അഴീക്കോട്–മുനമ്പം പാലം; നിർമാണോദ്ഘാടനം നാളെ
Mail This Article
കൊടുങ്ങല്ലൂർ ∙ തീരദേശവാസികൾ വർഷങ്ങളായി കാത്തിരിക്കുന്ന അഴീക്കോട്–മുനമ്പം പാലം ഒടുവിൽ യാഥാർഥ്യത്തിലേക്ക്. തൃശൂർ-എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണോദ്ഘാടനം നാളെ നടക്കും. ഒട്ടേറെ പ്രതിഷേധ സമരങ്ങൾക്കും കോടതി ഇടപെടലിനും ഒടുവിലാണു സാങ്കേതിക അനുമതിയും ടെൻഡർ നടപടിയും പൂർത്തിയായത്.
നാളെ രാത്രി 8ന് അഴീക്കോട് ജെട്ടിയിലെ ഐഎം യുപി സ്കൂളിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നിർവഹിക്കും. ഇ.ടി. ടൈസൺ എംഎൽഎ അധ്യക്ഷനാകും. കയ്പമംഗലം, വൈപ്പിൻ നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്നതാണു പാലം. 160 കോടി രൂപ ചെലവഴിച്ചാണു നിർമാണം. അപ്രോച്ച് റോഡ് ഉൾപ്പെടെ 1123. 35 മീറ്റർ നീളത്തിൽ ഒരുങ്ങുന്ന പാലത്തിനു 15.70 മീറ്റർ വീതിയുണ്ടാകും. പാലത്തിന്റെ മാത്രം നീളം 867.7 മീറ്ററാണ്.
∙ കിഫ്ബിയുടെ സാമ്പത്തിക പിന്തുണയോടെയാണു നിർമാണം. ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിക്കാണു കരാർ. നടപ്പാതയും സൈക്കിൾ ട്രാക്കും പാലത്തിലുണ്ട്. ബോട്ടുകൾക്കു സുഗമമായി കടന്നുപോകുന്നതിനുള്ള ഉയരവും പാലത്തിനുണ്ടാകും. പാലത്തിന്റെ വശങ്ങളിലെ ഉയരം 8.25 മീറ്റർ ആക്കി ഉയർത്തിയിട്ടുണ്ട്.
∙ ഇരു ജില്ലകളിലെയും തീരദേശത്തെ കൂട്ടിയിണക്കുന്ന പാലം. ഇപ്പോൾ 13 കിലോമീറ്ററെങ്കിലും ചുറ്റിവളഞ്ഞെത്തുന്ന ദൂരമാണു 867 മീറ്റർ കൊണ്ടു എത്താനാകുക. ജങ്കാറിലാണ് ഇപ്പോഴത്തെ യാത്ര. പല ദിവസവും ജങ്കാർ കേടുവരുന്നതോടെ യാത്ര ദുരിതമാണ്. കൊടുങ്ങല്ലൂർ– എറണാകുളം റോഡിലെ തിരക്കു കുറയ്ക്കാനും പാലം സഹായിക്കും.
∙ കടലിനു 500 മീറ്റർ അടുത്തു നിർമിക്കുന്നതിനാൽ ശക്തമായ തൂണുകളിലാകും പാലം നിർമിക്കുക. പുഴ കടന്നാലും ഏറെ ദൂരം പാലം തൂണുകളിലാകും. പുഴയുടെ നടുവിലെ ഭാഗത്തു വലിയ ബോട്ടുകളും മറ്റും കടന്നു പോകത്തക്ക വിധത്തിൽ ഉയർത്തിയാകും നിർമാണം. അഴീക്കോട് ഭാഗത്ത് 12 തൂണുകളും മുനമ്പം ഭാഗത്തു 11 തൂണുകളും ഉണ്ടാകും.
അഴീക്കോട്–മുനമ്പം പാലത്തിന്റെ പ്രധാന നാൾവഴികൾ
∙2003: പാലം നിർമിക്കുമെന്ന് സർക്കാർ പ്രഖ്യാപനം, പ്രാരംഭ സർവേ.
∙2011 മാർച്ച് 10: സർക്കാർ ബജറ്റിൽ വിഹിതവും അനുമതിയും
∙2011-2016: പ്രീ ഡിസൈൻ തയാറാക്കിയെങ്കിലും സാമ്പത്തിക പ്രതിസന്ധി
∙2016 ഡിസംബർ 29: സർക്കാർ പദ്ധതിയെ കിഫ്ബിയിൽ ഉൾപ്പെടുത്തി
∙2017 ഫെബ്രുവരി 8: ബജറ്റിൽ 160 കോടി രൂപ അനുവദിച്ചു.
∙ 2017 ജൂലൈ 10: ഭരണാനുമതി ഉത്തരവ്
∙2018 ഫെബ്രുവരി 28: ഭൂമി ഏറ്റെടുക്കുന്നതിനു നടപടി തുടങ്ങി.
∙ 2019 ജനുവരി 7: സ്ഥലം ഏറ്റെടുക്കുന്നതിന് 14.6 കോടി രൂപ കിഫ്ബി അനുവദിച്ചു (മുനമ്പം ഭാഗത്ത് 51.86 സെന്റും അഴീക്കോട് ഭാഗത്ത് 49:13 സെന്റും ഏറ്റെടുത്തു)
∙2019 മാർച്ച് 4: സാമൂഹിക–പാരിസ്ഥിതിക പ്രത്യാഘാത പഠന റിപ്പോർട്ട് സമർപ്പിച്ചു.
∙2019 നവംബർ 2: ഫിഷറീസ് വകുപ്പ് എൻഒസി നൽകി.
∙2019 ഡിസംബർ 10: 15.70 മീറ്റർ വീതിയും 1123.3 5 മീറ്റർ നീളമുള്ള പാലത്തിന്റെ ഡിസൈൻ കേരള റോഡ് ഫണ്ട് ബോർഡ് സമർപ്പിക്കുന്നു.
∙2020 ഒക്ടോബർ 30: കിഫ്ബിയിൽ നിന്ന് 154.626 കോടി സാമ്പത്തികാനുമതി .
∙2022 ഏപ്രിൽ: ടെൻഡർ നടപടികൾ ആരംഭിച്ചു.
∙2023 മേയ് 20: ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിക്കു മന്ത്രിസഭായോഗം അനുമതി നൽകി.
∙2023 മേയ് 31: തീരദേശ അതോറിറ്റിയുടെ അനുമതി ലഭിച്ചു.
മുൻപും ഉദ്ഘാടനം; എന്നിട്ടും!
ഇതിനു മുൻപും അഴീക്കോട്–മുനമ്പം പാലത്തിന്റെ നിർമാണോദ്ഘാടനം ആഘോഷമായി നടന്നിട്ടുണ്ട്–2011 ഫെബ്രുവരി 26ന്! അന്നും അഴീക്കോട് ജെട്ടിക്കു സമീപമായിരുന്നു ഉദ്ഘാടനച്ചടങ്ങ്. പാലം നിർമിക്കാൻ സർക്കാർ തീരുമാനിച്ച ഉടനെയായിരുന്നു ഇത്. 2003–ൽ ബജറ്റിൽ ടോക്കൺ തുക വച്ച പദ്ധതിയാണിത്. പിന്നീടുള്ള എല്ലാ ബജറ്റുകളിലും ഇതാവർത്തിച്ചു. 7 നിയമസഭാ തിരഞ്ഞെടുപ്പുകളിലെങ്കിലും ഈ പാലം വാഗ്ദാനമായിരുന്നു. 5 വർഷം മുൻപാണു ഫയലുകൾ ഫലപ്രദമായി നീങ്ങിത്തുടങ്ങിയത്. നിർദിഷ്ട കൊടുങ്ങല്ലൂർ തുറമുഖ പദ്ധതി പ്രദേശമായതിനാൽ വിവിധ വകുപ്പുകളിൽ നിന്ന് അനുമതിക്ക് ഏറെ കാലതാമസം നേരിട്ടു.
അഴിമുഖ കവാടമായതിനാൽ പരിസ്ഥിതി ആഘാതപഠനവും വൈകി. തുറമുഖ വകുപ്പിന്റെയും ഉൾനാടൻ ജലഗതാഗത വകുപ്പിന്റെയും അനുമതി ലഭിക്കാനും താമസമുണ്ടായി. തീരദേശ ദേശീയപാതയുടെ മാനദണ്ഡങ്ങൾ അനുസരിച്ചു പാലത്തിന്റെ വീതികൂട്ടാൻ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചു പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കുന്നതും വൈകി. നിരന്തര സമ്മർദങ്ങളുടെയും പാലം ആക്‌ഷൻ കൗൺസിൽ ഉൾപ്പെടെ ഒട്ടേറെ സംഘടനകളുടെ പ്രതിഷേധ സമരങ്ങൾക്കും ഒടുവിൽ 2017ലാണു സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയത്.
സ്ഥലം എംഎൽഎയായ ഇ.ടി. ടൈസൺ 8 തവണയാണു നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മന്ത്രി മുഹമ്മദ് റിയാസ് പ്രദേശം സന്ദർശിച്ചിരുന്നു. മന്ത്രിതല ചർച്ചയെ തുടർന്നു സ്ഥലമെടുപ്പ് തടസ്സങ്ങൾ നീങ്ങി. സാങ്കേതിക കാരണങ്ങൾ കാരണം 3 തവണ ടെൻഡർ മാറ്റിവയ്ക്കപ്പെട്ടെങ്കിലും ഏറ്റവും കുറവ് രേഖപ്പെടുത്തിയ ചെറിയാൻ വർക്കി കൺസ്ട്രക്‌ഷൻ കമ്പനിയെ നിർമാണ ചുമതല ഏൽപ്പിക്കുകയായിരുന്നു. ഇതോടെയാണു പാലം നിർമാണഘട്ടത്തിലെത്തിയത്.