ദേശീയപാത 66; തൃശൂർ ജില്ലയിലെ 6 ജംക്‌ഷനുകളിൽ ബൈപാസ്: ടോൾ പ്ലാസ നാട്ടികയിൽ?
![thrssur-palapetty-road-area thrssur-palapetty-road-area](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2023/9/23/thrssur-palapetty-road-area.jpg?w=1120&h=583)
Mail This Article
തൃശൂർ ∙ ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി തൃശൂർ ജില്ലയുടെ തീരദേശ മേഖലയിൽ രണ്ടു റീച്ചുകളിലായി ആറുവരി റോഡിന്റെ നിർമാണം ആരംഭിച്ചിട്ട് ഒരു വർഷം. 2025–ൽ പൂർണമായി ഗതാഗതയോഗ്യമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ ജില്ലയിലെ നിർമാണം ടോപ് ഗിയറിൽ പുരോഗമിക്കുകയാണ്. കാപ്പിരിക്കാട്–തളിക്കുളം ആറുവരി (33.17 കിലോമീറ്റർ), തളിക്കുളം–കൊടുങ്ങല്ലൂർ ആറുവരി (28.84 കിലോമീറ്റർ) എന്നീ രണ്ടു റീച്ചുകളാണു ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിലുള്ളത്. ഈ രണ്ടു റീച്ചുകളിലായി ആകെ 62.01 കിലോമീറ്ററാണു ജില്ലയിലൂടെ പാത കടന്നുപോകുന്നത്.
ഇതിൽ കാപ്പിരിക്കാട്–തളിക്കുളം റീച്ച് 2022 സെപ്റ്റംബർ ഒന്നിനും തളിക്കുളം–കൊടുങ്ങല്ലൂർ റീച്ച് സെപ്റ്റംബർ 17നുമാണു നിർമാണം തുടങ്ങിയത്. കാപ്പിരിക്കാട്–തളിക്കുളം ആറുവരിയുടെ 20 ശതമാനവും തളിക്കുളം–കൊടുങ്ങല്ലൂർ ആറുവരിയുടെ 21 ശതമാനവും നിലവിൽ പൂർത്തിയായിട്ടുണ്ട്.കാസർകോടു ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം ജില്ലയിലെ കാരോട് വരെയുള്ള കേരളത്തിലെ പാതയിൽ വിവിധ റീച്ചുകളിലായി 24 പദ്ധതികളാണു ദേശീയപാത അതോറിറ്റി നിർമാണം തുടങ്ങിയത്. കാപ്പിരിക്കാട്–തളിക്കുളം റീച്ച് 2025 ജനുവരിയിലും തളിക്കുളം–കൊടുങ്ങല്ലൂർ റീച്ച് 2025 ഫെബ്രുവരിയിലും പൂർത്തിയാക്കാനാണു ലക്ഷ്യമിടുന്നത്.
കാലാവസ്ഥ അനുകൂലമായാൽ ഓരോ 10 കിലോമീറ്ററിലും കൂടുതൽ തൊഴിലാളികളെ നിയോഗിച്ചു ജോലികൾ വേഗത്തിലാക്കാനാണു കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്‌ഷൻ ശ്രമിക്കുന്നത്.രാത്രിയിലടക്കം ജോലികൾ തുടരുന്നതിനുള്ള വെളിച്ച സംവിധാനങ്ങൾ ഇതിനായി ഒരുക്കിയിട്ടുണ്ട്. എടമുട്ടം പാലപ്പെട്ടി വളവിനു സമീപം ആറുവരി പാതയിൽ പരീക്ഷണാർഥം കഴിഞ്ഞ ദിവസം ടാർ ചെയ്തു. ഇതോടൊപ്പം കയ്പമംഗലം ബോർഡ്, ചെന്ത്രാപ്പിന്നി എന്നിവിടങ്ങളിൽ സർവീസ് റോഡുകളിൽ മെറ്റൽ വിരിക്കുകയും ചെയ്തിട്ടുണ്ട്.
![വഴിയമ്പലത്ത് മേൽപ്പാതയുടെ തൂണുകളുടെ നിർമാണം പുരോഗമിക്കുന്നു. വഴിയമ്പലത്ത് മേൽപ്പാതയുടെ തൂണുകളുടെ നിർമാണം പുരോഗമിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2023/9/23/thrisur-vzhiyambalam-piller.jpg)
കേന്ദ്ര സർക്കാരിന്റെ ഭാരത്‌മാല പദ്ധതിയിൽ ഉൾപ്പെടുത്തി കാപ്പിരിക്കാട്–തളിക്കുളം മേഖലയ്ക്കു 3923.60 കോടി രൂപയും തളിക്കുളം–കൊടുങ്ങല്ലൂർ മേഖലയ്ക്കു 3994.60 കോടി രൂപയുമാണു അനുവദിച്ചത് (ടോട്ടൽ പ്രൊജക്ട് കോസ്റ്റ്). ഓരോ മൂന്നു മാസം കൂടുമ്പോഴും ടി.എൻ. പ്രതാപൻ എംപിയുടെ നേതൃത്വത്തിൽ പദ്ധതിയുടെ അവലോകന യോഗം ചേരുന്നുണ്ട്.
6 ജംക്‌ഷനുകളിൽ ബൈപാസ്
വാടാനപ്പള്ളി, തൃപ്രയാർ, ചെന്ത്രാപ്പിന്നി, കയ്പമംഗലം, മൂന്നുപീടിക, മതിലകം എന്നീ 6 ബൈപാസുകളാണു ജില്ലയിൽ ദേശീയപാതയ്ക്കുള്ളത്. ഏറ്റവും കൂടുതൽ പ്രധാന ജംക്‌ഷനുകൾ പൂർണമായി ഒഴിവാക്കി ദേശീയപാത മുന്നോട്ടു പോകുന്നതു ജില്ലയിലാണ്. ജനവാസ കേന്ദ്രങ്ങളിലൂടെ 45 മീറ്റർ വീതിയിൽ സ്ഥലം ഒരുങ്ങിയപ്പോൾ ഈ ജംക്‌ഷനുകളുടെ മുഖഛായ തന്നെ മാറി. തൃപ്രയാർ, ചെന്ത്രാപ്പിന്നി സെന്റർ, കയ്പമംഗലം, മൂന്നുപീടിക, പെരിഞ്ഞനം, പുതിയകാവ്, മതിലകം പള്ളിനട, മതിലകം സെന്റർ, ശ്രീനാരായണപുരം സെന്റർ എന്നിവിടങ്ങളിലെ വ്യാപാര കേന്ദ്രങ്ങൾ അതേപടി നിലനിർത്തിയാണു ബൈപാസ് നിർമാണം പുരോഗമിക്കുന്നത്.
തളിക്കുളം മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്തു തൃപ്രയാർ, ചെന്ത്രാപ്പിന്നി, കയ്പമംഗലം, മൂന്നുപീടിക ബൈപാസുകളിലെ പതിനഞ്ചോളം അടിപ്പാതകൾക്കും കലുങ്കുകൾക്കുമുള്ള ജോലികൾ പുരോഗമിക്കുന്നുണ്ട്. ജില്ലയിലെ ഏറ്റവും നീളമേറിയ മതിലകം ബൈപാസ് മതിലകം പഞ്ചായത്തിലെ പുന്നക്ക ബസാറിൽ തുടങ്ങി ശ്രീനാരായണപുരം, വെളുത്തക്കടവ് ഭാഗങ്ങളിലൂടെയാണു കടന്നുപോകുന്നത്. 4 അടിപ്പാതകളാണ് ഈ ബൈപാസിൽ ഉണ്ടാവുക.
ഭൂമിയേറ്റെടുക്കലും സമരങ്ങളും
ദേശീയപാത 66–ന്റെ വികസന പ്രവർത്തനവുമായി ബന്ധപ്പെട്ട് ഭൂമിയേറ്റെടുക്കലിൽ കൂടുതൽ സമരങ്ങളും വിവാദങ്ങളും ഉണ്ടായ ജില്ലകളിലൊന്നായിരുന്നു തൃശൂർ. ജനവാസ മേഖല ഏറെയുള്ള ജില്ലയെന്ന നിലയിൽ വലിയ വെല്ലുവിളിയായിരുന്നു ഭൂമിയേറ്റെടുക്കൽ. എതിർപ്പുകളെ മറികടന്നു ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കിയെങ്കിലും നഷ്ടപരിഹാരമായി വലിയ തുക നൽകേണ്ടി വന്നു. പദ്ധതിയുടെ ആകെ തുക 7918.42 കോടി രൂപയായിരുന്നെങ്കിലും 5096 കോടി രൂപയാണു ഭൂമിയേറ്റെടുക്കൽ നഷ്ടപരിഹാരമായി തൃശൂരിന് അനുവദിച്ചത്. 205.44 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്.
![ചെന്ത്രാപ്പിന്നിയിൽ സർവീസ് റോഡ് അടക്കം ആറുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുന്നു. ചെന്ത്രാപ്പിന്നിയിൽ സർവീസ് റോഡ് അടക്കം ആറുവരിപ്പാതയുടെ നിർമാണം പുരോഗമിക്കുന്നു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/thrissur/images/2023/9/23/thrissur-highway.jpg)
ടോൾ പ്ലാസ നാട്ടികയിൽ?
ദേശീയപാത 66–ൽ 11 ടോൾ പ്ലാസകളാണു നിർമിക്കുക. വ്യത്യസ്ത നിരക്കുകളാകും ഈടാക്കുക. 60 മീറ്ററിനു മുകളിൽ നിർമിക്കുന്ന പാലങ്ങൾ, ആകാശപാതകൾ എന്നിവ കൂടുതലുള്ള പ്രദേശങ്ങളിൽ ടോൾ നിരക്കു വർധിക്കും. നിർമാണച്ചെലവു കൂടുതലായതിനാൽ പാലങ്ങളുടെയും മറ്റും നീളത്തിന്റെ പത്തു മടങ്ങു ദൂരം കണക്കാക്കി ടോൾ പിരിക്കണമെന്നാണു ചട്ടം. ജില്ലയിൽ നിലവിൽ നാട്ടികയിലാണു ടോൾ പ്ലാസ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യ റീച്ചിൽ 55.86 കിലോമീറ്റർ സർവീസ് റോഡുണ്ടാകും. 8.19 കിലോമീറ്ററാണു ബൈപാസുകളുടെ ദൂരം. രണ്ടാം റീച്ചിൽ 52.13 കിലോമീറ്ററാണു സർവീസ് റോഡ്. 7 ബസ് ബേ, 59 ബസ് കാത്തിരിപ്പു കേന്ദ്രം എന്നിവയുമുണ്ടാകും.
ദേശീയപാത 66: തൃശൂർ റൂട്ട് മാപ്
നിലവിലെ ദേശീയപാത 17–ആണു 66–ആയി വഴിമാറുന്നത്. മഹാരാഷ്ട്രയിലെ പൻവേൽ മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെ നീളുന്നതാണു പുതിയ ദേശീയപാത 66. തൃശൂർ ജില്ലയിലെ പാത ഇങ്ങനെ: മലപ്പുറം വളാഞ്ചേരിയിൽ നിന്നു ജില്ലാ അതിർത്തിയായ കാപ്പിരിക്കാട് നിന്നു തുടങ്ങി എടക്കഴിയൂർ–ചാവക്കാട് (മണത്തല)–ചേറ്റുവ–ഏങ്ങണ്ടിയൂർ–വാടാനപ്പള്ളി– തളിക്കുളം–നാട്ടിക–തൃപ്രയാർ–വലപ്പാട്–എടമുട്ടം–കയ്പമംഗലം–മൂന്നുപീടിക–പെരിഞ്ഞനം–കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലൂടെ എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിലേക്ക്.
English Summary: National highway 66 construction