ജലക്ഷാമം: മുള്ളങ്കണ്ടി ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനം നിലച്ചു; ഡാം തുറക്കണമെന്ന് ആവശ്യം

Mail This Article
പടിഞ്ഞാറത്തറ∙ ശുദ്ധജല ക്ഷാമം രൂക്ഷമായതോടെ ബാണാസുര സാഗർ അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നു വിടണമെന്ന ആവശ്യം ശക്തമാകുന്നു. പുഴയിൽ വെള്ളം വറ്റിയതിനെത്തുടർന്ന് മുള്ളങ്കണ്ടി ശുദ്ധജല വിതരണ പദ്ധതി പ്രവർത്തനം നിലച്ചതാണ് ജലക്ഷാമം രൂക്ഷമാകാൻ കാരണം. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ പ്രദേശം ഒഴികെയുള്ള സ്ഥലങ്ങളിലും തരിയോട് പഞ്ചായത്തിലെ കാവുംമന്ദം ടൗൺ വരെയുള്ള ഭാഗങ്ങളിലും ഇവിടെ നിന്നാണു ശുദ്ധജലം എത്തിക്കുന്നത്.
ദിവസം ശരാശരി 18–20 മണിക്കൂർ പമ്പിങ് നടത്തിയാലേ മുഴുവൻ പ്രദേശങ്ങളിലും ജല വിതരണം സാധ്യമാവുകയുള്ളൂ. നിലവിൽ 6–8 മണിക്കൂർ മാത്രമാണ് പമ്പിങ് നടക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ അതും സാധ്യമാകില്ലെന്നാണ് പമ്പ് ഹൗസ് അധികൃതർ പറയുന്നത്. ഡാമിൽ നിന്ന് വെള്ളം തുറന്നു വിടാൻ നടപടി ഇല്ലാത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഡാം തുറക്കാൻ ഇതുവരെ അറിയിപ്പ് ലഭിച്ചില്ലെന്ന് ഡാം അധികൃതർ പറഞ്ഞു. ഇതിനുള്ള ഉത്തരവ് നൽകേണ്ടത് ദുരന്തനിവാരണ അതോറിറ്റിയാണ്.