ക്യാറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു : 14 പേർക്ക് 100 പെർസന്റൈൽ
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഐഎം) ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ പ്രവേശനത്തിനുള്ള ക്യാറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ 14 പേർ 100 പെർസന്റൈൽ സ്കോർ നേടി. ഇവരെല്ലാം ആൺകുട്ടികളാണ്. 4 പേർ മഹാരാഷ്ട്രയിൽ നിന്നും 2 പേർ തെലങ്കാനയിൽ നിന്നുമാണ്. 14ൽ 11 പേരും എൻജിനീയറിങ് പശ്ചാത്തലമുള്ളവർ.
ഒരു പെൺകുട്ടി ഉൾപ്പെടെ 29 പേർ 99.99 പെർസന്റൈൽ സ്കോർ നേടി. എൻജിനീയറിങ് ബിരുദധാരികളായ 15 പേരാണ് ഇതിൽ ഉൾപ്പെടുന്നത്. കേരളത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ 29 ആൺകുട്ടികൾ 99.98 പെർസന്റൈൽ സ്കോർ സ്വന്തമാക്കി.
കഴിഞ്ഞ മാസം 26നു നടന്ന പരീക്ഷയുടെ ഫലം റെക്കോർഡ് വേഗത്തിലാണു പ്രസിദ്ധീകരിച്ചത്. 3.28 ലക്ഷം പേർ റജിസ്റ്റർ ചെയ്തതിൽ 2.88 ലക്ഷം പേർ പരീക്ഷയെഴുതി. പരീക്ഷയെഴുതിയ 36% പേർ പെൺകുട്ടികളാണ്.
ഓരോ ഐഐഎമ്മുകളും അപേക്ഷകളുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: https://iimcat.ac.in/