പി.ജി. ദീപക് വധം ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾ കുറ്റക്കാർ

Mail This Article
കൊച്ചി ∙ ജനതാദൾ (യു) നേതാവ് പി.ജി. ദീപക്കിനെ വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ തൃശൂർ അഡീഷനൽ ജില്ലാക്കോടതി വിട്ടയച്ച 10 പ്രതികളിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നു ഹൈക്കോടതി കണ്ടെത്തി. കൊലപാതകക്കുറ്റമാണു ഇവർക്കെതിരെയുള്ളത്. ആർഎസ്എസ് – ബിജെപി പ്രവർത്തകരായ പെരിങ്ങോട്ടുകര മരോട്ടിക്കൽ ഋഷികേശ്, മുറ്റിച്ചൂർ കൂട്ടാല നിജിൽ, കാരമുക്ക് കൊച്ചത്തു പ്രശാന്ത്, പൂക്കോട് പ്ലാക്കിൽ രശാന്ത്, വാലപ്പറമ്പിൽ ബ്രഷ്നേവ് എന്നിവർ കുറ്റക്കാരാണെന്നു ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കണ്ടെത്തിയത്.
5 പേരെയും ഉടൻ അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കാനും ശിക്ഷ വിധിക്കാൻ ഇവരെ 8നു രാവിലെ 10.15നു ഹൈക്കോടതിയിൽ ഹാജരാക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തെളിവുകൾ പരിഗണിക്കാതെയും അപ്രസക്തമായ വസ്തുതകൾ പരിഗണിച്ചുമാണു സെഷൻസ് കോടതി ഉത്തരവെന്നു ഹൈക്കോടതി വിലയിരുത്തി. സർക്കാരും ദീപക്കിന്റെ ഭാര്യയും നൽകിയ അപ്പീലുകൾ ഭാഗികമായി അനുവദിച്ചാണ് ഉത്തരവ്. ആറു മുതൽ 10 വരെയുള്ള പ്രതികൾക്കെതിരെ അക്രമത്തിനു പ്രേരിപ്പിച്ചു, തെളിവു നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണു ചുമത്തിയിരുന്നത്. ഇവരെ വിട്ടയച്ചതു ശരിവച്ചു.
സർക്കാരിനായി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ എസ്.യു. നാസർ ഹാജരായി. ശിവദാസ്, രാഗേഷ്, ബൈജു, സനന്ദ്, സരസൻ എന്നിവരെ വിട്ടയച്ചതാണു ശരിവച്ചത്. 2015 മാർച്ച് 24ന് ആയിരുന്നു സംഭവം. ജനതാദൾ (യു) സംസ്ഥാന കൗൺസിൽ അംഗവും നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റുമായ പെരിങ്ങോട്ടുകര കരുവാംകുളം പൊറ്റെക്കാട്ട് പി.ജി. ദീപക്കിനെ (45) കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്. ആർഎസ്എസ് നേതാവായ ആറാം പ്രതി തറയിൽ ശിവദാസിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിനു പ്രതികാരം തീർക്കാൻ ദീപക്കിനെ ആക്രമിച്ചെന്നാണു പ്രോസിക്യൂഷൻ ആരോപണം.
കാറിലെത്തിയ അഞ്ചുപേരെയാണു കുറ്റക്കാരായി ഹൈക്കോടതി കണ്ടെത്തിയത്. ഇവരിൽ നാലു പേരാണ് ആക്രമണം നടത്തിയത്. അഞ്ചാം പ്രതിയായിരുന്നു വാഹനം ഓടിച്ചത്. സാക്ഷികളെ മാരകായുധംകൊണ്ട് ആക്രമിച്ചു എന്ന കുറ്റം രണ്ടാം പ്രതിക്കെതിരെയും മാരകായുധംകൊണ്ടു ഗുരുതരമായി പരുക്കേൽപ്പിച്ചെന്ന കുറ്റം നാലാം പ്രതിക്കെതിരെയും നിലനിൽക്കുമെന്നു കോടതി പറഞ്ഞു. രാത്രി എട്ടരയോടെ റേഷൻകട പൂട്ടിയിറങ്ങുമ്പോഴായിരുന്നു ആക്രമണം. പരുക്കേറ്റ സജീവ്, സ്റ്റാലിൻ എന്നിവരുടെ മൊഴികളാണു പ്രോസിക്യൂഷൻ പ്രധാനമായും ആധാരമാക്കിയത്. പ്രതികൾ മാസ്ക് ധരിച്ചിരുന്നെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടി സാക്ഷി മൊഴി സെഷൻസ് കോടതി അംഗീകരിക്കാതിരുന്നതു തെറ്റാണെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
പ്രതികളെ വിട്ടയച്ച വിധി റദ്ദാക്കുന്നത് കൊലപാതകത്തിന്റെ പത്താംവർഷത്തിൽ
തൃശൂർ ∙ പത്ത് വർഷം മുൻപു ജില്ലയെ ഞെട്ടിച്ച കൊലപാതകക്കേസിലെ പ്രതികളെ വിചാരണക്കോടതി വിട്ടയച്ച സംഭവത്തിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ ഇടപെടൽ. ജനതാദൾ (യു) സംസ്ഥാന കൗൺസിൽ അംഗവും നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന പെരിങ്ങോട്ടുകര കരുവാംകുളം പൊറ്റെക്കാട്ട് പി.ജി. ദീപക് 2015 മാർച്ച് 24നാണ് കൊല്ലപ്പെട്ടത്. റേഷൻ വ്യാപാരി കൂടിയായിരുന്ന ദീപക് ദാരുണമായി കൊല്ലപ്പെട്ടതിന്റെ 10–ാം വാർഷിക വേളയിലാണു പ്രതികളെ വിട്ടയച്ച വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കിയതെന്നത് യാദൃച്ഛികമായി.
ദീപക്കിന്റെ പേരിൽ ഇപ്പോൾ പഴുവിൽ സെന്ററിൽ ദീപക് സ്മാരക സോഷ്യലിസ്റ്റ് പഠനകേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ കഴിഞ്ഞ 24ന് നാഷനൽ ജനതാദളിന്റെ നേതൃത്വത്തിൽ ദീപക് അനുസ്മരണ യോഗവും രക്തസാക്ഷി ദിനാചരണവും നടത്തിയിരുന്നു.കൊല്ലപ്പെടുമ്പോൾ 45 വയസ്സായിരുന്നു. പഴുവിൽ സെന്ററിലെ റേഷൻ കട രാത്രി എട്ടരയോടെ അടയ്ക്കാൻ ശ്രമിക്കുമ്പോൾ കാറിലെത്തിയ അക്രമിസംഘം ദീപക്കിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. ഒളിവിൽ പോയ പ്രതികളെ സൈബർ സെല്ലിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
2016 ഓഗസ്റ്റിൽ വിചാരണ ആരംഭിച്ചെങ്കിലും പ്രതികൾ കൊലപാതകം നടത്തിയെന്നു സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഇതോടെ 2017 ഏപ്രിലിൽ വിചാരണ കോടതി കേസിലെ മുഴുവൻ പ്രതികളെയും വിട്ടയയ്ക്കുകയായിരുന്നു. ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പെരിങ്ങോട്ടുകര മരോട്ടിക്കൽ എം.എസ്. ഋഷികേശ്, മുറ്റിച്ചൂർ കൂട്ടാല കെ.യു. നിജിൽ, കാരമുക്ക് കൊച്ചത്ത് കെ.പി. പ്രശാന്ത്, കോട്ടപ്പടി പൂക്കോട് പ്ലാക്കിൽ രശാന്ത്, പെരിങ്ങോട്ടുകര വാലപ്പറമ്പിൽ വി.പി. ബ്രഷ്നേവ്, പെരിങ്ങോട്ടുകര തറയിൽ ശിവദാസൻ, മുറ്റിച്ചൂർ പടിയം മാമ്പുള്ളി രാഗേഷ്, ചാഴൂർ കുരുതുകുളങ്ങര കൂളയിൽ കെ.എസ്. ബൈജു, കാരയിൽ സനന്ദ്, കാട്ടൂർ കരാഞ്ചിറ മുനയം വീയ്യത്ത് സരസൻ എന്നിവരെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി വിട്ടയച്ചത്.
മുഖംമൂടി ധരിച്ച് നടത്തിയ ആക്രമണത്തിലെ യഥാർഥ പ്രതികൾ ഇവരാണെന്നു തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിട്ടയച്ചത്. ആറാം പ്രതി ശിവദാസിനെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു പ്രതികാരം തീർക്കാൻ ദീപക്കിനെ ആക്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ കണ്ടെത്തൽ. ബിജെപി പ്രവർത്തകനായിരുന്ന ദീപക് പാർട്ടി മാറിയതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
സത്യം ജയിക്കുന്നു: യൂജിൻ മോറേലി
തൃശൂർ ∙ ജനതാദൾ നേതാവായിരുന്ന പി.ജി. ദീപക്കിന്റെ കൊലപാതകത്തിൽ ഒന്നു മുതൽ 5 വരെയുള്ള പ്രതികളെ കുറ്റക്കാരായി ഹൈക്കോടതി കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ആർജെഡി സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി. കോടതിയുടെ ആപ്തവാക്യമായ ‘സത്യമേവ ജയതേ’ പ്രാവർത്തികമായി. വൈകിയാണെങ്കിലും നീതിദേവതയുടെ പടവാൾ ഉയർന്നതു കൊലപാതതികൾക്കും വർഗീയ വാദികൾക്കുമുള്ള മുന്നറിയിപ്പാണ്.
കൊലയാളികൾക്ക് ഉയർന്ന ശിക്ഷ തന്നെ ലഭിക്കുമെന്നതു ക്രിമിനൽ രാഷ്ട്രീയക്കാർക്കെതിരെയുള്ള താക്കീത് കൂടിയാണെന്നും യൂജിൻ മൊറേലി പറഞ്ഞു. പ്രതികളെ ഹൈക്കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയതോടെ ദീപക്കിനും കുടുംബത്തിനും നീതി ലഭിച്ചെന്ന് നാഷനൽ ജതതാദൾ സംസ്ഥാന കമ്മിറ്റി. ആഗ്രഹിച്ച വിധിയിൽ സന്തോഷമുണ്ടെന്നു സംസ്ഥാന സെക്രട്ടറി കെ.കെ. രാമദാസ് പറഞ്ഞു.