ADVERTISEMENT

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സൃഷ്ടിക്കുന്ന പ്രതിസന്ധികളിൽ മുന്നിലാണ് കുടിവെള്ള ക്ഷാമം. വർധിച്ചു വരുന്ന താപനിലയ്ക്കൊപ്പം, കൂടുതൽ കാലം നീണ്ടു നിൽക്കുന്ന വേനൽക്കാലങ്ങൾ കൂടിയാകുമ്പോൾ ശുദ്ധജലക്ഷാമം ലോകത്തിന്റെ എല്ലാ കോണിലും ആശങ്ക വിതയ്ക്കുന്നു. കേരളത്തെത്തന്നെ ഉദാഹരണമായി എടുത്താൽ, കഴിഞ്ഞ മഴക്കാലത്ത് പ്രതീക്ഷിച്ച മഴ ലഭ്യമായെങ്കിലും കുറഞ്ഞ ദിവസം കൊണ്ടാണ് അത്രയും മഴ ലഭിച്ചത്. ഇത് പെട്ടെന്ന് ഒഴുകിമാറുന്നതിനാൽ ഭൂമിയിലേക്കു താഴില്ല. അതുമൂലം ഭൂഗർഭജലശേഖരത്തിന്റെ അളവ് കുറയും. ക്രമേണ ശുദ്ധജലക്ഷാമത്തിനു വഴി വയ്ക്കുകയും ചെയ്യും. 

ഭൂഗർഭജലത്തിന്റെ കുറവും ഇരുമ്പിന്റെ അളവും
ഭൂഗർഭജലത്തിൽ ഉണ്ടാകുന്ന കുറവ് കുടിവെള്ള സ്രോതസ്സുകളിൽ ഇരുമ്പ് ഉൾപ്പടെയുള്ള കട്ടി കൂടിയ ലോഹങ്ങളുടെ അളവു വർധിക്കാൻ കാരണമാകുന്നു. ആ ജലം കുടിക്കാൻ യോഗ്യമല്ലാതായി മാറും. അതുകൊണ്ടാണ് ശുദ്ധജലക്ഷാമം രൂക്ഷമായ ഇടങ്ങളിൽ ജലം ശുദ്ധീകരിച്ച ശേഷം വിതരണം ചെയ്യുന്നതും വീടുകളിൽ ജലശുദ്ധീകരണ യന്ത്രങ്ങൾ സ്ഥാപിക്കുന്നതും.

ഇരുമ്പിന്റെ അംശം ജലത്തിൽ വലിയ അളവിൽ കാരണപ്പെടുന്നത് മറ്റൊരു ബാക്ടീരിയുടെ വർധനവിന് കൂടി കാരണമാകുന്നുണ്ട്. ഇരുമ്പ് തീനി ബാക്ടീരിയ എന്നറിയപ്പെടുന്ന അയൺ ബാക്ടീരിയ ആണിത്. ഭൂഗർഭജലത്തിലും കിണറുകൾ പോലുള്ള ജലസംഭരണികളിലും ഇവയുണ്ട്. ഇരുമ്പ് വസ്തുക്കളിൽ ജലാംശമുണ്ടാകുമ്പോൾ ഉണ്ടാകുന്ന തുരുമ്പും ഇവയുടെ സൃഷ്ടിയാണ്. ഈ ബാക്ടീരിയ ഇരുമ്പ് അല്ലെങ്കിൽ മഗ്നീഷ്യം ഓക്സിജനുമായി സംയോജിപ്പിക്കുമ്പോഴാണ് തുരുമ്പ് രൂപപ്പെടുന്നത്.

ജലാശയങ്ങളിലെ ബാക്ടീരിയ
തുരുമ്പ് രൂപപ്പെടാനുള്ള അതേ പ്രക്രിയ തന്നെയാണ് വെള്ളത്തിലും നടക്കുന്നത്. എന്നാൽ ഇവിടെ അതിസൂക്ഷ്മമായ അവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഇരുമ്പിന്റെ അംശത്തെയാണ് ബാക്ടീരിയ ഭക്ഷിക്കുന്നത് എന്ന് മാത്രം. ഇങ്ങനെ ഭക്ഷിച്ച ശേഷമുള്ള അവശിഷ്ടങ്ങളും നമുക്ക് പലപ്പോഴുംം നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. വെള്ളത്തിനു മുകളിൽ നേർത്ത സുതാര്യമായ പാട പോലെ പൊങ്ങിക്കിടക്കുന്ന ‌വസ്തുക്കൾ ഇരുമ്പിനെ ഭക്ഷണമാക്കിയ ശേഷം ബാക്ടീരിയ പുറത്തുവിടുന്ന അവശിഷ്ടമാണ്. അതുകൊണ്ടാണ് ഇത്തരം പാടയുള്ള ജലം കുടിക്കാൻ യോഗ്യമല്ലാത്തതും.

Photo: spanteldotru/ iStock
Photo: spanteldotru/ iStock

ഇരുമ്പുതീനീ ബാക്ടീരിയ ഉള്ളതു കൊണ്ടല്ല ഇത്തരം ജലം കുടിക്കാൻ യോഗ്യമല്ലാത്തത്. അവ മനുഷ്യർക്ക് ഹാനികരമല്ലാത്ത സൂക്ഷമജീവികളാണ്. മനുഷ്യർക്ക് രോഗങ്ങളോ ആരോഗ്യ പ്രശ്നങ്ങളോ ഉണ്ടാക്കാൻ ഈ ബാക്ടീരിയ കാരണമാകുന്നില്ല. എന്നാൽ ഈ ബാക്ടീരിയയുടെ സാന്നിധ്യം നമുക്കു ഹാനികരമായ പല സൂക്ഷ്മജീവികളുടെയും വളർച്ചയ്ക്ക് കാരണമാകും. അയൺ ബാക്ടീരിയയുടെ സാന്നിധ്യം നൈട്രേറ്റ്, കോളിഫോം ബാക്ടീരിയകളുടെ അളവിൽ വലിയ തോതിൽ വർധനയുണ്ടാക്കും. ഇവ മനുഷ്യശരീരത്തിലെത്തിയാൽ പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കാകും.

ദുർഗന്ധവും ബാക്ടീരിയയും
വെള്ളത്തിന് ഇളം മഞ്ഞയോ തവിട്ടോ നിറമോ ദുർഗന്ധമോ മുകളിൽ പെട്രോളോ എണ്ണയോ ഒഴിച്ചതു പോലുള്ള പാടയോ ഉണ്ടെങ്കിൽ അതിൽ അയൺ ബാക്ടീരിയയുടെ സാന്നിധ്യം വലിയ അളവിലുണ്ടെന്നു മനസ്സിലാക്കാം. പെട്രോളിയത്തിന്റേതിനു സമാനമായ മണമോ ചീഞ്ഞ പച്ചക്കറിയുടെ മണമോ വെള്ളത്തിന് ഉണ്ടാകും. അത്തരം വെള്ളം ലാബിൽ കൊടുത്ത് അയൺ ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കണം. കാരണം അതു കുടിക്കുന്നതും കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഉപയോഗിക്കുന്നതും സുരക്ഷിതം ആകണമെന്നില്ല. ഇത്തരം വെള്ളത്തിൽനിന്ന് ത്വക് രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. അതിനാൽ  അയൺ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചാൽ ആ വെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കണം. നമ്മുടെ നാട്ടിൽ വർഷം തോറും കിണർ തേകിയിരുന്നത് ഈ ശുദ്ധീകരണത്തിന്റെ ഭാഗമായാണ്. കാരണം ഇലകളും മറ്റ് ജൈവ വസ്തുക്കളും കിണറ്റിലേക്ക് വീണ് ചീയുന്നതും ജലത്തിലെ ഇരുമ്പിന്റെ അംശം വർധിക്കാൻ കാരണമാകും.

Phot Credit: istockphoto/Umesh Negi
Phot Credit: istockphoto/Umesh Negi

വെള്ളത്തിലെ ഇരുമ്പിന്റെ അളവ്
വെള്ളത്തിൽ ഒരു പരിധി വരെ ഇരുമ്പ് ഉൾപ്പടെയുള്ള ലോഹങ്ങളുടെയും ധാതുക്കളുടെയും സാന്നിധ്യം ആവശ്യമാണ്. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡിന്റെ മാനദണ്ഡമനുസരിച്ച്, കുടിവെള്ളത്തില്‍ അനുവദനീയമായ ഇരുമ്പിന്റെ അംശം 1.0 മില്ലഗ്രാം/ലീറ്റര്‍ ആണ്. ഇതുപോലെ ഓരോ ലോഹവും ധാതുവും നിശ്ചിത അളവിൽ വെള്ളത്തിൽ ഉള്ളത് നല്ലതാണ്. എന്നാൽ ജലക്ഷാമം രൂക്ഷമാകുമ്പോൾ വെള്ളത്തിന്റെ അളവ് കുറയുകയും ഈ ധാതുക്കളുടെ അളവ് അതേ പോലെ തുടരുകയും ചെയ്യുമ്പോളാണ് പ്രതിസന്ധി ഉടലെടുക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com