ഗുരുവായൂരപ്പന് ഇന്ന് സഹസ്രകലശവും ബ്രഹ്കലശാഭിഷേകവും

Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ദേവന്റെ ചൈതന്യ വർധനവിനായി ഇന്ന് സഹസ്രകലശച്ചടങ്ങും പവിത്രമായ ബ്രഹ്മകലശാഭിഷേകവും നടക്കും. രാവിലെ 7 മുതൽ കൂത്തമ്പലത്തിൽ നിന്ന് ആയിരംകുടങ്ങളിലെ കലശങ്ങൾ കീഴ്ശാന്തിമാർ നിരനിരയായി നിന്ന് ശ്രീലകത്ത് എത്തിക്കും. തന്ത്രി കലശാഭിഷേകം നടത്തും. 10.30ന് പട്ടിൽ പൊതിഞ്ഞ് മാല ചാർത്തിയ ബ്രഹ്മകലശം കൂത്തമ്പലത്തിൽ നിന്ന് വാദ്യഘോഷങ്ങളോടെ ശ്രീലകത്തേയ്ക്ക് എഴുന്നള്ളിക്കും. പാരമ്പര്യ പരിചാരകർ ഒപ്പം നീങ്ങും. വലിയപാണിയുടെ അകമ്പടിയിൽ തന്ത്രി ഗുരുവായൂരപ്പ വിഗ്രഹത്തിൽ ബ്രഹ്മലകശാഭിഷേകം നടത്തും. ഭക്തർ വിശേഷ ദർശനത്തിൽ പങ്കെടുക്കും.
ഇന്നലെ നമസ്കാരമണ്ഡപത്തിൽ തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് തത്വഹോമം നിർവഹിച്ചു. തുടർന്ന് തത്വകലശാഭിഷേകവും ഉച്ചപ്പൂജയും തന്ത്രി നിർവഹിച്ചു. രാവിലെ ബ്രഹ്മകലശ പൂജയും ഉച്ചകഴിഞ്ഞ് ആയിരം കലശക്കുടങ്ങളിൽ ദ്രവ്യങ്ങൾ നിറച്ച് പൂജയുമുണ്ടായി. മുളയറയിലെ ധാന്യമുളകൾ കൂത്തമ്പലത്തിലേക്ക് എഴുന്നള്ളിച്ച് ചുറ്റും നിരത്തി. സഹസ്രകലശം അഭിഷേകത്തിന് ഗുരുവായൂരപ്പന്റെ അനുമതി തേടുന്ന അനുജ്ഞാപ്രാർഥനയിൽ രാത്രി തന്ത്രിമാരും ദേവസ്വം ഭരണാധികാരികളും പങ്കെടുത്തു.
ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കം കുറിച്ച് ആനയോട്ടം നാളെ നടക്കും. ഉച്ചകഴിഞ്ഞ് 3ന് മഞ്ജുളാലിൽ നിന്നാരംഭിക്കുന്ന ആനയോട്ടത്തിൽ 19 ആനകൾ അണിനിരക്കും. ഇന്നു ക്ഷേത്രനടയിൽ നറുക്കെടുക്കുന്ന 5 ആനകളെ മുന്നിൽ നിർത്തി ഓടിക്കും. ആദ്യം ഓടിയെത്തുന്ന ആനയെ മാത്രം ക്ഷേത്രത്തിൽ പ്രവേശിപ്പിക്കും. 7 പ്രദക്ഷിണം പൂർത്തിയാക്കിയാൽ വിജയിയായി പ്രഖ്യാപിക്കും.
നാളെ രാവിലെ ആനയില്ലാ ശീവേലി നടക്കും. കണ്ണന്റെ തങ്ക വിഗ്രഹം കീഴ്ശാന്തി കൈകളിലേന്തിയാണു ശീവേലി നടത്തുന്നത്.ക്ഷേത്രത്തിൽ ആനയില്ലാത്ത കാലത്ത് ഉത്സവം കൊടിയേറ്റ ദിവസം രാവിലെ ആനകൾ എത്തിയില്ലെന്നും ഉച്ചകഴിഞ്ഞ് ആനകൾ ഓടി എത്തി എന്നുമുള്ള ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിലാണു രാവിലെ ആനയില്ലാ ശീവേലിയും ഉച്ചകഴിഞ്ഞ് ആനയോട്ടവും നടത്തുന്നത്. നാളെ രാത്രിയാണു കൊടിയേറ്റം. കുംഭത്തിലെ പൂയം നക്ഷത്രത്തിൽ സ്വർണ കൊടിമരത്തിൽ തന്ത്രി സപ്തവർണക്കൊടി ഉയർത്തും. പിന്നെ കൊടിപ്പുറത്ത് വിളക്ക്, ഉത്സവമേളം, കലാപരിപാടികൾ. 10 ദിവസത്തെ ഉത്സവത്തിനു തുടക്കമാകും.