സിദ്ദീഖ് എംഎൽഎയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കേസെടുക്കണം: എസ്എഫ്ഐ
![wayanad-dyfi-protest-against-t-siddique-mla പൂക്കോട് വെറ്ററിനറി കോളജിൽ പരാതി നൽകിയ വിദ്യാർഥിനിയെ അധിക്ഷേപിച്ചു സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ ടി.സിദ്ദീഖ് എംഎൽഎയുടെ നടപടിക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ കൽപറ്റയിൽ നടത്തിയ പ്രതിഷേധ പ്രകടനം. ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ്, സി.ഷംസുദീൻ, എം.കെ.റിയാസ്, ഹിമ ഹരി, മുഹമ്മദ് റാഫിൽ എന്നിവർ പ്രസംഗിച്ചു.](https://img-mm.manoramaonline.com/content/dam/mm/mo/district-news/wayanad/images/2024/3/7/wayanad-dyfi-protest-against-t-siddique-mla.jpg?w=1120&h=583)
Mail This Article
കൽപറ്റ ∙ ടി. സിദ്ദീഖ് എംഎൽഎയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ കേസെടുക്കണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളജിൽ പരാതി നൽകിയ പെൺകുട്ടിയെ അധിക്ഷേപിച്ചാണ് ടി. സിദ്ദീഖ് സംസാരിച്ചത്. അനുഭവത്തിന്റെ കാഠിന്യം കുറഞ്ഞതു കൊണ്ടാണു പരാതി വൈകിയതെന്നു പറഞ്ഞ എംഎൽഎ, പീഡനം ആണെങ്കിൽ ഉടൻ പരാതി കൊടുക്കുമായിരുന്നെന്നും പറഞ്ഞു. പരാതി മുന്നോട്ടു കൊണ്ടു പോകേണ്ടിവന്നത് ഏൽക്കേണ്ടിവന്ന പീഡനത്തിന്റെ അടിസ്ഥാനത്തിലാണെന്നും പരാതി അത്രയേ ഉള്ളൂവെന്നും ടി. സിദ്ദീഖ് അധിക്ഷേപിച്ചു.
എംഎൽഎയ്ക്ക് വെറ്ററിനറി സർവകലാശാല ബോർഡ് ഓഫ് മാനേജ്മെന്റ് അംഗമായി തുടരാൻ യോഗ്യതയില്ല. സിദ്ധാർഥിനു നീതി ലഭിക്കണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നതുമായ നിലപാട് എസ്എഫ്ഐ വ്യക്തമാക്കിയതാണ്. പരാതി നൽകിയ വിദ്യാർഥിനിക്കും നീതി ലഭിക്കണം. പെൺകുട്ടികൾക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കും മാധ്യമവേട്ടയ്ക്കും പുറമേ ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നതും പ്രതിഷേധാർഹമാണ്. ആക്രമിക്കപ്പെടുന്ന പെൺകുട്ടികൾക്കു പരാതി നൽകാൻ കൂടി ധൈര്യപ്പെടാൻ കഴിയാത്ത സാഹചര്യത്തിലേക്ക് ഇത്തരം പരാമർശങ്ങൾ എത്തിക്കുമെന്നും എസ്എഫ്ഐ അഭിപ്രായപ്പെട്ടു.
ടി. സിദ്ദീഖ് രാജിവയ്ക്കണം: മഹിളാ അസോസിയേഷൻ
കൽപറ്റ ∙ പൂക്കോട് വെറ്ററിനറി കോളജിൽ പരാതി നൽകിയ പെൺകുട്ടിയെ അധിക്ഷേപിച്ചു സംസാരിച്ച ടി. സിദ്ദീഖ് എംഎൽഎ രാജിവയ്ക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. അനുഭവത്തിന്റെ കാഠിന്യം കുറഞ്ഞതു കൊണ്ടാണു പരാതി നൽകാൻ പെൺകുട്ടി വൈകിയതെന്നു പറയുക വഴി പരാതിക്കാരിയെ അപമാനിക്കുകയാണു ചെയ്തത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ എംഎൽഎ സമൂഹത്തോടു മാപ്പുപറയണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി ബീനാ വിജയൻ, പ്രസിഡന്റ് പി.ആർ. നിർമല, രുക്മിണി സുബ്രഹ്മണ്യൻ, എൽസി ജോർജ് എന്നിവർ പ്രസംഗിച്ചു.