ADVERTISEMENT

കൽപറ്റ ∙ നഗരസഭാ പരിധിയിലെ ഗ്രാമീണ റോഡുകളിൽ നടുവൊടിക്കും യാത്ര. പുളിയാർമല–മുണ്ടേരി–വെയർഹൗസ്‌ റോഡ്‌, അമ്പിലേരി–നെടുങ്ങോട്‌ റോഡ്‌, വെള്ളാരംകുന്ന്‌–പുഴമുടി റോഡ്‌, ഓണിവയൽ–കൈതക്കൊല്ലി റോഡ്‌, മടിയൂർകുനി–മിൽമ–ചുഴലി റോഡ്‌, പൊന്നട റോഡ്‌, എമിലി റോഡ്‌ എന്നിവിടങ്ങളിലാണു തകർച്ച കൂടുതൽ. വെയർഹൗസ് റോഡിൽ വൻ കുഴികൾ രൂപപ്പെട്ടു. നേരത്തെ 3 ലക്ഷവും ഇപ്പോൾ 6 ലക്ഷം രൂപയും റോഡ്‌ പ്രവൃത്തിക്ക്‌ വകയിരുത്തിയെങ്കിലും തുടർ നടപടിയില്ല. ഫാത്തിമ റോഡിലെ പാലം തകർന്ന്‌ റോഡ്‌ അടച്ചിട്ട്‌ ഒരുവർഷം കഴിഞ്ഞു. പ്രതിഷേധം ശക്തമായപ്പോൾ ഒരുമാസം മുൻപു പ്രവൃത്തി തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചു. പാലത്തിനു താഴെയുള്ള കുടിവെള്ള പൈപ്പ്‌ മാറ്റാൻ പദ്ധതിയിൽ തുക വകയിരുത്താതെയാണ്‌ പ്രവൃത്തി തുടങ്ങിയത്‌. പൈപ്പ്‌ മാറ്റാനാകാതെ തുടക്കത്തിൽ തന്നെ പ്രവൃത്തി നിർത്തിവയ്ക്കേണ്ടിവന്നു. 

പനമരം പഞ്ചായത്തിൽ കനത്ത മഴയിൽ തകർന്ന ഗ്രാമീണ റോഡുകളിൽ ഒന്ന്.
പനമരം പഞ്ചായത്തിൽ കനത്ത മഴയിൽ തകർന്ന ഗ്രാമീണ റോഡുകളിൽ ഒന്ന്.

പനമരം∙ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് ഗ്രാമീണ റോഡുകളിൽ ഏറെയും തകർന്നു. പനമരം, പൂതാടി, കണിയാമ്പറ്റ പഞ്ചായത്തുകളിലെ പല ടാർ റോഡുകളും തകർന്നു കല്ലുകൾ ഒഴുകിപ്പോയി. ഒരുവർഷം മുൻപ് ടാറിങ് നടത്തിയ റോഡും തകർന്നതിൽ പെടും. ഓവുചാലുകൾ ഇല്ലാത്തതിനാൽ വെള്ളം പരന്നൊഴുകുന്നതും റോഡുകൾ തകരാൻ കാരണമാകുന്നുണ്ട്. നടവയൽ സിഎം കോളജിലേക്കുള്ള റോഡ് പൂർണമായും തകർന്ന് കാൽനടയാത്ര പോലും പറ്റാത്ത അവസ്ഥയിലാണ്. മഴ മാറുന്നതോടെ റോഡുകൾ നന്നാക്കാൻ നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചുഴലി റോഡിലെ കുഴി.
ചുഴലി റോഡിലെ കുഴി.

ചുഴലിയിലേക്ക്  'ഓഫ് റോഡ്' യാത്ര
ചുഴലി റോഡിൽ തകരാത്ത ഒരിടം പോലുമില്ല. റോഡ് തകർന്നിട്ട് 2 വർഷത്തിലധികമായി. മഴ പെയ്യാൻ തുടങ്ങിയതോടെ റോഡാകെ ചെളിക്കുളമായി. കെഎസ്ആർടിസി ഗാരിജ്, മിൽമ ഡെയറി, ജില്ലാ ലീഗൽ മെട്രോളജി ഓഫിസ് എന്നിവിടങ്ങളിലേക്കുള്ള റോഡാണിത്. 500ലധികം കുടുംബങ്ങൾ റോഡിനു ഇരുവശങ്ങളിലുമായി താമസിക്കുന്നുണ്ട്. മിൽമ ഡെയറിയിലേക്കുള്ള ടാങ്കർ ലോറികളുടെ നിരന്തര ഓട്ടമാണു റോഡ് തകർച്ചയ്ക്ക് ആക്കം കൂട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ തുടക്കം മുതൽ മിൽമ ഡെയറി വരെയുള്ള ഒന്നര കിലോമീറ്ററിലധികം ദൂരം ഇരുചക്രവാഹനങ്ങൾക്കു പോലും കടന്നുപോകാൻ കഴിയാത്തവിധം തകർന്ന നിലയിലാണ്. കെഎസ്ആർടിസി ഗാരിജിനു മുന്നിൽ, തോര്യമ്പം കയറ്റം, തോര്യമ്പം കോളനി, ചുഴലി ലൈബ്രറി എന്നീ ഭാഗങ്ങളിലാണു തകർച്ച കൂടുതൽ. ഒട്ടേറെത്തവണ പരാതിപ്പെട്ടെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്.

പാടേ തകർന്ന ഒാണിവയൽ റോഡ്. കുണ്ടും കുഴികളുമായി കിടക്കുന്ന റോഡിലൂടെ വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ സാഹസപ്പെട്ടാണ് കടന്നുപോകുന്നത്.                   ചിത്രങ്ങൾ: മനോരമ
പാടേ തകർന്ന ഒാണിവയൽ റോഡ്. കുണ്ടും കുഴികളുമായി കിടക്കുന്ന റോഡിലൂടെ വിദ്യാർഥികൾ അടക്കമുള്ള കാൽനടയാത്രക്കാർ സാഹസപ്പെട്ടാണ് കടന്നുപോകുന്നത്. ചിത്രങ്ങൾ: മനോരമ

ഓണിവയൽ റോഡിൽ തോണിയിറക്കാം
കുണ്ടും കുഴികളും രൂപപ്പെട്ട ഓണിവയൽ റോഡിൽ യാത്ര ചെയ്യണമെങ്കിൽ തോണിയിറക്കേണ്ട ഗതികേടാണ് നാട്ടുകാർക്ക്. കുഴികളിൽ മഴവെള്ളം കെട്ടിക്കിടന്ന് റോഡിൽ ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽ പെടുന്നു. തുർക്കിബസാർ പാലം പൊളിച്ചതോടെ അഡ്‌ലെയ്ഡ്, കൈതക്കൊല്ലി, ചേനമല മേഖലകളിലുള്ളവരും ഇൗ റോഡിനെയാണു ആശ്രയിക്കുന്നത്. റോഡിന്റെ തകർച്ച കാരണം ഓട്ടോറിക്ഷകൾ ഇതുവഴി വരാൻ മടിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ വശങ്ങളിൽ ഓവുചാലുകൾ ഇല്ലാത്തതാണു തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത്. റോഡിൽ കൂടുതൽ തകർന്ന 2 ഇടങ്ങളിൽ മാസങ്ങൾക്കു മുൻപ് കോൺക്രീറ്റ് ചെയ്തിരുന്നു. കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ പഴയ റോഡിൽ നിന്നു ഉയർന്നു നിൽക്കുന്നതിനാൽ മഴവെള്ളം ഒലിച്ചുപോകാനാകാതെ കെട്ടിക്കിടക്കുകയാണ്. 

വെയർ ഹൗസ്–മുണ്ടേരി റോഡില്‍ പൊലീസ് ഹൗസിങ് കോളനിക്ക് സമീപത്തെ വളവിലെ കാഴ്ച. കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.
വെയർ ഹൗസ്–മുണ്ടേരി റോഡില്‍ പൊലീസ് ഹൗസിങ് കോളനിക്ക് സമീപത്തെ വളവിലെ കാഴ്ച. കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവാണ്.

നടുവൊടിച്ച് വെയർഹൗസ്–മുണ്ടേരി റോഡ്
പിണങ്ങോട് റോഡിൽ നിന്നു എളുപ്പത്തിൽ മുണ്ടേരിയിൽ എത്തിച്ചേരാനുള്ള വെയർഹൗസ്–മുണ്ടേരി റോഡ് തകർന്നിട്ട് മാസങ്ങളായി. വെയർഹൗസിന് സമീപവും പൊലീസ് ഹൗസിങ് കോളനിക്ക് സമീപത്തെ വളവിലുമാണു കൂടുതൽ തകർച്ച. നഗരത്തോടു ചേർന്ന ജനവാസ മേഖലയായ മുണ്ടേരിയിലേക്കുള്ള ഇൗ റോഡിൽ രാവിലെയും വൈകിട്ടും വലിയ തിരക്കാണു അനുഭവപ്പെടുന്നത്. റോഡിൽ അറ്റകുറ്റപ്പണിയെങ്കിലും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

നഗരത്തിലെ പല പ്രദേശങ്ങളിലും തെരുവുവിളക്കുകൾ കണ്ണടച്ചിട്ടു കാലങ്ങളായെങ്കിലും നന്നാക്കിയിട്ടില്ല. പല പാതകളിലും കൂരിരുട്ടാണ്‌. തെരുവു വിളക്കുകൾ നന്നാക്കണമെന്ന്‌ പ്രദേശവാസികൾ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തിട്ടില്ല. കൽപറ്റ നഗരമധ്യത്തിലെ ലോ മാസ്റ്റ് ലൈറ്റ് നന്നാക്കാനും നടപടിയില്ല. 

''നഗരസഭാ പരിധിയിലെ  ഗ്രാമീണ റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ടെൻഡർ നടപടികൾ പൂർത്തീകരിച്ചതാണ്. മഴ മാറുന്ന മുറയ്ക്ക് ഗ്രാമീണ റോഡുകളുടെ നവീകരണം ആരംഭിക്കും. ചുഴലി റോഡിന്റെ അറ്റകുറ്റപ്പണിക്കുള്ള നടപടികളും നേരത്തെ പൂർത്തിയായതാണ്. എസ്പി ഓഫിസ്–ആനപ്പാലം, ജൈത്ര–ഹരിതഗിരി, ഗൂഡലായ് ബൈപാസുകളുടെ നവീകരണത്തിന് സംസ്ഥാന സർക്കാർ ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇൗ റോഡുകളുടെയും ടെൻഡർ നടപടികൾ പൂർത്തീകരിച്ചതാണ്.'' 

''കോൺഗ്രസിന്റെ അധികാര വടംവലിയിൽ നഗരസഭയിലെ വികസനം സ്‌തംഭിച്ചതിനെതിരെ എൽഡിഎഫ്‌ ശക്തമായ പ്രതിഷേധത്തിലാണ്. ഓണിവയൽ ഫ്ലാറ്റിലെ കക്കൂസ്‌ മാലിന്യപ്രശ്‌നം അതീവ ഗുരുതരമായി തുടരുന്നു. ടൗൺ വികസനവും നിലച്ചു. എൽഡിഎഫ്‌ കൗൺസിലിന്റെ കാലത്ത്‌ ജലവിഭവ വകുപ്പിൽ നിക്ഷേപിച്ച തുകയുടെ പ്രവൃത്തി പോലും പൂർത്തിയാക്കിയിട്ടില്ല. വ്യക്‌തിഗത ഗുണഭോക്‌തൃ പദ്ധതികളും നടപ്പാക്കുന്നില്ല.''

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com