റൂട്ട് തെറ്റിച്ചെത്തിയ ലോറി തകരാറിലായി, ഠാണാ ജംക്ഷൻ കുരുക്കിൽ കുടുങ്ങി
![THRISSUR-RANI-JUNCTION-LORRY-BLOCKED ഇരിങ്ങാലക്കുട ഠാണാ ജംക്ഷനിൽ ലോറി തകരാറിലായതിനെ തുടർന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2023/7/20/THRISSUR-RANI-JUNCTION-LORRY-BLOCKED.jpg?w=1120&h=583)
Mail This Article
ഇരിങ്ങാലക്കുട ∙ റൂട്ട് തെറ്റിച്ച് എത്തിയ വലിയ ലോറി ഠാണാ ജംക്ഷനിൽ ഗതാഗത തടസ്സം സൃഷ്ടിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് ചാലക്കുടി ഭാഗത്ത് നിന്ന് വന്ന ലോറി ഠാണാ ജംക്ഷനിൽ തകരാറിലായത്. സ്കൂൾ വാഹനങ്ങളും ആംബുലൻസ് വരെ കുരുക്കിൽപ്പെട്ടു. പിന്നീടു വാഹനം അറ്റകുറ്റപ്പണി നടത്തിയ ശേഷം മാറ്റിയപ്പോഴാണ് കുരുക്ക് അഴിഞ്ഞത്.
ചാലക്കുടി ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ ഠാണാ ജംക്ഷനിൽ എത്താതെ വിശ്വനാഥപുരം ക്ഷേത്രത്തിനു സമീപത്തു നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മാർക്കറ്റ് വഴിയാണ് പോകേണ്ടത്. ചെറിയ വാഹനങ്ങൾ മെറീന ആശുപത്രിക്കു സമീപത്ത് നിന്നു വലത്തോട്ട് തിരിഞ്ഞു ബ്രദർ മിഷൻ റോഡ് വഴി തൃശൂർ റോഡിലേക്ക് പ്രവേശിക്കണം. ഇതിനായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മുന്നറിയിപ്പുകൾ അവഗണിച്ചെത്തുന്ന വലിയ വാഹനങ്ങൾ ഠാണാ ജംക്ഷനിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് ഇപ്പോൾ പതിവാകുകയാണ്.
ടോൾ ഒഴിവാക്കാനാണ് വലിയ കണ്ടെയ്നർ ലോറികൾ അടക്കമുള്ളവ പോട്ടയിൽ നിന്നു തിരിഞ്ഞ് ഇരിങ്ങാലക്കുട വഴി തൃശൂരിലേക്കു പോകുന്നതെന്ന് പറയുന്നു. ജംക്ഷനിലെ റോഡിന്റെ വീതിക്കുറവ് മൂലം വലിയ വാഹനങ്ങൾ തിരിക്കാൻ കഴിയാത്തതാണ് പലപ്പോഴും ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. പൊലീസ് കർശന നടപടി സ്വീകരിക്കാത്തത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും ആക്ഷേപമുണ്ട്.