ADVERTISEMENT

പാമ്പുകൾക്കായുള്ള ആപ് പാമ്പുകൾക്കും ആളുകൾക്കും രക്ഷയാകുന്നു. പാമ്പുകളുടെ സംരക്ഷണവും അവയെ സംബന്ധിച്ച് ബോധവൽ‍ക്കരണവും ലക്ഷ്യമിട്ടു വനം വകുപ്പ് രൂപം നൽകിയ ‘സർപ്പ’ ആപ് ഉപയോഗിക്കുന്നവരുടെ എണ്ണം 17,000 കടന്നു. ജനുവരി ഒന്നു മുതലുള്ള കണക്കു പ്രകാരം, ജനവാസ കേന്ദ്രത്തിലിറങ്ങിയ 3,284 പാമ്പുക‍ളെയാണു വനം വകുപ്പ് രക്ഷിച്ച് വനമേഖലയിൽ തുറന്നു വിട്ടത്. ആപ് ഇതിന് ഏറെ പ്രയോജനപ്പെട്ടു.

വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ വികസിപ്പിച്ച  സർപ്പ ആപ് (സ്‍നേക് അവ‍യർനസ് റെസ്ക്യു ആൻഡ് പ്രൊട്ട‍ക‍്ഷൻ ആപ്, SARPA) പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. വീട്ടിലോ പരിസരത്തോ അപകടകരമായി പാമ്പിനെ കണ്ടാൽ ആപ് ഉപയോഗിച്ച് പാമ്പുരക്ഷകരെ ബന്ധപ്പെടാം. എവിടെയാണ് പാമ്പിനെ കണ്ടത്, ആർക്കെങ്കിലും പാമ്പു കടിയേറ്റിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും വനംവകുപ്പിനെ അറിയിക്കാം. മൊബൈൽ ഫോണിൽ ലൊക്കേഷൻ ഓണാ‍ക്കിയ ശേഷം പാമ്പിന്റെ ചിത്രം എടുത്ത് അപ്‌ലോഡ് ചെയ്യണം. പടം ഇല്ലെങ്കിലും പ്രശ്നമില്ല. വിദഗ്ധ പരിശീലനം ലഭിച്ചവർ ഉടനെ സ്ഥലത്തെത്തി പാമ്പിനെ പിടിക്കും.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമുള്ള ലൈസൻസ്ഡ് പാമ്പ് രക്ഷകരുടെ ഫോൺ നമ്പർ, ഇ മെയിൽ വിലാസം, ഏറ്റവും അടുത്തുള്ള പാമ്പുരക്ഷകർ തുടങ്ങിയ വിവരങ്ങളും ആപ്പിൽ ലഭിക്കും. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സ്ഥലത്തെത്തി നടപടി സ്വീകരിക്കും.  ഫീസ് ഈടാക്കാതെയാണ് പ്രവർത്തിക്കുന്നത്. ലൈസൻസ്ഡ് പാമ്പുപിടിത്തക്കാരിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും വനിതകളും ഉണ്ട്. 2800 രൂപ വിലവരുന്ന ഉപകരണങ്ങൾ ഉൾപ്പെടുന്ന കിറ്റ് ഇവർ ഓരോരുത്തർക്കും വനംവകുപ്പ് സൗജന്യമായി നൽകിയിട്ടുണ്ട്.

പരിശീലനം നേടിയവർ ആയിരത്തിലധികം

പാമ്പുപിടിത്തത്തിൽ ആയിരത്തിലധികം പേർക്ക് ഇതുവരെ വനം വകുപ്പ് പരിശീലനം നൽകി. ട്രെയിനിങ്ങിനു ശേഷം പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യമനുസരിച്ചാണ് ലൈസൻസ് നൽകുന്നത്. ഇതിൽ വനം വകുപ്പ് ജീവനക്കാരും വൊളന്റിയേഴ്സും ഉൾപ്പെടുന്നു. ഇതിൽ 850 പേർക്ക് അംഗീകൃത സർട്ടിഫിക്കറ്റു‍ണ്ടെന്ന് അരിപ്പ ഫോറസ്റ്റ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നാണ് കൂടുതൽ ആളുകൾ റജിസ്റ്റർ ചെയ്തിരിക്കുന്നത്.132 ലൈസൻസ്ഡ് പാമ്പ് രക്ഷകരാണ് മലപ്പുറത്തുള്ളത്. 2020 ഓഗസ്റ്റിലാണ് ‘സർപ്പ’  ലോഞ്ച് ചെയ്തത്. ആദ്യ വർഷം പത്തിൽ താഴെ പാമ്പുകളെ മാത്രമാണ് പിടിച്ചത്.

സൂക്ഷിക്കേണ്ടത് ഇവരെ

സംസ്ഥാനത്ത് 114 ഇനം പാമ്പു‍കളാണുള്ളത്. അതിൽ 10 എണ്ണമാണ് മനുഷ്യജീവന് അപകട‍കരം.   മൂർഖൻ, വെള്ളിക്കെട്ടൻ, അണലി (ചേനത്തണ്ടൻ), ചുരുട്ട മണ്ഡലി എന്നിങ്ങനെ നാലിനത്തിൽപെട്ട പാമ്പുകളെയാണ് ഏറ്റവും അപകടകാരികളായി കണക്കാക്കുന്നത്. ഇവയുടെ കടി‍യേറ്റുള്ള മരണവും സംസ്ഥാനത്ത് കൂടുതലാണ്.   കടിച്ച പാമ്പ് ഏതാണെന്നറിയാൻ സാധിക്കാറില്ലാത്തതിനാൽ ഈ നാലിനം പാമ്പുകൾക്കും എതിരെ പ്രവർത്തിക്കുന്ന  പ്രതിവിഷ മിശ്രിതമാണ് (ആന്റിവെനം) ഉപയോഗിക്കുന്നത്.

സംസ്ഥാനത്തു ജനവാസമേഖലയിൽ കൂടുതലായും എത്തുന്നതു മൂർ‍ഖനും പെരുമ്പാ‍മ്പുമാണെന്ന് വനം വകുപ്പ് അധികൃതർ പറയുന്നു. രാജവെമ്പാ‍ലയും ഇപ്പോൾ കൂടുതലായി കാണുന്നു. വനം വകുപ്പ് ഇടപെട്ടു രക്ഷിച്ച് വനമേഖലയിൽ തുറന്നു വിട്ടതിൽ 1110 എണ്ണവും മൂർഖ‍നായിരുന്നു. പെരുമ്പാമ്പ് 549, അണലി 203, ചേര 388 എന്നിങ്ങനെയാണു ബാക്കിയുള്ളവ. എന്തായാലും ഇവരെത്തിയാൽ എന്തു ചെയ്യും എന്ന ആധി വേണ്ട. സർപ്പ ആണു മറുപടി. ഡൗൺലോഡ് ചെയ്യാം, സെക്കൻഡുകൾ കൊണ്ട് വനം വകുപ്പിനെ വിവരമറിയിക്കാം.

English Summary: Snake Awareness Rescue and Protection App will rush snake rescuers to the spot

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com