ലോക്സഭാ തിരഞ്ഞെടുപ്പ്; മുന്നൊരുക്കവുമായി കോൺഗ്രസ് ക്യാംപ്

Mail This Article
കൽപറ്റ ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നടത്തിയ 'ലക്ഷ്യ 2024' ക്യാംപ് എക്‌സിക്യൂട്ടീവ് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഹിമാചൽ പ്രദേശിൽ കോൺഗ്രസ് നേടിയ വിജയം മോദി സർക്കാരിനേറ്റ തിരിച്ചടിയാണെന്നും രാജ്യത്ത് കോൺഗ്രസ് ശക്തമായി തിരിച്ചെത്തുമെന്നും 2024-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിനായി പ്രവർത്തകർ സജ്ജമാകണമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായ നയങ്ങൾ സർവ മേഖലയെയും തകർത്തതായി നേതാക്കൾ കുറ്റപ്പെടുത്തി. കാർഷിക കടങ്ങൾ എഴുതി തള്ളി കർഷകരെ സഹായിച്ച യുപിഎ സർക്കാരിന്റെ മാതൃക സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്നു യോഗം ആവശ്യപ്പെട്ടു. 20 ലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ഇടതുമുന്നണിയുടെ ഭരണത്തിൽ തൊഴിലില്ലായ്മ വർധിക്കുകയാണ്.വയനാടിന്റെ സ്വപ്‌ന പദ്ധതികളായ ഗവ. മെഡിക്കൽ കോളജ്, നഞ്ചൻകോട്-നിലമ്പൂർ റെയിൽപാത, ചുരം ബൈപാസുകൾ എന്നിവയെല്ലാം ഇപ്പോഴും കടലാസിലൊതുങ്ങുകയാണ്.
വയനാടിനോട് ഒരുകാലത്തും കാണിക്കാത്ത അവഗണനയാണ് പിണറായി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ക്യാംപ് കുറ്റപ്പെടുത്തി. 2024-ലോക്സഭ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി 3 മാസത്തെ പ്രവർത്തനങ്ങൾക്ക് ക്യാംപ് രൂപം നൽകി. ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറിമാരായ ജമീല ആറ്റപ്പിള്ളി, കെ.കെ.ഏബ്രഹാം, പി.ടി. മാത്യു, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, യുഡിഎഫ് ജില്ലാ കൺവീനർ കെ.കെ. വിശ്വനാഥൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, പി.പി. ആലി എന്നിവർ പ്രസംഗിച്ചു.