙ ചാഴൂർ പഞ്ചായത്തിലെ പല റോഡുകളിലും വെള്ളക്കെട്ടായി. തെക്കേ ആൽ റോഡ്, പറക്കുളം റോഡ്, സൊസൈറ്റി-വോലുമാൻ പടി റോഡ് എന്നിവിടങ്ങളിലാണ് വെള്ളം ഉയർന്നത്. മഴ വെള്ളം ഒഴുകി പോയിരുന്ന സ്ഥലങ്ങൾ നികത്തി ചെറിയ ഓവുകൾ സ്ഥാപിച്ചതോടെ വെള്ളത്തിന്റെ ഒഴുക്ക് കുറയുകയായിരുന്നു.
വീടിന്റെ മേൽക്കൂര തകർന്നുവീണു
ചാവക്കാട്∙ കടപ്പുറം കറുകമാട് ശക്തമായ മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. ആർക്കും പരുക്കില്ല. കറുകമാട് കരിങ്കാളി ഭഗവതി ക്ഷേത്രത്തിനടുത്ത് കോളഞ്ഞാട്ട് യശോദയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഗൃഹോപകരണങ്ങൾക്ക് കേടുപാട് പറ്റി. വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറ്റി.
റോഡ് മുങ്ങി
ഗുരുവായൂർ ∙ മമ്മിയൂർ മഹാദേവ ക്ഷേത്രം മുതൽ അത്താണി ജംക്‌ഷൻ വരെയുള്ള റോഡ് മഴയിൽ വെള്ളത്തിനിടയിലായി. ഈ റോഡിൽ പൊലീസ് വാഹനഗതാഗതം നിരോധിച്ചു. മമ്മിയൂർ പെരുമ്പിലാവിൽ റോഡും വെള്ളക്കെട്ടിലായി. ഒരാഴ്ച മുൻപുണ്ടായ മഴയിൽ ഗുരുവായൂരിലെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടായപ്പോൾ മമ്മിയൂർ റോഡ് മുങ്ങിയിരുന്നു. എന്നാൽ ഇന്നലെ മറ്റിടങ്ങളിലൊന്നും ഗതാഗതം തടസ്സപ്പെട്ടില്ല. മമ്മിയൂരിൽ വൈകിട്ടും വെള്ളം ഒഴുകിപ്പോയിട്ടില്ല.