വീണു പരുക്കേറ്റു മരിച്ച കർഷകന്റെ നെല്ല് കൊയ്ത് അമ്മമാരുടെ മാതൃദിനാഘോഷം

Mail This Article
പനമരം ∙ കാട്ടാനയുടെ ആക്രമണത്തിൽനിന്നു രക്ഷതേടി ഓടുന്നതിനിടെ വീണു പരുക്കേറ്റു ചികിത്സയിലിരിക്കെ മരിച്ച കർഷകന്റെ നെല്ല് ലോക മാതൃദിനത്തിൽ പ്രദേശത്തെ അമ്മമാർ ചേർന്ന് കൊയ്തു നൽകി.
കർഷകൻ പുലയംപറമ്പിൽ ബെന്നി മരിച്ചെങ്കിലും അദ്ദേഹം നട്ടുനനച്ചു വളർത്തിയ പുഞ്ചക്കൃഷി വീണ്ടും കാട്ടാനയിറങ്ങി നശിപ്പിക്കാതിരിക്കാനാണു പ്രതികൂല കാലാവസ്ഥയിലും പ്രദേശത്തെ വീട്ടമ്മമാരും സമീപവാസികളായ മറ്റുചില കർഷകരും ചേർന്ന് കൊയ്തു കളത്തിലെത്തിച്ചത്.
കൊയ്ത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് കഴിഞ്ഞ മാസം 19നു കാട്ടാന ബെന്നിയുടെ നെൽക്കൃഷിയിലിറങ്ങിയത്. വയലിലിറങ്ങി നെല്ല് തിന്ന കൊണ്ടിരുന്ന കാട്ടാനയെ തുരത്തുന്നതിനിടെ തിരിഞ്ഞെത്തിയ കാട്ടാനയിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ കമ്പിയിൽ തട്ടി തോട്ടിൽ വീണ ബെന്നി ചികിത്സയ്ക്കിടെയാണു മരിച്ചത്.
രൂക്ഷമായ കാട്ടാന ശല്യം മൂലം 3 കർഷകർ മാത്രമാണു ചീരവയൽ പാടശേഖരത്തിൽ ഇക്കുറി പുഞ്ചക്കൃഷി ഇറക്കിയിരുന്നുള്ളു. ഇതിൽ 2 കർഷകർ കഴിഞ്ഞ ദിവസം നെല്ല് കൊയ്തതോടെ ബെന്നിയുടെ നെല്ല് മാത്രമാണ് കൊയ്യാനുണ്ടായിരുന്നത്.