കൊടുങ്ങല്ലൂരിലെ ഇരട്ടക്കൊലപാതകം: രണ്ട് പ്രതികൾക്കും ഇരട്ട ജീവപര്യന്തവും പിഴയും

Mail This Article
തൃശൂർ ∙ കൊടുങ്ങല്ലൂർ പടിഞ്ഞാറേ വെമ്പല്ലൂർ ശങ്കു ബസാർ ഇരട്ടക്കൊലപാതക കേസിൽ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം കഠിന തടവും 4 ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ചിറ്റാപ്പുറത്ത് മധു, കോലാന്തര സുധി എന്നിവരെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നും രണ്ടും പ്രതികളായ പുളിപ്പറമ്പിൽ രശ്മിത് (36), ചള്ളിയിൽ ദേവൻ (27) എന്നിവരെയാണ് ഒന്നാം അഡിഷനൽ ജില്ലാ സെഷൻസ് ജഡ്ജി ടി.കെ. മിനിമോൾ ശിക്ഷിച്ചത്.
2012 ഫെബ്രുവരി 11ന് രാത്രിയായിരുന്നു ഇരട്ടക്കൊലപാതകം. ശങ്കു ബസാർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കാവടി ഉത്സവത്തിനിടെയുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ബിജെപി പ്രവർത്തകർ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. മതിലകം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ അന്ന് സബ് ഇൻസ്പെക്ടറായിരുന്ന പി.കെ.പത്മരാജനാണ് ആദ്യം അന്വേഷണം നടത്തിയത്. തുടർന്ന് കൊടുങ്ങല്ലൂർ ഇൻസ്പെക്ടറായിരുന്ന വി.എസ്. നവാസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എഎസ്ഐ പി.എച്ച്. ജഗദീഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.സി.ശിവൻ എന്നിവർ സഹായികളായിരുന്നു. സിവിൽ പൊലീസ് ഓഫിസറായ പി.എ. അജീഷ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 24 സാക്ഷികളെ വിസ്തരിച്ചു. 45 രേഖകളും 37 മുതലുകളും ഹാജരാക്കി. വൈരാഗ്യം മൂലമാണ് പ്രതികൾ കൃത്യം ചെയ്തതെന്നു പ്രോസിക്യൂഷൻ തെളിയിച്ചു. കേസിലെ ദൃക്സാക്ഷിയുടെ മൊഴി കൂടാതെ പോസ്റ്റ്മോർട്ടം നിർവഹിച്ച ഡോക്ടറുടെ മൊഴിയും രേഖകളായി. സർക്കാരിനു വേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ ഹാജരായി.