കാത്തു കാത്തിരുന്നിട്ടും പോട്ട ആശ്രമം ജംക്‌ഷനിൽ മേൽപാലം വന്നില്ല, അടിപ്പാതയും വന്നില്ല
Mail This Article
ചാലക്കുടി∙ കാത്തു കാത്തിരുന്നിട്ടും ദേശീയപാതയിലെ പോട്ട ആശ്രമം ജംക്‌ഷനിൽ മേൽപാലവും വന്നില്ല, അടിപ്പാതയും വന്നില്ല. അങ്കമാലി മണ്ണുത്തി നാലുവരി പാതയിൽ പേരാമ്പ്ര, മുരിങ്ങൂർ,കൊരട്ടി,ചിറങ്ങര എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കിനു പരിഹാരമായി അടിപ്പാത നിർമിക്കാൻ ദേശീയപാത അതോറിറ്റി തീരുമാനിച്ചപ്പോഴും ഒട്ടേറെ അപകടങ്ങൾക്കും പതിവായുള്ള ഗതാഗതക്കുരുക്കിനും കാരണമായ പോട്ട ആശ്രമം ജംക്‌ഷനിൽ പരിഹാര മാർഗമില്ല.
നിലവിൽ നാലുവരിപ്പാതയ്ക്കു പുറമേ ഇരുവശങ്ങളിലുമുള്ള ഇരുവരി ഗതാഗതം അനുവദിച്ചിട്ടുള്ള സർവീസ് റോഡുകൾ അടക്കം എട്ടുവരി ഗതാഗതമാണ് പോട്ട ആശ്രമം ജംക്‌ഷനിലുള്ളത്. ചാലക്കുടി ടൗണിൽ നിന്ന് പഴയ ദേശീയപാത വഴി ഈ ഭാഗത്തെത്തുന്ന വാഹനങ്ങൾ ദേശീയപാത മുറിച്ചു കടക്കാൻ ഈ എട്ടുവരി പാത മുറിച്ചു കടക്കണം. സിഗ്നൽ സംവിധാനം പ്രവർത്തിക്കുന്ന ഇവിടെ ഇതിനായി അനുവദിച്ചിട്ടുള്ളത് 20 സെക്കൻഡ് മാത്രമാണ്.
സിഗ്നൽ ലഭിക്കുമ്പോൾ കിഴക്കു വശത്തെയും പടിഞ്ഞാറു വശത്തെയും സർവീസ് റോഡുകളിലേക്കും ദേശീയപാതയിൽ ഇരുവശത്തേക്കും ആശ്രമം റോഡിലേക്കും പോകാനുള്ള വാഹനങ്ങൾ ഇതുവഴി തിരക്കിട്ടു പായുന്നതു അപകടഭീഷണി ഉയർത്തുന്നു. പോട്ട ജംക്‌ഷനിൽ പോകാതെ ഇരിങ്ങാലക്കുട ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ദേശീയപാത മുറിച്ചു കടന്ന് പടിഞ്ഞാറു ഭാഗത്തെ സർവീസ് റോഡിലൂടെയാണ് പോകുക. കിഴക്കു ഭാഗത്ത് ആശ്രമം ജംക്‌ഷൻ മുതൽ സുന്ദരിക്കവല വരെയുള്ള സർവീസ് റോഡിന്റെ വീതി കൂട്ടിയിട്ടുണ്ട്.
ഇതുവഴി പോട്ട ജംക്‌ഷനിലേക്കും തിരിച്ചും വാഹനങ്ങൾ ഈ റോഡിലൂടെയാണു പോകുക. ഇതിനിടയിലാണു ദേശീയപാത മുറിച്ചു കടക്കാനുള്ള തിക്കും തിരക്കുമുണ്ടാകുന്നത്. ആശ്രമം ജംക്‌ഷനിൽ മേൽപാലം നിർമിക്കണമെന്ന ആവശ്യത്തിന് ഇവിടത്തെ നാലുവരിപ്പാതയോളം പഴക്കമുണ്ട്. എന്നാൽ ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി അനുമതി ലഭ്യമാക്കുന്നതിന് ജനപ്രതിനിധികൾ വേണ്ടത്ര ശ്രമിച്ചില്ലെന്ന ആക്ഷേപവും ശക്തമാണ്.